പത്തനംതിട്ട:പതിനെട്ടാം പടിയിലെ പൊലീസിൻ്റെ ഡ്യൂട്ടി സമയം കുറയ്ക്കാനുള്ള തീരുമാനം വിജയകരമായതായി ദേവസ്വം പ്രസിഡൻ്റ് പിഎസ് പ്രശാന്ത്. വൃശ്ചികം ഒന്നു മുതൽ ശബരിമല തീർഥാടകരുടെ സുഗമമായ ദർശനം സാധ്യമാക്കുന്നതിന് ദേവസ്വം ബോർഡും പൊലീസും ചേർന്നാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. അയ്യപ്പഭക്തർക്കുള്ള സംതൃപ്‌തി നിലനിർത്തിക്കൊണ്ട് പോകുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണത്തെ അനുഭവത്തിലുള്ള പിഴവുകൾ ആവർത്തിക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നിലയ്ക്കലിലെ പാർക്കിങ് പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാനായി. 7500 - 8000 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമുണ്ടായിരുന്നത് ഇപ്പോൾ രണ്ടായിരം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി അധികമായി സ്ഥലം വർധിപ്പിച്ചു. കോടതിയിൽ നിന്ന് ലഭിച്ച പ്രത്യേക അനുമതിയും സഹായകരമായി.
ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് മാധ്യമങ്ങളോട് (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കഴിഞ്ഞവർഷം ഏർപ്പെടുത്തിയ ഫാസ്‌ടാഗ് സംവിധാനം വിജയമായതിനാൽ ഇത്തവണയും തുടരുന്നതായിരിക്കും. തീർഥാടനകാലം തുടങ്ങിയ ശേഷം ശ്രദ്ധയിൽപ്പെട്ട ജ്യോതി നഗർ, നടപ്പന്തൽ എന്നിവിടങ്ങളിലെ കുടിവെള്ള വിതരണത്തിലുള്ള പ്രശ്‌നം പരിഹരിച്ചു. പ്രത്യേകം കിയോസ്‌കുകൾ ഒരുക്കിയാണ് നടപ്പന്തൽ, ബാരിക്കേഡ് എന്നിവിടങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നതെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു.
പതിനെട്ടാംപടിയിൽ നിൽക്കുന്ന പൊലീസുകാർ. (ETV Bharat) ഭക്തർക്ക് പ്രസാദങ്ങൾ ഉറപ്പാക്കാൻ നടപടികൾ നേരത്തെ
ശബരിമലയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് യഥാസമയം പ്രസാദങ്ങൾ ഉറപ്പാക്കുന്നതിന് ദേവസ്വം ബോർഡ് ഒക്ടോബറിൽ തന്നെ നടപടികൾ തുടങ്ങിയതായി ദേവസ്വം പ്രസിഡൻ്റ് പറഞ്ഞു. കഴിഞ്ഞ ദിവസം വരെ അരവണ ടിന്നുകളുടെ 40,129 എണ്ണം ബഫർ സ്റ്റോക്കിൽ ഉണ്ട്. ഒന്നര ലക്ഷം അപ്പം പാക്കറ്റുകളുടെ നിർമാണവും നടക്കുന്നു.
പത്തനംതിട്ട ജില്ലാ കളക്‌ടറുടെ നേതൃത്വത്തിലുള്ള വിശുദ്ധി സേന സന്നിധാനത്തെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
ശബരിമല ദർശനത്തിനെത്തിയ ഭക്‌തർ. (ETV Bharat) സുരക്ഷിതവും സുഖകരവുമായ ദർശനം
സുരക്ഷിതമായ സുഖകരമായ രീതിയിൽ ദർശനം ലഭിക്കുന്ന കാഴ്‌ചയാണ് നടപ്പന്തലിൽ കാണാൻ കഴിയുന്നത്. പൊലീസിൻ്റെ തിരക്ക് നിയന്ത്രണ സംവിധാനം മികവുറ്റതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പതിനെട്ടാം പടിയിൽ പൊലീസിൻ്റെ ഡ്യൂട്ടി സമയം 20 മിനിറ്റിൽ നിന്ന് 15 മിനിറ്റായി കുറച്ചത് കാര്യക്ഷമത വർധിപ്പിച്ചിട്ടുണ്ട്. മിനിറ്റിൽ 80 പേരെ എങ്കിലും കടത്തിവിടാൻ പതിനെട്ടാം പടിയിൽ കഴിയുന്നു. അതിനാൽ ഭക്തർക്ക് ഏറെ നേരം വരി നിൽക്കേണ്ട അവസ്ഥയില്ല.
