എറണാകുളം: ആലപ്പുഴ കളര്‍കോട് അപകടത്തിൽ മരിച്ച ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന് കൊച്ചിയിൽ അന്ത്യ നിദ്ര. വണ്ടാനം മെഡിക്കൽ കോളജ് വിദ്യാർഥികളിലൊരാളായ മുഹമ്മദ് ഇബ്രാഹിമിന്‍റെ മൃതദേഹം എറണാകുളം സെന്‍ട്രൽ ജുമാ മസ്‌ജിദ് ശ്‌മശാനത്തിൽ ഖബറടക്കി.
ഡോക്‌ടറാകണമെന്ന മോഹം ബാക്കിയാക്കി ഇബ്രാഹിം മടങ്ങുന്നതിന്‍റെ കണ്ണീർ കാഴ്‌ചകൾക്ക് സെൻട്രൽ ജുമാ മസ്‌ജിദ് സാക്ഷിയായി. മുഹമ്മദ് ഇബ്രാഹിമിന്‍റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഖബറടക്ക ചടങ്ങുകളിൽ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയിരുന്നു. മെഡിക്കൽ കോളജിലെ പൊതു ദർശനത്തിന് ശേഷമാണ് മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്‌ജിദിൽ എത്തിച്ചത്.
ഇവിടുത്തെ പൊതു ദർശനത്തിന് ശേഷം മയ്യത്ത് നമസ്‌കാരം നടന്നു. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് മൃതദേഹം ഖബറടക്കിയത്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമുള്ള ലക്ഷദ്വീപ് സ്വദേശികളും സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആന്ത്രോത്ത് ദ്വീപിലെ പാക്രിച്ചിയപുര വീട്ടിൽ പി. മുഹമ്മദ് നസീറിന്‍റെ മകനാണ് മുഹമ്മദ് ഇബ്രാഹിം. അപ്രതീക്ഷിത നൊമ്പരം ദ്വീപ് സമൂഹത്തിനെയാകെ നൊമ്പരത്തിൽ ആഴ്‌ത്തി. ഒരു മാസം മുമ്പ് മാത്രമാണ് പിതാവ് മുഹമ്മദ് നസീറിനെപ്പം മുഹമ്മദ് ഇബ്രാഹിം കേരളത്തിലെത്തിയത്.
വണ്ടാനം മെഡിക്കൽ കോളജിൽ സഹപാഠികളെയും അധ്യാപകരെയും പരിചയപ്പെട്ട് വരുന്നതേ ഉണ്ടായിരുന്നുളളൂ മുഹമ്മദ് ഇബ്രാഹിം. എങ്കിലും എല്ലാവർക്കും അവനെ കുറിച്ച് പറയാനുള്ളത് നല്ലത് മാത്രം. പഠിക്കാൻ മിടുക്കനായ, അധികം സംസാരിക്കാത്ത വിദ്യാർഥിയായിരുന്നു ഇബ്രാഹിം എന്ന് സുഹൃത്തുക്കള്‍ പറയുന്നു. വണ്ടാനം മെഡിക്കൽ കോളജിന്‍റെ ചരിത്രത്തില്‍ കണ്ണീരോർമയായി ഇനി മുഹമ്മദ് ഇബ്രാഹിമും അവശേഷിക്കും.