ശ്രീനഗർ: ദച്ചിഗാം മേഖലയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഗംഗാഗീറിലെ ടണൽ നിർമാണം നടക്കുന്ന സ്ഥലത്തുണ്ടായ ആക്രമണത്തിൽ പങ്കുള്ള ലഷ്‌കർ-ഇ-തൊയ്ബ ഭീകരനെന്ന് ഇന്ത്യന്‍ സൈന്യം. ദച്ചിഗാം വനമേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരന്‍ ജുനൈദ് അഹമ്മദ് ഭട്ട് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഒക്‌ടോബറിലാണ് ജമ്മു കശ്‌മീരിലെ ഗഗാംഗീറിൽ തുരങ്കനിർമാണ സ്ഥലത്തിന് സമീപം ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു ഡോക്‌ടറും ആറ് തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്‌ച രാത്രിയാണ് സുരക്ഷാ സേന ദച്ചിഗാമിന്‍റെ മുകൾ ഭാഗത്ത് കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ ആരംഭിച്ചത്. സുരക്ഷാ സേനയുടെ തെരച്ചിൽ സംഘത്തിന് നേരെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ജുനൈദ് അഹമ്മദ് ഭട്ട് എൽഇടി കാറ്റഗറി എ വിഭാഗത്തില്‍പ്പെട്ട ഭീകരനാണെന്ന് തിരിച്ചറിഞ്ഞതായി കശ്‌മീർ സോൺ പൊലീസ് പറഞ്ഞു. ഗഗാംഗീർ, ഗന്ദർബാൽ എന്നിവിടങ്ങളിലെ നിരവധി സിവിലിയൻ കൊലപാതകങ്ങളിലും ഭീകരാക്രമണങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും കശ്‌മീർ സോൺ പൊലീസ് പറഞ്ഞു.