കേരളം

kerala

ETV Bharat / state

ലോക്‌സഭ തെരഞ്ഞെടുപ്പ്: വ്യാജ വാർത്തകളിൽ ജാഗ്രത പുലർത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ - EC urges to careful from fake news - EC URGES TO CAREFUL FROM FAKE NEWS

ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജ വാർത്തകൾക്കെതിരെ നിരീക്ഷണം ശക്തമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ. വ്യാജ വാർത്തകൾ, പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ വാർത്തകൾ, പെയ്‌ഡ് ന്യൂസ് എന്നിവ കണ്ടെത്തിയാൽ ഉടന്‍ നടപടി.

LOK SABHA ELECTION 2024  ELECTION COMMISSION  ലോക്‌സഭ തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് കമ്മിഷൻ
Lok Sabha Election 2024: Election Commission Urges People To be Careful From Fake News

By ETV Bharat Kerala Team

Published : Apr 10, 2024, 9:31 PM IST

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വ്യാജ വാർത്തകളിൽ നിന്ന് ജാഗ്രത പുലർത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. പിടിക്കപ്പെട്ടാൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ സഞ്ജയ്‌ കൗൾ അറിയിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍റെ ഓഫിസിലും ജില്ലാ തലത്തിലും മീഡിയ മോണിറ്ററിങ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളും, ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങളും നിരന്തരം നിരീക്ഷിച്ച് വരികയാണ്. പൊലീസിന്‍റെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. വ്യാജ വാർത്തകൾ, പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ വാർത്തകൾ, പെയ്‌ഡ് ന്യൂസ് എന്നിവ കണ്ടെത്തിയാൽ നിമയാനുസൃതമായ നടപടികൾ സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

സംസ്ഥാന തലത്തിലുള്ള പ്രചരണത്തിന് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍റെ ഓഫിസിലെ മീഡിയ സർട്ടിഫിക്കേഷൻ ആന്‍റ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരവും, ജില്ല തലത്തിൽ ജില്ലാ കളക്‌ടറുടെ കീഴിലുള്ള ജില്ലാ തല മീഡിയ സർട്ടിഫിക്കേഷൻ ആന്‍റ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരവും നിർബന്ധമാണ്. പോളിങ് ദിവസവും തൊട്ടു മുൻപുള്ള ദിവസവും സംപ്രേക്ഷണം ചെയ്യുന്ന ദൃശ്യ-ശ്രവ്യ പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണെന്നും സഞ്ജയ്‌ കൗൾ അറിയിച്ചു.

നിരീക്ഷണത്തിന് രണ്ടായിരത്തിലധികം ക്യാമറകൾ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം 2,122 ക്യാമറകൾ തത്സമയ നിരീക്ഷണത്തിനായി തയ്യാറാക്കിയതായും സഞ്ജയ്‌ കൗൾ അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍റെ ഓഫിസിലും ജില്ലകളിൽ സജ്ജമാക്കിയിട്ടുള്ള കൺട്രോൾ റൂമുകളിൽ നിന്നുമാകും ദൃശ്യങ്ങൾ നിരീക്ഷിക്കുക. പെരുമാറ്റചട്ട ലംഘനം കണ്ടെത്തുന്നതിനുള്ള ഫ്ലയിങ് സ്ക്വാഡുകൾ, സ്‌റ്റാറ്റിക് സർവ്വെയിലൻസ് ടീം എന്നിവയുടെ വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ, സംസ്ഥാനത്തെ ചെക്ക്പോസ്‌റ്റുകളിൽ നിന്നുള്ള ദൃശ്യങ്ങൾ എന്നിവ കൺട്രോൾ റൂമിൽ ലഭിക്കും.

20 ലോക്‌സഭ മണ്ഡലങ്ങളിലെ ആർഒമാരുടെ കീഴിൽ സജ്ജമാക്കിയിട്ടുള്ള കൺട്രോൾ റൂമുകളിലും ദൃശ്യങ്ങൾ നിരീക്ഷിച്ച് വരികയാണ്. 391 ക്യാമറകളാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. 187 ക്യാമറകളായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കുന്ന കാലയളവിൽ വരണാധികാരികളുടെ ഓഫിസുകളിൽ സ്ഥാപിച്ചിരുന്നത്. പോസ്‌റ്റൽ വോട്ടിങ് കേന്ദ്രങ്ങളിലും തത്സമയ നിരീക്ഷണ സംവിധാനമുണ്ടാകും. സ്ട്രോങ് റൂമുകളിലും വോട്ടെണ്ണൽ കേന്ദങ്ങളിലും സമാനമായി നിരീക്ഷണമുണ്ടാകുമെന്നും സഞ്ജയ്‌ കൗൾ പറഞ്ഞു.

Also read: തെരഞ്ഞെടുപ്പാണെങ്കിലും എല്ലാത്തിനും ഒരു കണക്കുണ്ട്; സ്ഥാനാര്‍ഥികളും പാര്‍ട്ടികളും സൂക്ഷിച്ച് ചെലവാക്കണം

ABOUT THE AUTHOR

...view details