തിരുവനന്തപുരം : പിതാവിനെ തല ചുവരിൽ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം ശിക്ഷ വിധിച്ചു. ആനാട് ചാരുവിളാകത്ത് വീട്ടിൽ അരുണി(30)നാണ് ജീവപര്യന്തം കഠിന തടവും 2,10,000 രൂപ പിഴയും ശിക്ഷ നല്‍കിയത്. പിഴത്തുകയിൽ നിന്നും ഒരു ലക്ഷം രൂപ മരണപ്പെട്ട ആനാട് അശോക(48)ന്‍റെ ഭാര്യ രാമാ ദേവിക്കും ഒരു ലക്ഷം രൂപ മകൾ അശ്വതിക്കും നൽകാനും ഉത്തരിവിൽ പറയുന്നു. തിരുവനന്തപുരം ഏഴാം അഡീഷണന്‍ സെഷൻസ് ജഡ്‌ജി പ്രസൂൺ മോഹനാണ് ശിക്ഷ വിധിച്ചത്.
2016 സെപ്റ്റംബർ 14 നാണ് കേസിനാസ്‌പദമായ സംഭവം. അച്ഛനും മകനും വീട്ടിൽ മദ്യപിച്ചു വഴക്കുണ്ടാക്കുന്നത് പതിവാണ്. ഇത് കാരണം പ്രതിയുടെ അമ്മ ഇവരുടെ സഹോദരിയുടെ വീട്ടിലാണ് രാത്രി കഴിഞ്ഞിരുന്നത്. മകളെ ഹോസ്റ്റലിലും താമസിപ്പിച്ചു. പല തവണ ചെറിയ അടിപിടിയും വാക്ക് തർക്കവും ഉണ്ടായിരുന്നുവെങ്കിലും സംഭവ ദിവസം വാക്ക് തർക്കം രൂക്ഷ സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.
സംഘര്‍ഷത്തിനിടെ പ്രതി അരുണ്‍ അശോകൻ്റെ നെഞ്ചിൽ ചവിട്ടുകയും തല ചുവരിൽ ചേർത്ത് വച്ച് ഇടിക്കുകയും ചെയ്‌തു. മാരകമായി പരിക്കേറ്റ അശോകന്‍ രക്തം വാർന്ന് രാത്രി മുഴുവന്‍ വീട്ടില്‍ കിടന്നു. രാവിലെ പ്രതിയുടെ അമ്മ വീട്ടിലെത്തിയപ്പോള്‍ ഭർത്താവ് രക്തം വാർന്ന് നിലത്തു കിടക്കുന്നതാണ് കണ്ടത്. ഇവര്‍ നിലവിളിച്ച് ആൾക്കാരെ കൂട്ടിയാണ് അശോകനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാല്‍ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
2016 ഡിസംബർ 8 ന് വലിയമല പൊലീസ് കേസില്‍ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രതി അരുണിന് കോടതി ജാമ്യം അനുവദിച്ചെങ്കിലും മറ്റ് ക്രിമിനൽ കേസുകളിൽ പ്രതി ആയതിനെ തുടർന്ന് ജാമ്യം റദ്ദാക്കുകയായിരുന്നു. തുടർന്ന് വിചാരണ തടവുകാരനായിട്ടാണ് പ്രതി വിചാരണ നേരിട്ടത്. കേസില്‍ 19 സാക്ഷികൾ,38 രേഖകൾ,46 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ വിചാരണ സമയത്ത് തെളിവിൽ സ്വീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി കെ. വേണി ഹാജരായി.
Also Read:തിരക്കേറിയ റോഡിൽ കുഞ്ഞിന് ജന്മം നൽകി യുവതി; രക്ഷക്കെത്തിയ നഴ്‌സുമാർക്ക് അഭിനന്ദന പ്രവാഹം