തിരുവനന്തപുരം:മലയാള ചലച്ചിത്ര രംഗത്തെ പല പ്രമുഖരുടെയും പ്രതിഛായ തകര്‍ക്കാവുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണോ ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ളത്? റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ പൊള്ളുന്നത് ആര്‍ക്കൊക്കെയാവും? റിപ്പോര്‍ട്ട് ലഭിച്ച് അഞ്ച് വര്‍ഷത്തിന് ശേഷവും ഉള്ളടക്കം പുറത്ത് വിടാന്‍ സര്‍ക്കാര്‍ മടി കാട്ടുന്നതെന്തുകൊണ്ടാണ്? ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ എന്താണുള്ളതെന്ന് കേരളത്തിലെ പൊതുസമൂഹത്തിനറിയില്ലെ. ആ ഉള്ളടക്കം പുറം ലോകമറിയണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടിവരും. എന്താണ് ജസ്റ്റിസ് ഹേമ കമ്മിഷന്‍ എന്നും എന്തുകൊണ്ടാണ് കമ്മിഷന്‍റെ റിപ്പോര്‍ട്ടിന് ഇത്രയേറെ പ്രാധാന്യം കൈവരുന്നതെന്നും പരിശോധിക്കുകയാണിവിടെ.
ജസ്റ്റിസ് ഹേമ കമ്മിഷന്‍റെ പിറവി:2017 ഫെബ്രുവരിയില്‍ കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്ന് മലയാള ചലച്ചിത്ര മേഖലയില്‍ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കേരളീയ പൊതുസമൂഹത്തില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദമായി പരിശോധിക്കാന്‍ നടപടി വേണമെന്ന് 'വിമന്‍ ഇന്‍ സിനിമ കലക്റ്റീവ്' എന്ന സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്‌മയടക്കം സര്‍ക്കാരിനോട് നിവേദനം വഴി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ ആഴത്തിൽ പരിശോധിക്കുന്നതിന് ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചത്.
പല കോണുകളില്‍ നിന്നും ആവശ്യം ശക്തമായതോടെ 2017 ജൂലൈ മാസത്തിലാണ് സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി സർക്കാർ മൂന്നംഗ കമ്മിഷനെ നിയമിച്ച് ഉത്തരവായത്. റിട്ടയേര്‍ഡ് ജസ്റ്റിസ് കെ ഹേമ, റിട്ടയേര്‍ഡ് ഐഎഎസ് ഓഫിസർ കെബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയതായിരുന്നു ജസ്റ്റിസ് ഹേമ കമ്മിഷന്‍.
സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ തന്നെ ഒരു കമ്മിറ്റിയെ നിയോഗിക്കുന്നത് രാജ്യത്ത് തന്നെ ആദ്യമായിട്ടായിരുന്നു. സിനിമയിലെ സ്ത്രീകളുടെ സുരക്ഷയും സേവന വ്യവസ്ഥകളും സ്ത്രീ സൗഹൃദ തൊഴിൽ അന്തരീക്ഷം സൃഷ്‌ടിക്കലും അടക്കമുള്ള വിഷയങ്ങളാണ് ഹേമ കമ്മിഷന്‍ പരിശോധിച്ചത്.
കമ്മിഷന്‍റെ പ്രവര്‍ത്തനം:സിനിമ രംഗത്ത് സ്ത്രീകൾ നേരിടുന്ന വിവേചനത്തെക്കുറിച്ചും തൊഴിൽ അന്തരീക്ഷത്തിന്‍റെ സ്വഭാവത്തെക്കുറിച്ചും ദൈനംദിന ഇടപെടലുകളില്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളുടെ സ്വഭാവത്തേക്കുറിച്ചും അന്വേഷിക്കാൻ ജസ്റ്റിസ് ഹേമ കമ്മിഷന്‍ നിരവധി അഭിമുഖങ്ങള്‍ നടത്തി. അഭിനേതാക്കൾ, നിർമാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്‌ദർ എന്നിവരുൾപ്പെടെ സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേരുമായി കൂടിക്കാഴ്‌ചകള്‍ സംഘടിപ്പിച്ചു. പല വനിത അഭിനേതാക്കളും സിനിമ സെറ്റുകളില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങള്‍ കമ്മിഷന് മുന്നില്‍ വിവരിച്ചു.
കമ്മിഷന് മുന്നില്‍ മൊഴി നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായിരിക്കുമെന്ന ഉറപ്പില്‍ ഹേമ കമ്മിഷന് മുന്നില്‍ സിനിമ സെറ്റുകളിലെ ഭീകര പീഡന കഥകളുടെ ചുരുളഴിഞ്ഞു. സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് പരാതി പറയാനുള്ള സംവിധാനങ്ങളില്ലെന്ന് പലരും പരാതിപ്പെട്ടു. സെറ്റിലെ അപര്യാപ്‌തതകള്‍, പ്രതിഫലം നല്‍കുന്നതിലെ വിവേചനം എന്നിവയും പലരും കമ്മിഷന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നു.
റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു:രണ്ടര വര്‍ഷം നീണ്ട പ്രവര്‍ത്തനത്തിനു ശേഷം കമ്മിഷൻ 2019 ഡിസംബർ 31 ന് 300 പേജുള്ള റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. റിപ്പോർട്ടിലെ കണ്ടെത്തലുകൾക്കുള്ള തെളിവുകളായി ഓഡിയോ ക്ലിപ്പുകളും സ്ക്രീന്‍ഷോട്ടുകളും ഇലക്ട്രോണിക് - ഡിജിറ്റല്‍ തെളിവുകളും മറ്റ് അനുബന്ധ രേഖകളും കമ്മിഷന്‍ റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കിയിരുന്നു. കമ്മിഷന്‍ ഓഫ് എന്‍ക്വയറീസ് ആക്റ്റ് പ്രകാരം നിയമിച്ചതല്ലെന്ന കാരണത്താല്‍ ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ വെച്ചില്ല.