ഇടുക്കി: രാജാക്കാട് 17 ലിറ്റർ വാറ്റ് ചാരായവും 400 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി എക്സൈസ് സംഘം. രാജാക്കാട് കച്ചിറപാലം ഭാഗത്ത് നടത്തിയ സ്‌പെഷ്യൽ പരിശോധനയിലാണ് വാറ്റ് ചാരായവും, കോടയും, വാറ്റുപകരണങ്ങളും പിടികൂടിയത്. സംഭവത്തിൽ കച്ചറപ്പാലം കൊല്ലിയിൽ സജീവന്‍റെ പേരിൽ എക്സൈസ് കേസെടുത്തിട്ടുണ്ട്.
ഓടി രക്ഷപ്പെട്ട സജീവന്‍റെ മൊബൈൽ ഫോണും പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായാണ് ഇടുക്കിയിൽ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പരിശോധന നടത്തിയയത്.
മദ്യ മോഷ്‌ടാവ് പിടിയില്‍:അതേസമയം കൊല്ലം ജില്ലയിലെ സർക്കാർ മദ്യ വില്‌പനശാലയിൽ മദ്യം മോഷ്‌ടിക്കാൻ ശ്രമിച്ച ആളെ പൊലീസ് പിടികൂടി. എറണാകുളം സ്വദേശിയായ മനുവിനെയാണ് ചിന്നക്കട ആശ്രാമം സ്‌റ്റേഡിയത്തിന് മുന്നിലെ സർക്കാർ മദ്യ വില്‌പന പ്രീമിയം കൗണ്ടറിൽ നിന്ന് മദ്യം മോഷ്‌ടിക്കാൻ ശ്രമിച്ചതിന് പൊലീസ് പിടികൂടിയത്.
Also read :കൊല്ലത്തെ പ്രീമിയം കൗണ്ടറിൽ നിന്ന് മദ്യം മോഷ്‌ടിക്കാൻ ശ്രമം; എറണാകുളം സ്വദേശി പിടിയില്‍
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതി പ്രീമിയം കൗണ്ടറിൽ എത്തി മദ്യക്കുപ്പികൾ എടുക്കുകയും, എടിഎം കാർഡ് നൽകി അത് പ്രവര്‍ത്തിക്കാത്തതിനാല്‍ താൻ എടിഎമ്മിൽ പോയി പണം എടുത്തുകൊണ്ട് വരാമെന്ന് പറഞ്ഞ് മുങ്ങുകയുമായിരുന്നു പതിവ്. ദിവസവും ജീവനക്കാർ കണക്കെടുക്കുമ്പോൾ മദ്യത്തിന്‍റെ എണ്ണത്തിൽ കുറവ് വന്നതിനെ തുടർന്ന് സിസിടിവി പരിശോധിച്ചു. സി സി ടി വി ദൃശ്യങ്ങളിൽ ഇയാൾ തുടർച്ചയായി ഇവിടെ എത്തി മദ്യം കടത്തിക്കൊണ്ടുപോകുന്നതായി കണ്ടെത്തി.