കേരളം

kerala

ETV Bharat / state

കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റ്‌ പട്ടിക രാഷ്‌ട്രീയ ആയുധമാക്കാൻ സിപിഎം - Kannur University Senate list - KANNUR UNIVERSITY SENATE LIST

കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റ്‌ പട്ടിക ബിജെപി - കോൺഗ്രസ്‌ ബാന്ധവത്തിന്‍റെ പ്രകടമായ തെളിവെന്ന് ടി വി രാജേഷ്‌

KANNUR UNIVERSITY  KANNUR UNIVERSITY CONTROVERSY  GOVERNOR ARIF MOHAMMED KHAN  CPM AGAINST SENATE LIST
Kannur University Senate list

By ETV Bharat Kerala Team

Published : Apr 2, 2024, 8:22 PM IST

സെനറ്റ്‌ പട്ടിക ബിജെപി - കോൺഗ്രസ്‌ ബാന്ധവത്തിന്‍റെ പ്രകടമായ തെളിവെന്ന് സിപിഎം

കണ്ണൂര്‍:യൂണിവേഴ്‌സിറ്റി സെനറ്റ്‌ പട്ടിക രാഷ്‌ട്രീയ ആയുധമാക്കാൻ സിപിഎം. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗത്വത്തില്‍ ചാൻസലര്‍ കൂടിയായ ഗവര്‍ണറുടെ ഇടപെടൽ വലിയ രാഷ്‌ട്രീയ പോരിനാണ് വഴി തുറക്കുന്നത്. സർവകലാശാല സിൻഡിക്കേറ്റ് നൽകിയ പാനൽ വെട്ടിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, സെനറ്റിലേറ്റ് പുതിയ അംഗങ്ങളെ നാമനിർദേശം ചെയ്‌ത വാർത്ത പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്.

സെനറ്റിലേക്ക് സിൻഡിക്കേറ്റ് നാമനിര്‍ദേശം ചെയ്‌തവരിൽ കഥാകാരൻ ടി പദ്‌മനാഭൻ, വിദ്യാർഥി പ്രതിനിധി ആയിഷ ഫിദ എന്നിവരെ മാത്രമാണ് നിലനിര്‍ത്തിയത്. സിൻഡിക്കേറ്റ് നിർദേശിച്ച പതിനാലിൽ പന്ത്രണ്ട് പേരുകളും ഗവര്‍ണര്‍ വെട്ടുകയായിരുന്നു. ജന്മഭൂമി ലേഖകൻ യു പി സന്തോഷ്, സംഘപരിവാർ സംഘടന സഹകാർ ഭാരതി ദേശീയ സമിതി അംഗം അഡ്വ. കരുണാകരൻ നമ്പ്യാർ എന്നിവരെയും ഡിസിസി ജനറൽ സെക്രട്ടറിമാരായ ബിജു ഉമ്മറിനെയും അഡ്വ ഇ ആർ വിനോദിനെയും അടക്കം 12 പേരെയാണ് സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്‌തത്. ഇതാണ് ഭരണ പക്ഷത്തെ പ്രകോപിപ്പിച്ചത്.

ബിജെപി-കോൺഗ്രസ് ബാന്ധവം സെനറ്റ് ലിസ്‌റ്റ് അട്ടിമറിയിലൂടെ വ്യക്തമായെന്ന് സിപിഎമ്മും എസ്എഫ്ഐയും ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് രംഗത്ത് ഉൾപ്പടെ സിപിഎം ഇത് ആയുധമാക്കാനാണ് ലക്ഷ്യമിടുന്നത്. സിൻഡിക്കറ്റ്‌ അംഗീകരിച്ചു നൽകിയ പട്ടിക അട്ടിമറിച്ച്‌ ഗവർണർ തന്നിഷ്‌ടപ്രകാരം, അറിയപ്പെടുന്ന ആർഎസ്‌എസ്‌ - കോൺഗ്രസ്‌ നേതാക്കളെ സെനറ്റിലേക്ക്‌ നോമിനേറ്റ്‌ ചെയ്‌തിരിക്കുകയാണ്‌. ഇത് അങ്ങേയറ്റം അപലപനീയമാണെന്നും സിപിഎം വ്യക്തമാക്കി.

