തിരുവനന്തപുരം :മന്ത്രി പിഎ മുഹമ്മദ് റിയാസിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിമർശനം. തിരുവനന്തപുരത്തെ റോഡ് പണിയെ കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിമർശനം. ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മന്ത്രിയുടെ പരാമർശത്തിൽ വിമർശനമുയർന്നത്. മന്ത്രിയുടെ പ്രതികരണം അപക്വമെന്നും മന്ത്രി ജാഗ്രത പുലർത്തിയില്ലെന്നുമാണ് വിമർശനം.
മുഹമ്മദ് റിയാസിന്‍റെ പരാമർശത്തിൽ സംസ്ഥാന സെക്രട്ടറിയും അതൃപ്‌തി രേഖപ്പെടുത്തി. കരാറുകാരെ തൊട്ടാൽ ചിലർക്ക് പൊള്ളുമെന്നായിരുന്നു മുഹമ്മദ് റിയാസിന്‍റെ പ്രതികരണം. ഇതു മുൻ മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെയാണെന്ന തരത്തിൽ വാർത്തകളും വന്നിരുന്നു. നിയമസഭയിൽ പ്രതിപക്ഷവും ഇതു ഭരണപക്ഷത്തിനെതിരെ ആയുധമാക്കി മാറ്റി.
എന്നാൽ വിഷയം മാധ്യമ സൃഷ്‌ടിയാണ് എന്നായിരുന്നു നിയമസഭയിൽ ഉൾപ്പടെ കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചത്. താനും മന്ത്രി റിയാസുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മന്ത്രിയോടൊപ്പമുള്ള സെൽഫിയും കടകംപള്ളി സുരേന്ദ്രൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
തന്‍റെ വാക്കുകൾ കടകംപള്ളിയെ ഉദ്ദേശിച്ചല്ല; വ്യക്തത വരുത്തി മന്ത്രി പി എ മുഹമ്മദ് റിയാസ് :കരാറുകാരെ പിരിച്ചുവിട്ടപ്പോൾ ചിലർക്ക് പൊള്ളി എന്ന് പറഞ്ഞത് കടകംപള്ളിയെ ഉദ്ദേശിച്ചല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസും പറഞ്ഞിരുന്നു. അലംഭാവം കാണിച്ച കരാറുകാരെ പിരിച്ചുവിടുക എന്ന ശക്തമായ നിലപാട് സർക്കാർ സ്വീകരിച്ചു എന്നാണ് താൻ ഉദ്ദേശിച്ചത്. അത് നാടിനു ഗുണം ചെയ്‌തു. ഇപ്പോൾ ആക്ഷേപിക്കാൻ ശ്രമിക്കുന്നവരൊക്കെ നാളെ ഇതിന്‍റെ ഗുണഭോക്താക്കൾ ആകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം എക്‌സാലോജിക് വിഷയത്തിൽ നേരത്തെ പറഞ്ഞതിനേക്കാൾ കൂടുതൽ ഒന്നും പറയാനില്ലെന്നും മന്ത്രി വ്യക്തമാക്കി. തലസ്ഥാനത്തെ റോഡ് പണി പുരോഗമിക്കികയാണ്. ഇന്നും ഒരു റോഡ് തുറന്നു കൊടുത്തു. സമയ ബന്ധിതമായി റിവ്യൂ നടത്തി പണി നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏറ്റ പ്രവർത്തി പൂർത്തിയാക്കാതെ എത്ര വമ്പൻ കമ്പനിക്കാണെങ്കിലും മുന്നോട്ടു പോകാൻ കഴിയില്ലെന്നും, മുൻ കരാർ കമ്പനിയെ ടെർമിനേറ്റ് ചെയ്‌ത നടപടി ശരിയാണെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ കരാർ എടുത്തവർ നല്ല ഉഴപ്പായിരുന്നു. അത് വലിയ പ്രയാസം സൃഷ്‌ടിച്ചു. അതിൽ സർക്കാർ ശക്തമായ നിലപാട് എടുത്തു. അതേസമയം കേന്ദ്ര ബജറ്റിനെ കുറിച്ച് കൂടുതൽ പഠിച്ചിട്ട് പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. ടൂറിസത്തിനുവേണ്ടി എന്തൊക്കെ സാധ്യതകൾ ഉണ്ട്, ആ സാധ്യതകൾ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ : കടകംപള്ളിക്ക് കൊള്ളുന്ന പോലെ; മുന്‍ മന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ച് മന്ത്രി മുഹമ്മദ് റിയാസ്