തിരുവനന്തപുരം:സിനിമകളുടെ എണ്ണത്തിനപ്പുറം പ്രമേയങ്ങളുടെ വ്യത്യസ്‌തതയിലൂടെ മലയാള സിനിമയില്‍ സ്വന്തം ഇടവും ഇരിപ്പിടവും സ്വന്തമാക്കിയ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. 70 വയസായിരുന്നു. അര്‍ബുദ ബാധിതനായി തിരുവനന്തപുരത്തെ ജിജി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് വൈകിട്ട് 5.30 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.
പ്രമുഖ എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരന്‍റെ തിരക്കഥയില്‍ 1981-ല്‍ പുറത്തിറങ്ങിയ 'ആമ്പല്‍പ്പൂവ്' എന്ന ചിത്രത്തിലൂടെയാണ് ഹരികുമാര്‍ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിലെ എണ്ണം പറഞ്ഞ സാഹിത്യ നായകന്‍മാരായ എംടി വാസുദേവന്‍ നായര്‍, എം മുകുന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ശത്രുഘ്‌നൻ, കെവി മോഹന്‍കുമാര്‍ എന്നിവര്‍ക്കൊപ്പവും കലൂര്‍ ഡെന്നീസ്, ലോഹിതദാസ്, ശ്രീനിവാസന്‍ എന്നിവരുടെ തിരക്കഥയിലും സിനിമകള്‍ സംവിധാനം ചെയ്‌തു.
1982-ല്‍ പുറത്തിറങ്ങിയ 'സ്‌നേഹപൂര്‍വ്വം മീര', 'ഒരു സ്വകാര്യം', 'പുലി വരുന്നേ പുലി' എന്നീ സിനിമകള്‍ക്ക് സ്വന്തമായി തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ചു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ തിരക്കഥയില്‍ 1987 ല്‍ 'ജാലകം', 1988 ല്‍ 'ഊഴം' എന്നീ സിനിമകള്‍ സംവിധാനം ചെയ്‌തു. 1994ല്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ 'സുകൃതം' അദ്ദേഹത്തിന്‍റെ സിനിമ ജീവിത്തിലെ വഴിത്തിരിവായി.