കേരളം

kerala

ETV Bharat / state

മസാല ദോശയും ക്രിക്കറ്റ് ബാറ്റും ഗ്രാമഫോണും... ഇത് കുഞ്ഞുകലാകാരന്‍റെ കരവിരുത്, കൗതുകമുണര്‍ത്തുന്ന രൂപങ്ങള്‍ തീര്‍ത്ത് ഇഷാന്‍ - CRAFT WORKS OF ISHAN IN KANNUR

അഞ്ചാം ക്ലാസ് മുതലാണ് ഇഷാന്‍ ഇത്തരം രൂപങ്ങളുണ്ടാക്കി തുടങ്ങിയത്.

CRAFT WORKS OF ISHAN IN KANNUR  ISHAN KANNUR  ഇഷാന്‍ കരകൗശല നിര്‍മാണം  കരകൗശല നിര്‍മാണം കണ്ണൂര്‍
Ishan (ETV Bharat)

By ETV Bharat Kerala Team

Published : Feb 15, 2025, 5:06 PM IST

കണ്ണൂര്‍:കൈപിടിയിലൊതുങ്ങുന്ന സുന്ദര രൂപങ്ങള്‍ സൃഷ്‌ടിച്ച് ശ്രദ്ധേയനായി 14കാരന്‍. തന്‍റെ മനസില്‍ പതിയുന്ന വസ്‌തുക്കളെയെല്ലാം കൈയിലൊതുങ്ങുന്ന കുഞ്ഞ് രൂപങ്ങളാക്കുന്നതില്‍ മിടുക്കനാണ് പയ്യന്നൂര്‍ തെക്കേ ബസാറിലെ ഇഷാന്‍. മസാല ദോശ, സദ്യ, ഫുള്‍ ചിക്കന്‍, ഗ്രാമഫോണ്‍, ക്യാമറ, ഘടികാരം, കുട, ക്രിക്കറ്റ് ബാറ്റ് തുടങ്ങി ഒട്ടനവധി കുഞ്ഞ് രൂപങ്ങള്‍ ഇഷാന്‍റെ കൈകളിലൂടെ രൂപമെടുത്തിട്ടുണ്ട്. വളരെ ചെറിയ രൂപത്തില്‍ ഇവയെല്ലാം സൃഷ്‌ടിച്ചെടുക്കുകയെന്നത് ഏറെ പ്രയാസമേറിയ ജോലിയാണ്.

കൗതുകമുണര്‍ത്തുന്ന കരകൗശലവുമായി ഇഷാന്‍. (ETV Bharat)

എന്നാല്‍ ക്ഷമയും കലയും ചേരുന്ന ഇത് തന്നെയാണ് ഇഷാന്‍റെ ഇഷ്‌ട വിനോദം. തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ കൃതികള്‍ ചെറുപതിപ്പുകളാക്കിയതും ഇക്കൂട്ടത്തിലുണ്ട്. പേപ്പറുകൾ, ഫോം ബോർഡ് കമ്പികൾ തുടങ്ങി ഉപയോഗ ശൂന്യമായ വസ്‌തുക്കളാണ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.

സ്വന്തമായി സ്വയത്തമാക്കിയ അറിവുകള്‍ കൊണ്ടാണ് ഇവയെല്ലാം നിര്‍മിക്കുന്നത്. കണ്ടങ്ങാളി ഷേണായി സ്‌മാരക ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ഇഷാൻ. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഇങ്ങനെയൊരു ആശയം മനസില്‍ തോന്നിയത്. പിന്നീടങ്ങോട്ട് നിരവധി രൂപങ്ങളാണ് ഈ കൈകളിലൂടെ രൂപമെടുത്തത്. ഓന്നോ രണ്ടോ ദിവസമെടുത്താണ് ഓരോ രൂപങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാക്കുക.

കഴിഞ്ഞ വർഷം നടന്ന ശാസ്ത്ര ഉപജില്ല മേളയിൽ മെറ്റൽ എൻഗ്രേവിങ്ങിൽ ഒന്നാം സ്ഥാനവും ഇത്തവണ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട് ഇഷാന്‍. ഇത് മാത്രമല്ല ചിത്ര രചനയിലും ഒരു പരീക്ഷണം നടത്താനുള്ള ശ്രമത്തിലാണിപ്പോള്‍ ഇഷാന്‍. അതിന് പ്രചോദനമാകുന്നതാകട്ടെ അമ്മ അമൃതയുടെ ചിത്ര രചനയാണ്.

ചിത്രങ്ങള്‍ വരച്ചും ശില്‍പങ്ങള്‍ നിര്‍മിച്ചും വരാനിരിക്കുന്ന അവധികാലത്തെ ഇഷാന്‍ കൂടുതല്‍ ഭംഗിയുള്ളതാക്കും. താനൊരുക്കുന്ന ശില്‍പങ്ങളെല്ലാം ചേര്‍ത്ത് വച്ച് ഒരു വലിയ പ്രദര്‍ശനം നടത്താനുള്ള തയ്യാറെടുപ്പിലുമാണിപ്പോള്‍ ഇഷാന്‍. താന്‍ നിര്‍മിക്കുന്ന ഓരോ രൂപങ്ങളും ഇഷാന്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. കമന്‍റുകളും ലൈക്കുകളുമായി നിരവധി പേരാണ് ഇഷാന് പിന്തുണയുമായി എത്തുന്നത്.

Also Read:പിൻവാങ്ങുവാൻ മടിച്ച് അതിശൈത്യം; സഞ്ചാരികളുടെ തിരക്കൊഴിയാതെ മൂന്നാർ

ABOUT THE AUTHOR

...view details