എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാർക്ക് പണം തിരികെ നൽകുമെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. ഇഡി പിടിച്ചെടുത്ത പണം വിതരണം ചെയ്യാനുള്ള നടപടി തുടങ്ങിയതായി ഇഡി ഡെപ്യൂട്ടി ഡയറക്‌ടർ ബി.രാധാകൃഷ്‌ണൻ വ്യക്തമാക്കി. പണം ആവശ്യപ്പെട്ട് പിഎംഎൽ കോടതിയെ അഞ്ച് ഇടപാടുകാർ സമീപിച്ച കേസിൽ പണം തിരികെ നൽകുന്നതിൽ പരാതിയില്ലെന്ന് ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്.
സഹകരിക്കാതെ കരുവന്നൂർ സർവീസ് സഹകരണ ബാങ്ക്
ഇഡി പിടിച്ചെടുത്ത 128 കോടിയോളം വരുന്ന തുക ബാങ്ക് വഴി പരാതിക്കാർക്ക് നൽകാനായി ബാങ്കിനെ ബന്ധപെട്ടിട്ടുണ്ട്. എന്നാൽ ബാങ്കിന്‍റെ ഭാഗത്ത് നിന്നും ആവശ്യമായ സഹകരണം ലഭിക്കുന്നില്ലെന്ന് ഡെപ്യൂട്ടി ഡയറക്‌ടർ രാധാകൃഷ്‌ണൻ പറഞ്ഞു. ബാങ്കിന്‍റെ കൈവശമാണ് ഇടപാടുകാരുടെ കുറിച്ചുളള വിശദാംശങ്ങൾ ഉള്ളത്. ഈ കാര്യം കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പിടിച്ചെടുത്ത പണം ബാങ്കിന് തിരിച്ച് നൽകിയാൽ പരാതിക്കാർക്ക് ബാങ്കിനെ സമീപിച്ച് പണം സ്വീകരിക്കാൻ കഴിയും. കഴിഞ്ഞ മൂന്ന് മാസമായി കരുവന്നൂർ ബാങ്കിനെ ബന്ധപ്പെടുന്നുണ്ടെങ്കിലും ഓരോ ന്യായങ്ങൾ പറഞ്ഞ് നീട്ടി കൊണ്ടുപോവുകയാണെന്നും ഡെപ്യൂട്ടി ഡയറക്‌ടർ ആരോപിച്ചു.
കരുവന്നൂർ ബാങ്ക് കേസിൽ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമർപ്പിക്കും. മുൻ മന്ത്രി എസി മൊയ്‌തീൻ ഉൾപ്പടെ പ്രതിസ്ഥാനത്ത് ഉണ്ടാകുമോയെന്ന് ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും ഡെപ്യൂട്ടി ഡയറക്‌ടർ വ്യക്തമാക്കി. അതേസമയം, കാരക്കോണം സിഎസ്‌ഐ മെഡിക്കൽ കോളജിലെ പ്രവേശനത്തിനായി പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ പിടിച്ചെടുത്ത പണം എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പരാതിക്കാർക്ക് തിരിച്ചു നൽകി. സമാനമായ രീതിയിൽ മറ്റ് പത്തോളം കേസുകളിലും പരാതിക്കാർക്ക് കണ്ടുകെട്ടിയ പണം വിതരണം ചെയ്യാനുള്ള നടപടി തുടങ്ങിയതായാണ് ഇഡി അറിയിച്ചത്.
സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതോടൊപ്പം പണം നഷ്‌ടമാകുന്നവർക്ക് വിചാരണ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പണം തിരികെ നൽകുന്നതിനുള്ള നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് ഇഡി കൊച്ചി മേഖല ഡെപ്യൂട്ടി ഡയറക്‌ടർ സിമി എസ് പറഞ്ഞു.