വോട്ടര്‍ പട്ടിക കലക്‌ടര്‍ ഉറക്കെ വായിച്ചു, രാജ്യത്ത് ആദ്യമായി തെരഞ്ഞെടുപ്പിന് വേറിട്ട മാതൃകയുമായി കാസർകോട് കാസർകോട് : രാജ്യത്തിന് തന്നെ മാതൃകയായി തെരഞ്ഞെടുപ്പു ഗ്രാമസഭ അവതരിപ്പിച്ച് കാസർകോട്.
കാസർകോട് പാർലമെന്‍റ് മണ്ഡലത്തിലെ മുഴുവൻ പോളിങ് ബുത്തുകളിലും തെരഞ്ഞെടുപ്പ് ഗ്രാമസഭ ചേർന്ന് ബൂത്ത് ലവൽ ഓഫിസർമാർ വോട്ടർ പട്ടിക ഉറക്കെ വായിക്കുന്നതാണ് പുതിയ ആശയം .വോട്ടർ പട്ടിക ശുചീകരണത്തിന് വീടുകൾ കയറിയുള്ള നടപടി ക്രമങ്ങൾ മാറി വ്യത്യസ്‌തവും നൂതനവുമായ ആശയത്തിനാണ്
കാസർകോട് തുടക്കമായത്.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പഞ്ചായത്ത് അധികൃതരും അവ ശ്രവിച്ച് ആവശ്യമായ തിരുത്തലുകളും പരാതികളും നിർദേശിക്കും. തെരഞ്ഞെടുപ്പ് ഗ്രാമസഭയുടെ ജില്ലാതല ഉദ്ഘാടനം ഷിറിയ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ജില്ലാ കലക്‌ടർ കെ.ഇമ്പശേഖർ നിര്‍വ്വഹിച്ചു. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 15ആം വാര്‍ഡായ ഷിറിയയിലെ 101ആം ബൂത്തിലെ വോട്ടര്‍ പട്ടിക ജില്ലാ കലക്‌ടര്‍ ഉറക്കെ വായിച്ചു.
ജില്ലയില്‍ വിവിധ ഘട്ടങ്ങളിലായി വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വോട്ടര്‍ പട്ടികയില്‍ പേരുള്ള എല്ലാവരും വോട്ട് ചെയ്യണമെന്നും കലക്‌ടര്‍ പറഞ്ഞു. വോട്ടർ പട്ടികയിൽ തെറ്റുകൾ കണ്ടെത്തുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും ഇലക്ഷൻ ഗ്രാമസഭയിൽ പങ്കെടുക്കാൻ പോളിംഗ് സ്റ്റേഷനിലെ മുഴുവൻ ആളുകളും അറിയുന്നതിന് ഉറക്കെ വായിച്ചാണ് വോട്ടർ പട്ടിക ശുദ്ധീകരണം ഉറപ്പുവരുത്തുന്നത്.
കേരളത്തിൽ എവിടെയും ഇത്തരമൊരു പദ്ധതി ഉണ്ടായിട്ടില്ല. വോട്ടർപട്ടിക ശുദ്ധീകരണ യജ്ഞത്തിന്‍റെ അവസാനഘട്ട പ്രവർത്തനമായാണു ഗ്രാമസഭ ചേരുന്നത്. കാസർകോട് പാർലമെന്‍റ് മണ്ഡലങ്ങളിലെ 7 നിയമസഭാ മണ്ഡല പരിധികളിലും അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസർമാർക്കാണു ഗ്രാമസഭകൾ സംഘടിപ്പിക്കുന്നതിന്‍റെ ചുമതല. പൊതുജനങ്ങൾക്കും പോളിങ് സ്റ്റേഷനിലെത്തി വോട്ടർപട്ടിക ശുദ്ധീകരണത്തിൽ പങ്കാളികളാകാം.
എല്ലാ പോളിങ് സ്റ്റേഷനുകളിലും ഗ്രാമസഭയിൽ ബൂത്ത് ലവൽ ഓഫിസർമാർമാരാണു വോട്ടർപട്ടിക ഉറക്കെ വായിക്കുക. കൂട്ടിച്ചേർക്കാനും ഒഴിവാക്കാനുമുള്ളവ ശ്രദ്ധയിൽപ്പെടുമ്പോൾ അവിടെനിന്നു തന്നെ ഫോം 6, 7, 8 എന്നിവ പൂരിപ്പിച്ച് ബിഎൽഒമാരെ ഏൽപിക്കും. എൽഎസ്‌ജിഡി ജോയിന്‍റ് ഡയറക്‌ടർ, സബ് കലക്‌ടർ, ആർഡിഒ, എആർഒമാർ, ഇആർഒമാർ, സ്വീപ്പ് നോഡൽ ഓഫിസർ എന്നിവർ ഗ്രാമസഭയ്ക്കു നേതൃത്വം നൽകും. പൊതുജനങ്ങളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും പരമാവധി അവസരം ഉപയോഗപ്പെടുത്തണമെന്ന് കലക്‌ടർ അഭ്യർഥിച്ചു. രാജ്യത്തെവിടെയും ഇത്തരം ഒരു പദ്ധതി നടന്നതായി നിലവിൽ അറിവില്ലെന്നു കലക്‌ടർ പറഞ്ഞു.