സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ എപ്പോഴും വില ഉയര്‍ന്ന് നില്‍ക്കുന്ന ഒന്നാണ് ചേന. മിക്കപ്പോഴും കിലോയ്‌ക്ക് 80 രൂപ മുതല്‍ 100 രൂപ വരെയാണ് ഇതിന് വിലയുണ്ടാകുക. കുംഭമാസമാണ് ചേന കൃഷിയിറക്കാന്‍ ഉത്തമം. അതായത് ഫെബ്രുവരി പകുതിയോടെ. അതും കുംഭമാസത്തിലെ വെളുത്ത വാവ് ദിനത്തിലാണ് ചേന നടേണ്ടത്. ഈ ദിനം തന്നെയാണ് കര്‍ഷകര്‍ ചേന നടാന്‍ തെരഞ്ഞെടുക്കുന്നതും.
കുംഭത്തില്‍ ചേന നട്ടാല്‍ മീനം കഴിഞ്ഞ് മേടം എത്തുമ്പോഴേക്കും ഇത് മുളച്ച് പൊന്തും. ഇതിന് കാരണം കറുത്ത വാവിന് ലഭിക്കുന്ന നല്ല മഴയാണ്. കറുത്ത വാവില്‍ ലഭിക്കുന്ന മഴ വേണ്ടുവോളം കിട്ടിയാല്‍ നല്ല കരുത്തോടെ തന്നെ ചേന മുളയ്‌ക്കും.
Elephant Foot Yam (Getty) കുംഭത്തില്‍ ചേന നടുന്നതാണ് ഉത്തമം. ഈ സമയത്ത് ചേന നട്ടാല്‍ അത് ഉണങ്ങി പോകില്ലെന്ന് പഴമക്കാര്‍ പറയാറുണ്ട്. എന്നാലിന്ന് കാലാവസ്ഥയില്‍ മാറ്റങ്ങള്‍ നിരവധി ഉണ്ടായത് കൊണ്ട് ഏത് കാലാവസ്ഥയിലും എന്ത് വേണമെങ്കിലും നടാം എന്ന അവസ്ഥയാണുള്ളത്.
കുംഭം അല്ലാത്ത മാസങ്ങളിലും ചേന കൃഷിയിറക്കുന്നവരുണ്ട്. ജലസേചന സൗകര്യം ഉണ്ടെങ്കില്‍ അത്തരത്തില്‍ കൃഷിയിറക്കുന്നതില്‍ കുഴപ്പമില്ല. ഓണ വിപണി മുന്നില്‍ കണ്ട് ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കൃഷിയിറക്കുന്നവരും കുറവല്ല.
Elephant Foot Yam Plant. (Getty) ചേന കൃഷിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
- നല്ല വായു സഞ്ചാരമുള്ള വളക്കൂറുള്ള മണ്ണ് വേണം ചേന കൃഷിക്കായി തെരഞ്ഞെടുക്കാന്‍.
- വെള്ളക്കെട്ടില്ലാത്ത സ്ഥലമാണെന്ന് ഉറപ്പ് വരുത്തണം.
- തനി വിളയായോ ഇടവിളയായോ ചേന കൃഷി ചെയ്യാം.
നടീലിലും വേണം കണക്കുകള്‍:വെറുതെ ഒരു കുഴിയെടുത്ത് ചേന നട്ടാല്‍ കരുതും പോലെ വിളവ് ലഭിക്കില്ല. കുഴിയെടുക്കുന്നതില്‍ നിരവധി കാര്യങ്ങളുണ്ട് ശ്രദ്ധിക്കാന്‍. 60 സെന്‍റീമീറ്റര്‍ നീളത്തിലും വീതിയിലുമാണ് ചേന നടാന്‍ കുഴിയെടുക്കേണ്ടത്. ഈ കുഴിക്ക് 45 സെന്‍റീമീറ്റര്‍ ആഴവും ഉണ്ടായിരിക്കണം. ഓരോ കുഴികളും തമ്മില്‍ 90 സെന്‍റീമീറ്റര്‍ അകലവും വേണം.
