എറണാകുളം:അന്തരിച്ച സിപിഎം കേന്ദ്ര കമ്മിറ്റി മുൻ അംഗം എംഎം ലോറൻസിന്‍റെ ഭൗതിക ശരീരം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി ഉത്തരവ്. മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുനൽകുന്നതിനെതിരെ മകൾ ആശ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടല്‍. ഹർജിക്കാരിയുടെ വാദങ്ങൾ ഉൾപ്പടെ പരിഗണിച്ച ശേഷമായിരിക്കണം അന്തിമ തീരുമാനം എടുക്കേണ്ടതെന്ന് കോടതി നിർദേശിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നതിന് എംഎം ലോറൻസ് സമ്മതപത്രം നൽകിയിരുന്നോയെന്ന് കോടതി ആരാഞ്ഞു. ആശയുടെ പരാതി പരിശോധിക്കാന്‍ മെഡിക്കല്‍ കോളജിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. അനാട്ടമി നിയമപ്രകാരം തുടർ നടപടികൾ സ്വീകരിക്കണമെന്ന നിർദേശത്തോടെ കോടതി ഹർജി തീർപ്പാക്കിയത്.
ലോറൻസ് സമ്മതപത്രം നല്‍കിയതിന് രേഖകളില്ലെന്നാണ് ഹർജിക്കാരി കോടതിയില്‍ വാദിച്ചത്. ലോറൻസ് ഇപ്പോഴും ഇടവക അംഗമാണെന്നും മകൾ ആശ കോടതിയിൽ ചൂണ്ടിക്കാട്ടി. ലോറൻസിന്‍റെ ഭാര്യയുടെ ഭൗതിക ശരീരം സംസ്‌കരിച്ചതും പള്ളിയിലാണെന്നും ഹർജിക്കാരി വാദിച്ചു. ലോറൻസ് പാർട്ടി നേതാവായിരിക്കാം എന്നാല്‍ ഭൗതിക ശരീരം രാഷ്ട്രീയത്തിന്‍റെ ഭാഗമല്ലെന്ന് ആശ കോടതിയില്‍ പറഞ്ഞു. കത്രിക്കടവ് പള്ളിയിൽ സംസ്‌കാരം നടത്താൻ പൊലീസ് സംരക്ഷണം നൽകണമെന്നും ആശ ആവശ്യപ്പെട്ടു.
സിപിഎം ജില്ല സെക്രട്ടറി, ആശയുടെ സഹോദരങ്ങൾ, സർക്കാര്‍ എന്നിവരാണ് കേസിലെ എതിർ കക്ഷികൾ. പാർട്ടി തീരുമാനത്തിന് മക്കൾ വഴങ്ങി എന്നായിരുന്നു ആശയുടെ വാദം. ലോറൻസിന്‍റെ ആഗ്രഹപ്രകാരം കളമശ്ശേരി മെഡിക്കൽ കോളജിന് മൃതദേഹം കൈമാറണം എന്നായിരുന്നു രണ്ട് മക്കളുടെയും അടുത്ത ബന്ധുക്കളുടെയും തീരുമാനം. ലോറൻസിന്‍റെ അടുത്ത ബന്ധുക്കളും പാർട്ടിക്കാരും ഇതിനായി മുന്നിട്ടിറങ്ങുകയായിരുന്നു.
എന്നാൽ, ഇത്തരത്തിലൊരു താത്പര്യം പിതാവ് പ്രകടപ്പിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആശ കോടതിയെ സമീപിച്ചത്. വിഷയം സംബന്ധിച്ച് ആശ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. ലോറൻസിന്‍റെ അവസാന യാത്രയയപ്പും ചതിയിലൂടെ ആണെന്നും ലോറൻസിനേക്കാൾ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്‍റെ പിതാവിന്‍റെ അന്ത്യ കർമങ്ങൾ ക്രിസ്‌തീയ ആചാരങ്ങളോടെയായിരുന്നു എന്നും ആശ ഫേസ്‌ബുക്കിൽ കുറിച്ചു. അതേസമയം ന്യുമോണിയ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന എംഎം ലോറൻസ് ശനിയാഴ്‌ച ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങുന്നത്.
Also Read:മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു, വിടവാങ്ങിയത് മികച്ച തൊഴിലാളി നേതാവ്