കോഴിക്കോട് : കരിപ്പൂരിൽ നിന്നും ദുബായിലേക്ക് തിരിച്ച എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം (ഐഎക്‌സ് 345) പറന്നുയർന്ന ഉടൻ തിരിച്ചിറക്കി. സാങ്കേതിക തകരാർ മൂലം വെള്ളിയാഴ്‌ച (ജനുവരി 03) രാവിലെയാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനം പറന്നുയർന്ന ഉടൻ, ലാൻഡിങ് ഗിയറിലെ മെക്കാനിക്കൽ തകരാറുകൾ കാരണം അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. ഹൈഡ്രോളിക് ഫെയിലിയറാണ് റിപ്പോർട്ട് ചെയ്‌തത്. രാവിലെ 8.15ന് പറന്നുയർന്ന വിമാനം 11.05ന് ദുബായിൽ എത്തേണ്ടതായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ലാൻഡിങ് ഗിയറിലെ തകരാറുകൾ പൈലറ്റ് റിപ്പോർട്ട് ചെയ്‌തിരുന്നു. പ്രശ്‌നം തിരിച്ചറിഞ്ഞ വിമാന ജീവനക്കാർ ഉടൻ തന്നെ കരിപ്പൂർ വിമാനത്താവള അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് അടിയന്തര ജാഗ്രതാ നിർദേശം നൽകുകയായിരുന്നു. മുൻകരുതൽ നടപടിയെന്ന നിലയിൽ അടിയന്തര സേവനങ്ങൾ സജ്ജമാക്കി.
അടിയന്തര ലാൻഡിങ്ങിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണ്. തകരാറിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. തകരാർ പരിഹരിച്ച് വിമാനം സർവീസ് നടത്താൻ സജ്ജമായെന്ന് എയർപോർട്ട് ടെർമിനൽ മാനേജർ അറിയിച്ചു.
Also Read: ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് പറക്കാം; അന്താരാഷ്‌ട്ര സര്‍വീസുകളുടെ 'മുഖം മിനുക്കാൻ' എയർ ഇന്ത്യ