കാസർകോട്: തെരഞ്ഞെടുപ്പ് ഏതായാലും പ്രചാരണങ്ങളിൽ സ്ഥാനാർഥികൾക്കൊപ്പം ഒരു ഇന്നോവ ക്രിസ്റ്റ വണ്ടി മുന്നിലുണ്ടാകും. കെഎൽ 14 ടി 89 നേതാക്കൾക്കും കാസർകോടുകാർക്കും ഏറെ സുപരിചിതമാണ് ഈ വണ്ടിയും നമ്പറും. എല്ലാ തെരെഞ്ഞെടുപ്പിലും ഈ വണ്ടി ഉണ്ടല്ലോ എന്ന് ആരെങ്കിലും ചോദിച്ചാൽ കാസർകോടുകാർ പറയും ഇത് നമ്മളെ റദ്ദൂച്ചയുടെ വണ്ടി ആണെന്ന്.
ഈ വണ്ടിക്കും നമ്പറിനും പിന്നിൽ ഒരു കഥയുണ്ട്. 2016 നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു പിബി അബ്‌ദുൾ റസാഖ് എന്ന കാസർകോട്ടുകാരുടെ റദ്ദൂച്ച. എൽഡിഎഫിനായി സിഎച്ച് കുഞ്ഞമ്പുവും എൻഡിഎയ്ക്കായി നിലവിലെ ബിജെപി പ്രസിഡന്‍റ് കെ സുരേന്ദ്രനുമായിരുന്നു കളത്തിലിറങ്ങിയത്. മണ്ഡലത്തിൽ പൊതുവേ ഉണ്ടായിരുന്ന ഭരണവിരുദ്ധ വികാരവും മുഖ്യ എതിരാളി കെ സുരേന്ദ്രൻ ഉയർത്തിയ കനത്ത വെല്ലുവിളിയെയും മറികടന്നാണ് പിബി അബ്‌ദുൾ റസാഖ് 2016 ൽ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് രണ്ടാമതും ജയിച്ചു കയറിയത്.
അങ്ങനെ അദ്ദേഹത്തിനത് മറക്കാൻപറ്റാത്ത തെരഞ്ഞടുപ്പ് അനുഭവമായി. 89 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് അബ്‌ദുൾ റസാഖ് അന്ന് ജയിച്ചത്. അതുകൊണ്ട് ആ നമ്പർ തന്നെ പുതിയ ഇന്നോവ കാറിനും നൽകി. 2018 ഒക്ടോബർ 20-ന് മരിക്കുന്നതുവരെ ഈ കാറിലായിരുന്നു അദ്ദേഹത്തിന്‍റെ യാത്ര.