വളപ്രയോഗം അറിഞ്ഞ് വേണം:2.5 കിലോഗ്രാം കമ്പോസ്റ്റ്/ചാണകം/ ചാരം ഇവയില്‍ ഏതെങ്കിലും ഒന്ന് മേല്‍ മണ്ണുമായി കലര്‍ത്തി കുഴികള്‍ നിറയ്‌ക്കണം. എന്നിട്ട് അതില്‍ വേണം ചേന നടാന്‍. ഈ കുഴികളില്‍ ഡൈക്കോഡര്‍മ ചേര്‍ക്കുന്നത് വിളകള്‍ക്ക് ഗുണം ചെയ്യും. ഇത് വിളവുകളുടെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും.
ചേന നടുന്നതിന് മുമ്പ് നടാനുള്ള കിഴങ്ങുകള്‍ സ്യൂഡോമോണസ് ലായനിയില്‍ മുക്കി 12 മണിക്കൂര്‍ തണലില്‍ വച്ച് ഉണക്കിയെടുക്കണം. കൂടുതല്‍ നല്ല വിളവ് പ്രതീക്ഷിച്ചാണ് ഇത്തരത്തില്‍ ചെയ്യുന്നത്. ഇനി സ്യൂഡോമോണസ് ലായനി ഇല്ലെങ്കില്‍ അല്‍പം ചാണക വെള്ളത്തില്‍ മുക്കി ഉണക്കിയെടുത്താലും മതിയാകും. ഇത് വേഗത്തില്‍ മുളപൊട്ടുന്നതിന് ചേനയെ സഹായിക്കും. ഇനി ഇവ രണ്ടും ലഭ്യമല്ലാത്ത സാഹചര്യമാണെങ്കില്‍ മഞ്ഞള്‍പ്പൊടി ലായനിയോ കറിയുപ്പ് ലായനിയോ ഇതിനായി ഉപയോഗിക്കാം.
Elephant Foot Yam Plants. (ETV Bharat) ലായനികളില്‍ മുക്കി ഉണക്കി വച്ച ചേന കുഴിയുടെ നടുവിലാണ് നടേണ്ടത്. കുഴിയുടെ നടുകില്‍ നട്ടതിന് ശേഷം മണ്ണിട്ട് മൂടണം. ശേഷം അതിന് മുകളില്‍ പുതയിടണം. വേനലിലെ കടുത്ത ചൂടിനെ പ്രതിരോധിക്കാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. പുതയിടുകയെന്നാല്‍ മണ്ണിലെ ജലാംശം നിലനിര്‍ത്താനായി കുഴിയുടെ മുകളില്‍ കരിയില കൂടുതലായി വിതറിയിടുന്നതിനെയാണ് പുതയിടുകയെന്ന് പറയുന്നത്.
കുംഭത്തില്‍ ചേന നട്ട് കുറച്ച് നാള്‍ കഴിയുമ്പോള്‍ മഴയെത്തും. ഇതിന്‍റെ ആരംഭത്തില്‍ കമ്പോസ്റ്റ്, ചാണകം, കോഴി കാഷ്‌ഠം, പച്ചിലവളം എന്നിവയാണ് ചേനയ്‌ക്ക് വളമായി നല്‍കേണ്ടത്. ഇതിനെല്ലാം ഒപ്പം കടലപ്പിണ്ണാക്കും ചേര്‍ത്ത് വളമായി നല്‍കാം. ചേനയില്‍ നിന്നും മുള പൊട്ടിയാല്‍ അതിന്‍റെ തണ്ടും മണ്ണും ചേരുന്ന ഭാഗത്ത് അഴുകല്‍ രോഗം ബാധിക്കാന്‍ സാധ്യതയുണ്ട്. ഇത് തടയാനായി സ്യൂഡോമോണസ് ലായനി പ്രയോഗിക്കാം.