വിഖ്യാതരായ ശാസ്‌ത്രജ്ഞരും മാധ്യമപ്രവർത്തകരും വ്യവസായികളും കായിക പ്രതിഭകളുമടക്കമുള്ള സർവകലാശാല സമർപ്പിച്ച പട്ടികയിലെ പ്രഗത്ഭരെയെല്ലാം തഴഞ്ഞ് ആർഎസ്‌എസ്‌–കോൺഗ്രസ്‌ നേതാക്കളെ ഗവർണർ പട്ടികയിൽ കുത്തിനിറച്ചത്‌ തീർത്തും പ്രതിഷേധർഹമാണെന്നും സിപിഎം പറയുന്നു. അഭിഭാഷക വിഭാഗത്തിൽ നോമിനേറ്റ്‌ ചെയ്‌തിരിക്കുന്നത്‌ അറിയപ്പെടുന്ന ആർഎസ്‌എസ്‌ നേതാവും സംഘപരിവാർ സംഘടനയായ സഹകാർ ഭാരതി ദേശീയസമിതി അംഗവുമായ വ്യക്തിയെയാണ്‌. മറ്റൊരാൾ കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി.

സി കെ വിനീതും കെ സി ലേഖയും ഉൾപ്പടെയുള്ള കായിക പ്രതിഭകൾക്ക് പകരം ഉൾപ്പെടുത്തിയത്‌ ഡിസിസി മുൻ ജനറൽ സെക്രട്ടറിയെ. സ്‌കൂൾ ഹെഡ്‌ മാസ്‌റ്റർ മണ്ഡലത്തിൽനിന്ന്‌ നോമിനേറ്റ്‌ ചെയ്‌തത്‌ കോൺഗ്രസ്‌ അധ്യാപക സംഘടനയായ കെപിഎസ്‌ടിഎയുടെ സംസ്ഥാന കമ്മിറ്റി അംഗത്തെ. കെപിസിസി മുൻ പ്രസിഡന്‍റും കണ്ണൂർ എംപിയുമായ കെ സുധാകരനാണ്‌ കോൺഗ്രസ്‌ നേതാക്കളുടെ പട്ടിക ഗവർണർക്ക് കൈമാറിയതെന്നാണ്‌ മനസിലാക്കുന്നതെന്നും സിപിഎം കുറ്റപ്പടുത്തുന്നു.

കേരളത്തിൽ കോൺഗ്രസിനെയും ബിജെപി–ആർഎസ്‌എസിനെയും ബന്ധിപ്പിക്കുന്ന പാലമായാണ്‌ ഗവർണർ പ്രവർത്തിക്കുന്നത് എന്നതിന്‍റെ സാക്ഷ്യപത്രമാണ്‌ സെനറ്റ്‌ പട്ടിക അട്ടിമറിയെന്നും ടി വി രാജേഷ്‌ പ്രസ്‌താവനയിൽ വ്യക്തമാക്കി. ശക്തമായ പ്രതിഷേധങ്ങളുണ്ടാവുമെന്നും നിയമപരമായി നേരിടുമെന്നും ഇടത് സംഘടനാ നേതാക്കൾ വ്യക്തമാക്കുന്നു.

സെനറ്റിലേക്ക് സിൻഡിക്കേറ്റ് നൽകിയത് ഓരോ വിഭാഗത്തിലും മൂന്ന് പേരുകളാണ്. ഹൈസ്‌കൂൾ പ്രധാനാധ്യാപകന് പകരം എൽപി സ്‌കൂൾ ഹെഡ്‍മാസ്‌റ്ററെ സെനറ്റിലേക്ക് നിർദേശിച്ചത് ചട്ടവിരുദ്ധമെന്നും എസ്എഫ്ഐ ആരോപിക്കുന്നു. മാധ്യമപ്രവർത്തകരായ വെങ്കിടേഷ് രാമകൃഷ്‌ണൻ, ശശികുമാർ, കായിക താരങ്ങളായ സി കെ വിനീത്, കെസി ലേഖ, ഐഎസ്ആർഒ ശാസ്‌ത്രജ്ഞൻ പി കുഞ്ഞികൃഷ്‌ണൻ തുടങ്ങിവരെയാണ് സിൻഡിക്കേറ്റ് നിർദേശിച്ചിരുന്നത്. അതേസമയം പാറാവു ജോലി മുതൽ വിസി പദവി വരെ രാഷ്‌ട്രീയവത്കരിച്ചവർക്കാണ് സെനറ്റ് നാമനിർദേശത്തിൽ സങ്കടമെന്നാണ് കെപിസിടിഎ പറയുന്നത്.

ABOUT THE AUTHOR

...view details