എറണാകുളം:ഡോ.വന്ദനദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ബോധപൂര്‍വമായി വീഴ്‌ചയോ കുറ്റകൃത്യമോ സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയത്. കേസ് അപൂർവങ്ങളിൽ അപൂർവ്വമായ ഒന്നല്ലെന്നും കൊലപാതകത്തിൽ ഗൂഢാലോചന ഉണ്ടെന്ന് കരുതുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
പൊലീസിന്‍റെ വീഴ്‌ച മറച്ചുവെച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നതെന്നും അത് കാര്യക്ഷമമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് വന്ദനദാസിൻ്റെ പിതാവ് മോഹൻദാസ് ഹർജി സമർപ്പിച്ചത്. കേസിൽ സിബിഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നായിരുന്നു സർക്കാരിൻ്റെയും നിലപാട്. കേസ് തള്ളിയ കോടതി നിലവിലെ അന്വേഷണത്തിൽ തൃപ്‌തിയും രേഖപ്പെടുത്തി (No CBI Enquiry In Dr Vandana Das Murder Case).