ചേന നട്ടത് തനിവിളയായിട്ടാണെങ്കില്‍ ഇടയില്‍ അല്‍പം പയറും നടാവുന്നതാണ്. പയര്‍ നടുകയാണെങ്കില്‍ വിളവെടുപ്പിന് ശേഷം അതിന്‍റെ വള്ളികളെല്ലാം അവിടെ തന്നെ ഉപേക്ഷിക്കാം. ഇത് മണ്ണിന്‍റെ ഫലഭൂയിഷ്‌ഠി മെച്ചപ്പെടുത്താന്‍ സഹായകരമാകും. ചേന നട്ട് കഴിഞ്ഞാല്‍ 8 മുതല്‍ 9 മാസത്തിന് ശേഷം അത് വിളവെടുക്കാം.
Elephant Foot Yam Farming. (ETV Bharat) ഡിസംബറിലും നടാം എന്നാല്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍:സാധാരണ ചേന നടാന്‍ നല്ലത് കുംഭമാസമാണ്. എന്നാല്‍ ഡിസംബറിലും ജനുവരി തുടക്കത്തിലും ഇത് നടാവുന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ കൃഷി ചെയ്യണമെങ്കില്‍ കുറച്ച് കൂടി കരുതല്‍ വേണം. കുംഭത്തില്‍ നടുമ്പോള്‍ ഒരു ദിവസം ചാണക ലായനിയില്‍ മുക്കി വച്ച് ഉണക്കിയാണ് നടുന്നത്. എന്നാല്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നടണമെങ്കില്‍ ഒന്നോ രണ്ടോ ദിവസം ചാണക ലായനിയില്‍ മുക്കിവച്ച് മുളപൊട്ടിയതിന് ശേഷം വേണം നടാനായിട്ട്.
ചാണക ലായനിയില്‍ മുക്കിവച്ച് മുളപൊട്ടിയാല്‍ അതെടുത്ത് കമഴ്‌ത്തിവച്ച് പുക കൊള്ളിക്കണം. അതിന് ശേഷമാണ് ചേന നടേണ്ടത്. ഇനിയിപ്പോ കുഴിയെടുക്കുമ്പോള്‍ ഒരു തൂമ്പക്കൈ അകലം കുഴികള്‍ തമ്മില്‍ വേണമെന്നാണ് പറയാറ്. പഴയ കാലങ്ങളില്‍ കുഴിയെടുത്ത് ചേന വിത്ത് നടും ശേഷം അതിന് മുകളില്‍ ചാണക പൊടി വിതറും. ശേഷം അല്‍പം കരിയില വിതറി അതിന് മുകളില്‍ തെങ്ങിന്‍ പട്ട ചെറുതായി മുറിച്ച് വയ്‌ക്കും. കരിയിലകള്‍ കാറ്റില്‍ പറന്ന് പോകാതിരിക്കാന്‍ ഇത് സഹായകരമാകും.
Elephant Foot Yam Cultivation. (ETV Bharat) കുംഭത്തിൽ നട്ടാൽ കുടത്തോളം, മീനത്തിലായാൽ മീൻ കണ്ണോളം എന്നാണ് പഴമൊഴി. ഇത് ഓരോ മാസത്തിലും കൃഷിയിറക്കുമ്പോള്‍ അതിന്‍റെ വിളവിനെ സൂചിപ്പിക്കുന്നതാണ്. എന്നാല്‍ മേടം പത്തിന് ചേന നടുന്നവരും ഉണ്ട്. ഏത് മാസങ്ങളില്‍ നട്ടാലും പന്നി ശല്യമാണ് ചേന കൃഷിക്ക് മറ്റൊരു വെല്ലുവിളിയാകുന്നത്. അതിന് തടയിടാനുള്ള മാര്‍ഗങ്ങളും ഒരുക്കണം.
Also Read:മഹാരാഷ്ട്രയിലെ ആദിവാസി കർഷകർക്കായി ഓയിസ്റ്റർ വിത്തുകൾ ഉത്പാദിപ്പിച്ച് സിഎംഎഫ്ആർഐ