കോഴിക്കോട് :മെഡിക്കല്‍ കോളജില്‍ മരുന്ന് വിതരണം പുനഃസ്ഥാപിച്ചു. വിതരണക്കാര്‍, മരുന്നുകള്‍ എത്തിക്കുന്നത് നിര്‍ത്തിവച്ചത്, കഴിഞ്ഞ ഒരാഴ്‌ചയായി കോഴിക്കോട് മെഡിക്കൽ കോളജിന്‍റെ പ്രവർത്തനം പ്രതിസന്ധിയിലാക്കിയിരുന്നു. മരുന്ന് വിതരണക്കാരുടെ സംഘടനയായ എ.കെ.എസ് ഡി എ പ്രതിനിധികളുമായി മെഡിക്കൽ കോളജ് സൂപ്രണ്ട് ശ്രീജയൻ നടത്തിയ ചർച്ചയിലാണ് പ്രശ്‌ന പരിഹാരം ഉണ്ടായത്.
70 ഓളം വിതരണക്കാർക്ക് 75 കോടിയോളം രൂപയാണ് കുടിശ്ശിക ഇനത്തിൽ നൽകാൻ ഉണ്ടായിരുന്നത്. ഇത് ലഭിക്കാതിരുന്ന പശ്ചാത്തലത്തിലാണ് അവര്‍ മരുന്ന് വിതരണം നിർത്തിവച്ചത് (Kozhikode Medical college). മെഡിക്കൽ കോളജിന്‍റെ പ്രവർത്തനം തന്നെ പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് ഇന്ന് സൂപ്രണ്ട് മരുന്ന് വിതരണക്കാരുമായി ചർച്ച നടത്തിയത്. ചർച്ചയിൽ കുടിശ്ശിക ഇനത്തിൽ നൽകാനുള്ള 75 കോടി രൂപയിൽ ആദ്യ ഗഡുവായി ഒരു കോടി രൂപ ഇന്നുതന്നെ നൽകാനും വരുന്ന 22-ാം തീയതി വെള്ളിയാഴ്‌ച 10 കോടി രൂപ നൽകാനും ധാരണയായതായി മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ശ്രീജയൻ അറിയിച്ചു.
ബാക്കി നൽകാനുള്ള തുക സംബന്ധിച്ച് വരും ദിവസങ്ങളിൽ ചർച്ച നടക്കുമെന്ന് എകെഎസ്‌ഡിഎ കോഴിക്കോട് ജില്ല സെക്രട്ടറി ശിവരാമൻ,സംസ്ഥാന കൗൺസിൽ അംഗം സാംസൺ എം. ജോൺ എന്നിവർ അറിയിച്ചു (Sreejayan). മരുന്നുക്ഷാമം രൂക്ഷമായതോടെ പ്രധാന കവാടത്തിന് മുന്നിലെ ഫാര്‍മസി അടച്ചിരുന്നു. ക്യാന്‍സര്‍ രോഗികൾ ഉൾപ്പടെ ഉള്ളവര്‍ ദുരിതത്തിലുമായി. ഇതോടെ സ്വകാര്യ മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കേണ്ട ഗതികേടും നിര്‍ധന രോഗികള്‍ക്കുണ്ടായി.