വിദ്യാഭ്യാസ വകുപ്പിന്‍റെ ദക്ഷിണ മേഖല ഫയൽ അദാലത്ത് (ETV Bharat) കൊല്ലം :പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ ദക്ഷിണ മേഖല ഫയൽ അദാലത്ത് കൊല്ലം സെൻ്റ് അലോഷ്യസ് ഹയർ സെക്കന്‍ഡറി സ്‌കൂളിൽ നടന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സെക്കന്‍ഡറി, ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി വിഭാഗങ്ങളിൽ 2023 ഡിസംബർ 31 വരെ ലഭ്യമായതും തീർപ്പാക്കാത്തതുമായ അപേക്ഷകളിന്മേലാണ് അദാലത്ത് സംഘടിപ്പിച്ചത്.
പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്‌തു. ഫയലുകളുടെ മേൽ അടയിരിക്കുന്നത് ഒഴിവാക്കും. ഒരോ ഫയലും ഒരോ ജീവിതങ്ങളാണെന്നും അത് വളരെ വേഗം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭാസ മേഖലയിലെ പ്രശ്‌നങ്ങൾ വളരെ വേഗം പരിഹരിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
അദാലത്തിൽ സുജിത്ത് വിജയൻപിള്ള എംഎൽഎ ആയിരുന്നു അധ്യക്ഷൻ. ജയലാൽ എംഎൽഎ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഗോപൻ, കലക്‌ടർ എൻ ദേവീദാസ്, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭാസ ഡയറക്‌ടർ എസ് ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു. വിവിധ നിയമന ഉത്തരവും അദാലത്ത് വിതരണം ചെയ്‌തു.
സെക്കന്‍ഡറി വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിൽ ആകെ 263 അപേക്ഷകളും കൊല്ലം ജില്ലയിൽ ആകെ 253 അപേക്ഷകളും പത്തനംതിട്ട ജില്ലയിൽ 161 അപേക്ഷകളും ആലപ്പുഴ ജില്ലയിൽ 117 അപേക്ഷകളുമാണ് അദാലത്തിനായി ലഭിച്ചത്. ഹയർസെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ തിരുവനന്തപുരം മേഖലയിൽ 132 അപേക്ഷകളും ചെങ്ങന്നൂർ മേഖലയിൽ 64 അപേക്ഷകളും ലഭ്യമായിട്ടുണ്ട്.
Also Read:'കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കും, ചില ഉദ്യോഗസ്ഥരുടെ പതിവ് രോഗ ലക്ഷണമായി കാണണം': വി.ശിവന്‍കുട്ടി