ഉപ്പില്ലാത്ത ഭക്ഷണം കഴിക്കുന്നത് ചിന്തിക്കാൻ പോലും പറ്റാത്തവരാണ് നമ്മൾ. ശരീരത്തിന്‍റെ ശരിയായ പ്രവർത്തനത്തിന് ഉപ്പ് അത്യന്താപേക്ഷിതമാണ്. എന്നാൽ ഉപ്പിന്‍റെ അമിത ഉപയോഗം പല പ്രശ്‌നങ്ങൾക്കും കാരണമാകും. അതിനാൽ മിതമായ അളവിൽ മാത്രമേ ഉപ്പ് ഉയോഗിക്കാൻ പാടുള്ളൂ. ഉപ്പിൽ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് സോഡിയം. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കാൻ ഇടയാക്കും. കൂടാതെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ, അകാല മരണം തുടങ്ങിയവയ്ക്കുള്ള സാധ്യത വർധിപ്പിക്കാനും ഇത് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനാ പറയുന്നു. ഉപ്പിന്‍റെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ എന്തൊക്കെയെന്ന് അറിയാം.
ഉയർന്ന രക്തസമ്മർദ്ദം
ഉപ്പിൽ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. അതിനാൽ ഉപ്പിന്‍റെ അമിത ഉപയോഗം രക്തസമ്മർദ്ദം ഉയരാൻ കാരണമാകും. ഹൃദസംബന്ധമായ അസുഖങ്ങളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യും. അതിനാൽ ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുക.
വൃക്ക രോഗം
ഉയർന്ന അളവിൽ ഉപ്പ് കഴിക്കുന്നത് വൃക്ക തകരാറിലാകാൻ കാരണമാകുമെന്ന് അമേരിക്കൻ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. സോഡിയത്തിന്‍റെ അളവ് നിയന്ത്രിക്കുന്നത് വൃക്കകളാണ്. അതിനാൽ സോഡിയത്തിന്‍റെ അളവ് കൂടുമ്പോൾ ഇത് ഫിൽറ്റർ ചെയ്യുന്നതിമായി വൃക്കകൾ കൂടുതൽ സമയം പ്രവർത്തിക്കേണ്ടി വരും. ഇത് വൃക്കകൾക്ക് അധിക ആയാസം ഉണ്ടാക്കുകയും കാലക്രമേണ ഇതിന്‍റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും.
എല്ലുകളുടെ ആരോഗ്യം
എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ വളരെ പ്രധാനമായ ഒന്നാണ് കാത്സ്യം. ഉപ്പിന്‍റെ അമിത ഉപയോഗം മൂത്രത്തിലൂടെ കാൽസ്യം നഷ്‌ടപ്പെടുന്നതിന് കാരണമാകുമെന്ന് അമേരിക്കൻ ജേർണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഇത് എല്ലുകളെ ദുർബലമാക്കുകയും ഓസ്റ്റിയോപൊറോസിസ് രോഗത്തിന്‍റെ അപകട സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
ക്യാൻസർ സാധ്യത
അമിതമായി ഉപ്പ് കഴിക്കുന്നത് ഗ്യാസ്ട്രിക് ക്യാൻസർ (വയറ്റിലെ കാൻസർ) വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. വയറ്റിൽ വീക്കം ഉണ്ടാക്കാനും ഉപ്പിന്‍റെ അമിത ഉപയോഗം കാരണമാകും. ഭക്ഷണത്തിൽ ഉപ്പ് കുറയ്ക്കുന്നത് വഴി വയറ്റിലെ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും പഠനം വെളിപ്പെടുത്തി.
സ്ട്രോക്ക് സാധ്യത
ഉപ്പ് അമിതമായി കഴിക്കുന്നത് രക്തസമ്മർദ്ദം ഉയരാൻ കാരണമാകും. ഇത് രക്തക്കുഴലുകളിൽ സമ്മർദ്ദം ചെലുത്തുകയും സ്ട്രോക്ക് സാധ്യത വർദ്ധിപ്പിക്കാൻ ഇടയാക്കുകയും ചെയ്യും
പൊണ്ണത്തടി
അമിതമായ ഉപ്പിന്‍റെ ഉപയോഗം ശരീരത്തിൽ ഹോർമോൺ വ്യതിയാനത്തിന് കാരണമാകും. ഇത് വിശപ്പ് വർധിപ്പിക്കാനും ഉയർന്ന കലോറിയുള്ള ഭക്ഷ്യങ്ങളോടുള്ള ആസക്തി കൂട്ടാനും ഇടയാക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ നടത്തിയ ഒരു പഠനം കണ്ടെത്തി. വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടാനും ശരീരഭാരം വർധിക്കാനും ഇടയാക്കും. ഇത് പൊണ്ണത്തടിയിലേക്ക് നയിക്കുകയും ചെയ്യും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ഉപ്പ് പൂർണമായി ഒഴിവാക്കിയാൽ ശരീരത്തിന് എന്ത് സംഭവിക്കും ? അറിഞ്ഞിരിക്കേണ്ടവ