കണ്ണൂർ: പത്ത് വർഷത്തിനിടെ 14 പേരുടെ ജീവൻ പൊലിഞ്ഞിട്ടും എങ്ങും എത്താതെ കണ്ണൂർ ആറളം ഫാമിലെ ആന മതിൽ നിർമാണം. നിർമാണം പൂർത്തിയാക്കാൻ ഇനിയും എത്ര ജീവൻ കൂടി നൽകണമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കാട്ടാനക്കലിയിൽ തുടർച്ചയായി ജീവഹാനി സംഭവിച്ചതിനെ തുടർന്ന് പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധമുയർന്നതോടെയാണ് 2023 സെപ്‌റ്റംബർ 30ന് ആന മതിൽ നിർമാണം ആരംഭിച്ചത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 24ന് മതിലിൻ്റെ നിർമ്മാണം പൂർത്തിയാക്കേണ്ടതായിരുന്നു. മാർച്ച് 31ന് തന്നെ നിർമാണം പൂർത്തീകരിക്കാൻ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെ നിർദേശിച്ചിരുന്നു. എന്നാൽ ഇപ്പോഴും നാല് കിലോമീറ്റർ മാത്രമാണ് മതിൽ നിർമാണം പൂർത്തിയാക്കിയത്. 37.9 കോടി രൂപ ചിലവിൽ 10.5 കിലോമീറ്റർ ആണ് മതിൽ നിർമാണം നടത്തേണ്ടത്.
3.9 3 കിലോമീറ്ററിൽ മതിൽ പണിയേണ്ട മരം പോലും മുറിച്ചു നീക്കിയിട്ടില്ല. കേവലം 10.5 കിലോമീറ്റര്‍ ദൂരത്തില്‍ ആന മതിൽ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സന്മനസ് കാട്ടിയിരുന്നെങ്കില്‍ കഴിഞ്ഞ ദിവസമുണ്ടായ ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്ന് ആറളം പഞ്ചായത്ത് മെമ്പര്‍ ശോഭ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആന മതില്‍ കെട്ടുന്നതിന് പകരം ഓപ്പറേഷന്‍ എലിഫന്‍റ് പദ്ധതി അശാസ്‌ത്രീമായി നടത്തി, ആനകളെ ഫാമില്‍ നിന്നും തുരത്താനാണ് ശ്രമിച്ചിരുന്നതെന്നാണ് ആക്ഷേപമുയരുന്നത്. ഇത്തരത്തിൽ തുരത്തി കാട്ടിലേക്ക് ഓടിച്ച ആനകള്‍, പൊളിഞ്ഞ ആന മതിലിന് സമീപത്തു കൂടെത്തന്നെ ജനവാസ കേന്ദ്രത്തിലെത്തുമായിരുന്നെന്നും ശോഭ പറഞ്ഞു.
'അശാസ്‌ത്രീയമായ ഈ നടപടി കൊണ്ട് ആദിവാസികള്‍ക്ക് ഒരു നേട്ടവുമുണ്ടായില്ല. പകരം ഭയപ്പാടോടെ ഓരോ രാത്രിയും കഴിയേണ്ട് സ്ഥിതിയായി. ആദിവാസികള്‍ നട്ടുവളര്‍ത്തിയ കൃഷിഭൂമിയില്‍ പ്ലാവില്‍ ചക്കയും മാവില്‍ മാങ്ങയും കശുമാവില്‍ കാശുമാമ്പഴവുമുണ്ടാകുമ്പോള്‍ ആനകള്‍ കൂട്ടമായി എത്തി ഇവ നശിപ്പിക്കും.
2004 ല്‍ ആദിവാസ പുനരധിവാസം ആറളത്ത് നടത്തിയതോടെയാണ് അവര്‍ കൃഷി ഇറക്കി തുടങ്ങിയത്. കാട്ടിലെ ഭക്ഷ്യലഭ്യത കുറഞ്ഞതും വെള്ളമില്ലാത്തതുമെല്ലാം ആനകള്‍ ആറളത്തെ ലക്ഷ്യം വെക്കാന്‍ കാരണമായി. ഒരു പരിധിവരെ ആന മതില്‍ പരിഹാരമാവേണ്ടതായിരുന്നു. അതിനിടെ ഓപ്പറേഷന്‍ എലിഫന്‍റ് പദ്ധതി നടത്തി ആദിവാസികളെ അനുനയിപ്പിക്കുകയായിരുന്നു എന്നും ഇവർ പറഞ്ഞു.
