ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പ്രതിഷേധം തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ പ്രതിഷേധം കടുപ്പിച്ചതോടെ ഇന്ന് മുതൽ നടപ്പാക്കാനിരുന്ന ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്‌കരണം പ്രതിസന്ധിയിൽ. ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ കേന്ദ്രങ്ങളിലെയും ടെസ്റ്റുകൾ ബഹിഷ്‌കരിച്ചു. തിരുവനന്തപുരം മുട്ടത്തറയിലെ ഓട്ടോമാറ്റഡ് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തിൽ സ്‌കൂൾ ഉടമകൾ രാവിലെ 8 മണി മുതൽ തന്നെ പ്രതിഷേധവുമായി സംഘടിച്ചിരുന്നു.
ഇന്ന് 30 ടെസ്റ്റുകൾ നടത്താനായിരുന്നു തീരുമാനം. എന്നാൽ ടെസ്റ്റിന് ആകെ 3 പേർ മാത്രമാണ് എത്തിയത്. പ്രതിഷേധം കടുപ്പിച്ചതോടെ ടെസ്റ്റ് നടത്തിയില്ല. സമരം തുടരുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. സർക്കുലർ പിൻവലിക്കും വരെ സമരം തുടരും. 15 വർഷമായ വാഹനങ്ങൾ ഒഴിവാക്കണമെന്ന നിർദേശം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡ്രൈവിങ് സ്കൂൾ ഉടമകൾ അറിയിച്ചു.
മറ്റ് പരിഷ്കാരങ്ങൾ സർക്കാർ ചെലവിൽ നടപ്പാക്കട്ടെയെന്നും ഇവർ പറഞ്ഞു. നാളെയും സമരം തുടരാനാണ് തീരുമാനം. പ്രതിഷേധത്തെ തുടർന്ന് എം വി ഡി ഉദ്യോഗസ്ഥർ ടെസ്റ്റ് നടത്താതെ മടങ്ങി. ഫെബ്രുവരി 4ന് ഗതാഗത കമ്മീഷണർ ഇറക്കിയ സർക്കുലർ പിൻവലിക്കുക, ഓട്ടോമാറ്റിക് കാറുകൾ അനുവദിക്കുക, പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സ്കൂൾ ഉടമകൾ ഉന്നയിക്കുന്നത്.
Also Read :ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ; അറിയാം ഈ മാറ്റങ്ങൾ - Driving Test Regulations Kerala
അതേസമയം, ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിന് മന്ത്രി ഇളവുകൾ നിർദേശിച്ചെങ്കിലും ഇതുസംബന്ധിച്ച് സർക്കുലർ ഇറക്കാത്തതിനാൽ ഫെബ്രുവരി 4 ന് ഇറക്കിയ സർക്കുലർ അനുസരിച്ച് പരിഷ്‌കരണം നടത്താനാണ് തീരുമാനം. മുട്ടത്തറ ടെസ്റ്റിങ് കേന്ദ്രത്തിൽ ഇന്ന് ആകെ ആറ് പേരാണ് ടെസ്റ്റിനായി എത്തിയത്. ഇവർക്ക് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിച്ചില്ല.