ശബരിമലയിൽ വൻ ഭക്‌തജനത്തിരക്ക്. (ETV Bharat) വെർച്വൽ ക്യൂ വഴി ക്രമീകരിച്ചിരിക്കുന്നതിനാൽ പമ്പ മുതലേ തിക്കും തിരക്കുമില്ലാതെ സന്നിധാനത്തെത്താൻ കഴിയുന്നു. പടിപൂജയ്ക്ക് വേണ്ടി പതിനെട്ടാം പടിക്കു ഏറെ മുകളിലായി ഹൈഡ്രോളിക് സംവിധാനം ദേവസ്വം ഏർപ്പെടുത്തിയിട്ടുണ്ട്. തന്ത്രിമാരുമായി ആലോചിച്ചതിനുശേഷം ആണ് ഇത് സ്ഥാപിച്ചത്. ഇതോടൊപ്പം പതിനെട്ടാം പടിയിൽ സുരക്ഷിതമായും കാര്യക്ഷമമായും പൊലീസിന് ജോലി ചെയ്യുന്നതിന് പതിനെട്ടാം പടിയെ ബാധിക്കാത്ത വിധം സംവിധാനം ഒരുക്കിയിട്ടുണ്ട്.
ജർമ്മൻ പന്തൽ ഹിറ്റ്
പമ്പയിലും നിലയ്ക്കലിലും ഒരുക്കിയ ജർമ്മൻ പന്തൽ ഇതിനകം ഹിറ്റായി. പമ്പയിലെ പന്തലിൽ മൂവായിരം പേർക്കും നിലയ്ക്കലിൽ രണ്ടായിരം പേർക്കും വിരി വയ്ക്കാനാകുമെന്ന് ദേവസ്വം പ്രസിഡന്‍റ് വ്യക്തമാക്കി. കെഎസ്ആർടിസി സ്റ്റാൻഡിന് അടുത്താണ് നിലയ്ക്കലിലെ പന്തൽ. മുൻപുണ്ടായിരുന്ന ഷെഡുകളിലും വിരി വെക്കാൻ സൗകര്യമുണ്ട്. സന്നിധാനത്തും ഭക്തർക്ക് വെയിലും മഴയും കൊള്ളാതെയിരിക്കാൻ പന്തലുകൾ ഒരുക്കിയിട്ടുണ്ട്. നെയ് വിളക്ക്, അഷ്‌ടകലശം തുടങ്ങിയ വഴിപാടുകൾ നടത്താനും പ്രസാദം സ്വീകരിക്കാനും പ്രത്യേക കൗണ്ടറും പുതുതായി തുടങ്ങി.
ഭഗവാന് ചാർത്തുന്നത് ശുദ്ധമായ ചന്ദനം
സന്നിധാനത്ത് തന്നെ അരച്ചെടുക്കുന്ന ശുദ്ധമായ ചന്ദനമാണ് കളഭച്ചാർത്ത് സമയത്ത് ഭഗവാന് ചാർത്തുന്നത്. മുൻപ് പുറത്തു നിന്ന് ചന്ദനം എത്തിച്ചിരുന്നത്. ഒരു ഭക്തൻ ചന്ദനമരയ്ക്കുന്ന മൂന്ന് യന്ത്രങ്ങൾ വഴിപാടായി സമർപ്പിച്ചതോടെ നേരിട്ട് ചന്ദനം അരച്ചെടുക്കുകയാണിപ്പോൾ. കുങ്കുമപ്പൂവ്, പച്ചക്കർപ്പൂരം എന്നിവ ചേർത്ത് അരച്ചെടുക്കുന്ന ചന്ദനം കളഭച്ചാർത്തിനു ശേഷം ഭക്തർക്ക് പ്രസാദമായി നൽകുകയും ചെയ്യുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.
Also Read:അയ്യനെക്കാണാനായി ആയിരങ്ങൾ, മണിക്കൂറിൽ ശരാശരി 3000 തീർഥാടകർക്ക് ദർശനം; ശബരിമലയില്‍ തിരക്ക്