ഇനിയെങ്കിലും ആന മതില്‍ പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ കണ്ണു തുറക്കണമെന്നാണ് ആറളം നിവാസികള്‍ക്ക് പറയാനുള്ളത്. അതേസമയം കടുവയുടെയും, കാട്ടാനയുടെയും, കാട്ടുപന്നിയുടെയും കാട്ടുപോത്തിൻ്റെയും വിഷപ്പാമ്പിൻ്റെയും ആക്രമണത്തിനിരയായവരുടെ ഞെട്ടിക്കുന്ന കണക്കുകളാണ് അധികൃതർ പുറത്തുവിട്ടിട്ടുള്ളത്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 1513 ആണ്. അതിൽ 1150 പേർ മരിച്ചത് വിഷപ്പാമ്പുകളുടെ കടിയേറ്റാണ് എന്നാണ് കണക്ക്. രണ്ടാം സ്ഥാനത്തുള്ളത് കാട്ടാന ആക്രമണമാണ്. 279 പേർ കാട്ടാനയുടെ കലക്കിരയായി. ആറളത്തെ ഏറ്റവും ഒടുവിലത്തെ രണ്ടു മരണവും കൂടിയാൽ ഈ വർഷം മാത്രം കാട്ടാനയുടെ കൊലവിളിക്കിരയായത് 18 പേരാണ്.
കാട്ടുപന്നി ആക്രമണത്തിൽ 63 പേരും കടുവ ആക്രമണത്തിൽ 11 പേരും മരിച്ചു. 10 ജീവനുകളാണ് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ പൊലിഞ്ഞത്. പാമ്പ് കടി മൂലമുള്ള അപകടങ്ങൾ കുറഞ്ഞെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണം കൂടി വരുന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വന്യജീവി ആക്രമണത്തിൽ ഉണ്ടാകുന്ന മരണങ്ങളിൽ 76 ശതമാനവും പാമ്പുകടിമൂലം ആണെന്നാണ് പുറത്തു വരുന്ന കണക്ക്. 18 ശതമാനം പേർ കാട്ടാന ആക്രമണത്തിലും നാല് ശതമാനം കാട്ടുപന്നി ആക്രമണത്തിലും കൊല്ലപ്പെടുന്നു. കാട്ടുപോത്തിനെയും കടുവയുടെയും ആക്രമണത്തിൽ ഒരു ശതമാനം പേർ കൊല്ലപ്പെടുന്നു എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കണ്ണൂർ ജില്ലയിൽ വന്യജീവി ആക്രമണത്തിൽ ഈ വർഷത്തെ ആദ്യ മരണമാണ് ഞായറാഴ്‌ച ഉണ്ടായിരിക്കുന്നത്. വന്യജീവി സംഘർഷം തടയാൻ പലമാർഗങ്ങൾ അടുത്തിടെ നടന്ന ഉന്നത തലയോഗം ചർച്ച ചെയ്‌തിരുന്നു. ചർച്ചയിൽ 10 ദൗത്യങ്ങൾക്ക് രൂപം നൽകിയെങ്കിലും ഒന്നും പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല.
വന്യമൃഗങ്ങളുടെ സഞ്ചാരപദം നിരീക്ഷിക്കുക, വന്യജീവി സംഘർഷം മേഖലയിൽ പ്രാഥമിക സന്നദ്ധ പ്രതികരണ സംഘടന ഒരുക്കുക, വന്യജീവി സംഘർഷം ഒഴിവാക്കാൻ ആദിവാസികൾ പ്രയോഗിക്കുന്ന പരമ്പരാഗത മാർഗങ്ങളെ കുറിച്ച് പഠിക്കുക, കാട്ടിനുള്ളിൽ വന്യമൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കുക, പാമ്പുകടി തടയാൻ ബോധവൽക്കരണം ശക്തമാക്കുക, ഇങ്ങനെ നിരവധി കാര്യങ്ങൾ ചെയ്യാന്‍ യോഗം തീരുമാനിച്ചിരുന്നു.
കാടിനും നാടിനും ഇടയിൽ സൗരോർജ വേലിയൊരുക്കുക എന്നതാണ് മറ്റൊരു മാർഗം. കാട്ടുപന്നികളുടെ വംശ വർധനവ് നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ അവയെ വെടിവച്ചു കൊല്ലുന്ന നടപടി സ്വീകരിക്കുക, വന്യമൃഗങ്ങളുടെ സ്വഭാവത്തെക്കുറിച്ച് പഠിക്കുക എന്നിവയാണ് മറ്റുള്ളവ. വന്യജീവി ആക്രമണം ഉണ്ടാകുമ്പോൾ നാടിന്‍റെ പ്രതിഷേധം തണുപ്പിക്കാൻ പദ്ധതികൾ ഇങ്ങനെ പലതും പ്രഖ്യാപിക്കുമെങ്കിലും അത് കൃത്യമായി നടപ്പാക്കാൻ വനം വകുപ്പിന് ആൾബലവും പണവും ലഭിക്കുന്നില്ല എന്നാണ് അധികൃതർ പറയുന്നത്.