കാസർകോട്: കനത്ത വേനൽ ചൂടില്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയത് 3774 പേര്‍. 10 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കൂടി പരിഗണിച്ചാല്‍ ഈ കണക്ക് ഇനിയും വര്‍ധിക്കും.
ജനുവരിയില്‍ 842 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതെങ്കില്‍ ഫെബ്രുവരിയില്‍ 1360 പേര്‍ക്കും മാര്‍ച്ചില്‍ 1572 പേര്‍ക്കും ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടെന്നാണ് വിവിധ സര്‍ക്കാര്‍ ആശുപ്രതികളില്‍ നിന്നും ലഭിക്കുന്ന കണക്ക്. കാസർകോട് ജില്ലയിൽ ഈ വർഷം ഇതുവരെ 230 പേരാണ് ഡെങ്കിപ്പനി ലക്ഷണത്തോടെ ചികിത്സ തേടിയത്. ഇതിൽ 65 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മറ്റു ജില്ലകളെ അപേക്ഷിച്ച് കാസർകോട് ജില്ലയിൽ ഡെങ്കിപ്പനി കുറവാണെങ്കിലും ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ ഡോ.രാംദാസ് അറിയിച്ചു.
വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടികിടക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ വേനൽ കാലത്ത് ഡെങ്കിപ്പനി കുറവ് മാത്രമേ റിപ്പോർട്ട് ചെയ്യാറുള്ളൂ. എന്നാൽ, പതിവിൽ നിന്നും ഈ വർഷം വ്യാപകമായി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നത് ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്.
കൊതുകുകള്‍ പെരുകുന്നതാണ് ഡെങ്കിപ്പനി പടരാനുള്ള പ്രധാന കാരണം. കൊതുകുകള്‍ പെരുകുന്നതിന് ഇന്‍ഡോര്‍ പ്ലാന്‍റുകളും കാരണമാകുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. കൊവിഡിന് ശേഷം കൂടുതല്‍ ആളുകള്‍ക്ക് ഇന്‍ഡോര്‍ പ്ലാന്‍റുകളോട് പ്രിയമേറിയിട്ടുണ്ട്. ഇവ കൃത്യമായി പരിപാലിക്കാത്തത് കൊതുകുകള്‍ വളരാന്‍ ഒരു കാരണമായി ആരോഗ്യ വിദഗ്‌ധർ പറയുന്നു.