എറണാകുളം : പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസണ്‍ മാവുങ്കൽ താമസിച്ചിരുന്ന കൊച്ചിയിലെ വാടക വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി (Crime Branch Inspection At Monson Mavunkal's Rented House). ക്രൈംബ്രാഞ്ച് അന്വേഷണത്തിന്‍റെ ഭാഗമായി സീൽ ചെയ്‌ത വീട് വിട്ട് നൽകണമെന്ന് വീടിന്‍റെ ഉടമസ്ഥൻ ഹൈക്കോടതിയെ സമീപിച്ച് ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട വസ്‌തുക്കൾ നീക്കം ചെയ്‌ത് വീട് വിട്ട് നൽകണമെന്നായിരുന്നു വീട്ടുടമയുടെ ആവശ്യം.
മോൻസണ്‍ പുരാവസ്‌തുക്കൾ എന്ന പേരിൽ സൂക്ഷിച്ചിരുന്ന ശില്‌പങ്ങൾ നിർമ്മിച്ചു നൽകിയ ശില്‍പി സന്തോഷിന് വീട് വിട്ട് നൽകാനും എസിജെഎം കോടതിയും ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് കലൂരിലെ വീട് തുറന്ന് പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി റസ്‌റ്റത്തിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ വിലപിടിപ്പുള്ള വിളക്കുൾപ്പെടെ 15 ഓളം വസ്‌തുക്കൾ മോഷണം പോയതായി കണ്ടെത്തി. വീട് കുത്തിത്തുറന്നിട്ടില്ലാത്തതിനാൽ ഡ്യൂപ്ലിക്കേറ്റ് താക്കോൽ കൈവശമുള്ള വീടുമായി പരിചയമുള്ളവരാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ക്രൈംബ്രാഞ്ച് പൂട്ടിയ വീടിന്‍റെ താക്കോൽ നോർത്ത് പൊലീസ് സ്‌റ്റേഷനിലായിരുന്നു സൂക്ഷിച്ചിരുന്നത്. വിലപിടിപ്പുള്ള വസ്‌തുക്കൾ നഷ്‌ടമായ സാഹചര്യത്തിൽ അന്വേഷണം നടത്താനും ക്രൈംബ്രാഞ്ച് നോർത്ത് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ താൻ കൈക്കൂലി വാങ്ങിയെന്ന മോൻസണ്‍ കേസിലെ പരാതിക്കാരുടെ ആരോപണം അന്വേഷണ ഉദ്യോഗസ്ഥനായ റസ്‌റ്റം തള്ളി. അന്വേഷണ ചുമതല ഏറ്റെടുക്കുന്നതിന് മാസങ്ങൾക്ക് മുൻപ് തനിക്ക് പണം നൽകിയെന്ന തെറ്റായ വാദമാണ് പരാതിക്കാർ ഉന്നയിക്കുന്നത്. ആ സമയത്ത് താൻ ഈ കേസിന്‍റെ ചുമതലയിലേക്ക് വരുമെന്ന് ഇവർക്കെങ്ങിനെ അറിയാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.