തിരുവനന്തപുരം: തൃശൂർ പൂരം കലക്കലില്‍ സ്വയം സംരക്ഷണ കവചമൊരുക്കി ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്കുമാര്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തേക്കില്ലെന്നു സൂചന. പൂരം അലങ്കോലമാക്കിയതു സംബന്ധിച്ച് തുടരന്വേഷണമുണ്ടാകുമെന്ന് ഇന്നു നടന്ന മന്ത്രിസഭ യോഗത്തില്‍ മുഖ്യമന്ത്രി സൂചന നല്‍കി.
ഇന്നത്തെ മന്ത്രിസഭ യോഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതു സംബന്ധിച്ച് എഡിജിപി എം ആര്‍ അജിത്കുമാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് തനിക്കു ലഭിച്ചിട്ടുണ്ടെന്ന് മന്ത്രിസഭാ യോഗത്തെ അറിയിച്ചത്. റിപ്പോര്‍ട്ടിനൊപ്പം സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബിന്‍റെ കവറിങ് നോട്ടുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ റിപ്പോര്‍ട്ട് ആഭ്യന്ത്ര സെക്രട്ടറിക്കു കൈമാറിയിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ കൂടി അഭിപ്രായം കേട്ട ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ തൃശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് തൃപ്‌തികരമല്ലെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും റവന്യൂ മന്ത്രി കെ രാജന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിരവധി സംശയങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്.
സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന എഡിജിപി എല്ലാ ഉത്തരവാദിത്തവും കീഴുദ്യോഗസ്ഥനായ സിറ്റി പൊലീസ് കമ്മിഷണറുടെ തലയില്‍ ചാരി താന്‍ സ്വയം കുറ്റ വിമുക്തനാകുകയാണ് ചെയ്‌തത്. ഇത് ആര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നതല്ലെന്നും രാജന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിശ്വസനീയവും വസ്‌തു നിഷ്‌ഠവുമായ അന്വേഷണം എന്നതാണ് സിപിഐയുടെ നിലപാടെന്നും രാജന്‍ വ്യക്തമാക്കി. നോക്കാം സ്വതസിദ്ധമായ മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. എന്നാല്‍ ഇതു സംബന്ധിച്ച പരസ്യ പ്രതികരണത്തിന് രാജന്‍ തയ്യാറായില്ല.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞ വര്‍ഷം എഡിജിപി എം ആര്‍ അജിത്കുമാറും ആര്‍എസ്എസ് നേതാക്കളും തമ്മിലുള്ള രഹസ്യ ചര്‍ച്ചയില്‍ ഇതുവരെ ഒരന്വേഷണത്തിനും തയ്യാറാകാതിരുന്ന സര്‍ക്കാര്‍ ഇന്ന് അതു സംബന്ധിച്ച് ഉത്തരവിറക്കിയതും ശ്രദ്ധേയമായി. ഇനിയും അന്വേഷണം വൈകിച്ചാല്‍ അത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ബാന്ധവം എന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന നിലയിലാകും എന്നു മനസിലാക്കിയാണ് മറ്റ് മാര്‍ഗങ്ങളില്ലാതെ സര്‍ക്കാര്‍ അന്വേഷണത്തിനു തയ്യാറായത്.
ഇതും അന്വേഷിക്കുന്നത് സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് തന്നെയാണ്. സെപ്‌റ്റംബര്‍ നാലിന് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്‌ച സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ഇതു സംബന്ധിച്ച് ഈ മാസം 21 ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാദ്ധ്യമങ്ങളുടെ ചോദ്യമുയര്‍ന്നപ്പോള്‍ ബിജെപി-കോണ്‍ഗ്രസ് മുന്‍കാല ബന്ധം ചൂണ്ടിക്കാട്ടി യഥാര്‍ത്ഥ വസ്‌ഥഉയില്‍ നിന്ന് അകലം പാലിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
അതിനിടെ ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്‌ചയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തെ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ പുച്ഛിച്ചു തള്ളി. ഇതില്‍ അന്വേഷണത്തിന്‍റ് ആവശ്യമില്ലെന്നും എല്ലാം നാട്ടുകാര്‍ക്കറിയാമെന്നും പി വി അന്‍വര്‍ പറഞ്ഞു. ഇപ്പോള്‍ രണ്ട് ആര്‍എസ്എസ് നേതാക്കളെ കണ്ടതു മാത്രമേ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയ്ക്കു വരുന്നുള്ളൂ എന്നും ഒട്ടനവധി ആര്‍എസ്എസ് നേതാക്കളെ അജിത് കുമാര്‍ കണ്ടിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.
എഡിജിപി-ആര്‍എസ്എസ് രഹസ്യ കൂടിക്കാഴ്‌ചയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ തള്ളി. അന്വേഷണം പ്രഹസനമാണെന്ന് ഇരുവരും ആരോപിച്ചു.
Also Read : തൃശൂർ പൂരം കലക്കൽ: ആര്‍എസ്എസിന് ഒന്നും മറയ്ക്കാനില്ലെന്ന് കെ സുരേന്ദ്രൻ - K Surendran On Thrissur Pooram