ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും മൂടൽമഞ്ഞ് കനത്തതോടെ സ്ഥിതിഗതികൾ രൂക്ഷമായി. കനത്ത മൂടൽമഞ്ഞ് ട്രെയിൻ വിമാന സർവീസുകളെ ബാധിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ട 24 ട്രെയിനുകളാണ് കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വൈകിയത്.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ കണക്കനുസരിച്ച്, ഇന്ന് (ജനുവരി 3) രാവിലെ 5.30ന് ഡൽഹിയിൽ താപനില 9.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനം മൂലം അയോധ്യ എക്‌സ്‌പ്രസ് നാല് മണിക്കൂറും ഗോരഖ്‌ധാം എക്‌സ്പ്രസ് രണ്ട് മണിക്കൂറിലധികവും ബിഹാർ ക്രാന്തി എക്‌സ്‌പ്രസ്, ശ്രം ശക്തി എക്‌സ്പ്രസ് എന്നിവ മൂന്ന് മണിക്കൂറിലധികവും വൈകിയതായി അധികൃതർ അറിയിച്ചു.
ഫ്ലൈറ്റ് റഡാർ 24 പ്രകാരം ഡൽഹി എയർപോർട്ടിൽ വിമാനം എത്തിച്ചേരുന്നതിന് ശരാശരി അഞ്ച് മിനിറ്റും പുറപ്പെടുന്നതിന് 11 മിനിറ്റും കാലതാമസം ഉണ്ടായതായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം പല എയർലൈനുകളുടെയും സർവീസുകളെ ബാധിച്ചതായി അധികൃതർ വ്യക്തമാക്കി.
മോശം കാലാവസ്ഥ അമൃത്‌സറിലേക്കും ഗുവാഹത്തിയിലേക്കും വരുന്നതും പോകുന്നതുമായ എല്ലാ വിമാനങ്ങളെയും ബാധിച്ചതായി സ്‌പൈസ് ജെറ്റ് പറഞ്ഞു. ഡൽഹി, അമൃത്‌സർ, ലഖ്‌നൗ, ബെംഗളൂരു, ഗുവാഹത്തി റൂട്ടുകളിൽ യാത്ര ചെയ്യുന്നവരെ കേന്ദ്രീകരിച്ച് ഇൻഡിഗോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ഫ്ലൈറ്റ് ഷെഡ്യൂളുകൾ പരിശോധിക്കണമെന്ന് വിവിധ എയർലൈനുകൾ യാത്രക്കാരോട് അഭ്യർഥിച്ചു. മാത്രമല്ല, ദൃശ്യപരത മോശമായി തുടരുകയാണെങ്കിൽ വിമാനങ്ങൾ റദ്ദാക്കപ്പെടുമെന്നും മുന്നറിയിപ്പ് നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ (ഐഎംഡി) കഴിഞ്ഞ 24 മണിക്കൂർ കണക്കുകൾ പ്രകാരം, ജനുവരി 8 വരെ ഡൽഹിയിൽ മൂടൽമഞ്ഞ് തുടരാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു. ജനുവരി 6ന് ചെറിയ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് രാവിലെ വരെ ഡൽഹിയിലെ താപനില 9.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വായുവിൻ്റെ ഗുണനിലവാരം കുറഞ്ഞു: സിപിസിബി പ്രകാരം ലോധി റോഡ് സ്‌റ്റേഷനിൽ എയർ ക്വാളിറ്റി ഇൻഡക്‌സ് 318 ആണ്, വളരെ മോശം ആയിട്ടാണ് തരംതിരിച്ചിട്ടുള്ളത്. കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 17 ഡിഗ്രി സെൽഷ്യസും 8 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
രാവിലെ 6 മണിയോടെ ദൃശ്യപരത ഗണ്യമായി കുറഞ്ഞു. അതിനാൽ തന്നെ പ്രദേശത്ത് സുരക്ഷ ഉറപ്പാക്കുമെന്ന് അധികാരികൾ പറഞ്ഞു. ദൃശ്യപരത കുറഞ്ഞ ലാൻഡിംഗിന് ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്ത ഫ്ലൈറ്റുകൾ ലാൻഡ് ചെയ്യാൻ വൈകുമെന്നും അല്ലെങ്കിൽ റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു.
സ്പൈസ് ജെറ്റ്, ഇൻഡിഗോ, എയർ ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി വിമാന സർവീസുകളെ മൂടൽമഞ്ഞ് ബാധിച്ചിട്ടുണ്ട്. റൺവേ ദൃശ്യപരത 200 മുതൽ 500 മീറ്റർ വരെയാണ്. കുറഞ്ഞ ദൃശ്യപരതയിൽ വിമാനങ്ങൾ ഇറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിലവിൽ നടക്കുന്നുണ്ടെന്നും ഡൽഹി വിമാനത്താവളം അറിയിച്ചു.
Also Read: ഡല്‍ഹിയെ പൊതിഞ്ഞ് കനത്ത മൂടല്‍മഞ്ഞ്; തലസ്ഥാനം ശീതതരംഗത്തിന്‍റെ പിടിയിൽ