അടുത്തിടെയാണ് ജിഷിന്‍ മോഹന്‍റെയും അമേയ നായരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഇതോടെ ജിഷിനും അമേയയും പ്രണയത്തിലാണോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. പിന്നാലെ തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അമേയ എത്തുകയും ചെയ്‌തു. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ചര്‍ച്ച ചൂടുപിടിച്ചതോടെ ഇരുവരേയും അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്‍റുകളും പതിപോലെ എത്തി.
ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വിവാഹ മോചനത്തിന് പിന്നാലെയുള്ള തന്‍റെ ജീവിതത്തെ കുറിച്ചും അമേയയുമായുള്ള ബന്ധത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ജിഷിന്‍.
താന്‍ ഏത് പെണ്‍കുട്ടിക്കൊപ്പമുള്ള ഫോട്ടോ ഇട്ടാലും ചിലര്‍ക്കത് വലിയ പ്രശ്‌നമാണ്. അമേയയുമായി സൗഹൃദത്തിനപ്പുറമുള്ള ബന്ധമുണ്ടെന്ന് ജിഷിന്‍ വ്യക്തമാക്കി. വിവാഹ മോചനത്തിന് ശേഷം കടുത്ത വിഷാദത്തിലേക്ക് പോയി ലഹരിയുടെ പിടിയിലായിരുന്നു താന്‍. അതെല്ലാം നിര്‍ത്തിയത് അമേയ കാരണമാണെന്ന് ജിഷിന്‍ വ്യക്തമാക്കി.
ഞാന്‍ ഏത് പെണ്‍കുട്ടിയുടെ കൂടെയുള്ള ഫോട്ടോ ഇട്ടാലും അതെല്ലാം ചര്‍ച്ചയാവുകയാണ്. ഞാന്‍ ഇതൊന്നും കാര്യമാക്കാറില്ല. എന്നാല്‍ അത്തരം കമന്‍റുകള്‍ അമേയയെ ബാധിക്കുന്നുണ്ട്. അവള്‍ ആദ്യമായി നല്‍കിയ അഭിമുഖത്തിന് താഴെ നിറയെ അധിക്ഷേപ കമന്‍റുകളായിരുന്നു. ഒരു ചീത്തപ്പേരും കേള്‍പ്പിക്കാതെയാണ് അമേയ ജീവിക്കുന്നത്. എന്‍റെ കുടുംബം തകര്‍ത്തുവെന്ന തരത്തിലുള്ള അധിക്ഷേപങ്ങള്‍ എന്തടിസ്ഥാനത്തിലാണ് ചിലര്‍ പറയുന്നത്. അമേയയെ ഞാന്‍ പരിചയപ്പെട്ടിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളു. എന്‍റെ വിവാഹ മോചനം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. ഇനി വിവാഹ മോചനം കഴിഞ്ഞാല്‍ വീട്ടില്‍ ഒതുങ്ങി കൂടണം എന്നാണോ? സന്തോഷിക്കാന്‍ പാടില്ലേ, വേറെ പെണ്ണിനെ നോക്കാന്‍ പാടില്ലേ ജിഷിന്‍ ചോദിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഞങ്ങളുടെ ബന്ധത്തെ കുറിച്ച് അമേയ പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത്. ഞങ്ങള്‍ തമ്മില്‍ സൗഹൃദമുണ്ട്. അതിന് മുകളിലേക്ക് ഒരു സ്‌നേഹബന്ധമുണ്ട്. പരസ്‌പരമായ ധാരണയുണ്ട്. ഒരു ബോണ്ടുണ്ട്. പരസ്‌പരമുള്ള കരുതലുണ്ട്. അതിനെ പ്രണയമെന്നൊന്നും വിളിക്കാനാവില്ല. അത് വിവാഹത്തിലേക്കും പോകില്ല. ആ ബന്ധത്തിനെ എന്ത് പേരെടുത്തും വിളിച്ചോട്ടെ. പക്ഷേ അവിഹിതമെന്ന് പറയരുത്. കമന്‍റിടുന്ന പലര്‍ക്കും ചൊറിച്ചിലാണ്.
ഡിവോഴിസിന് ശേഷമുള്ള രണ്ടര വര്‍ഷക്കാലം ഞാന്‍ കടുത്ത ഡിപ്രഷനിലായിരുന്നു. പുറത്തുപോലുമിറങ്ങാതെ വീട്ടില്‍ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു. ചുറ്റും നെഗറ്റീവ്, പുറത്തിറങ്ങാന്‍ പറ്റുന്നില്ലായിരുന്നു. കള്ളുകുടി, കഞ്ചാവ് ഉപയോഗം തുടങ്ങി പല കാര്യങ്ങളിലോട്ടും ഞാന്‍ പോയിട്ടുണ്ട്. സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിച്ചിട്ടുണ്ട്. ഈ എല്ലാ സാധനങ്ങളില്‍ നിന്നും എനിക്ക് മോചനം വന്നത് അമേയയെ പരിചയപ്പെട്ടതിന് ശേഷമാണ്. അമേയ കാരണമാണ് ലഹരി ഉപയോഗം നിര്‍ത്തിയത്. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്നവര്‍ക്ക് സംഭവിച്ചുപോകുന്നതാണിത്. ജിഷിന്‍ വ്യക്തമാക്കി. ഒറ്റപ്പെട്ടു പോകുക എന്നത് വല്ലാത്തൊരു അവസ്ഥയാണ്. തന്‍റെ ജീവിതത്തില്‍ ഇനി എന്തായാലും ഒരു വിവാഹം ഉണ്ടാകില്ലെന്നും ജിഷിന്‍ കൂട്ടിച്ചേര്‍ത്തു.
സിനിമ- സീരിയല്‍ താരം വരദയെയായിരുന്നു ജിഷിന്‍ വിവാഹം ചെയ്‌തത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവരും കുറച്ചു കാലം വേര്‍പിരിഞ്ഞ് താമസിച്ചതിന് ശേഷമാണ് വിവാഹ മോചനത്തിലേക്ക് എത്തിയത്. ഈ വര്‍ഷം ജനുവരിയിലാണ് ജിഷിന്‍ തങ്ങള്‍ വിവാഹ മോചിതരായ വിവരം പ്രേക്ഷകരെ അറിയിച്ചത്. എന്നാല്‍ മൂന്നു വര്‍ഷമായി താന്‍ വിവാഹമോചിതനാണെന്നും ജിഷിന്‍ പറഞ്ഞു.