മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഒന്നാം ദിനത്തില്‍ ഓസീസ് യുവ ഓപ്പണര്‍ സാം കോൺസ്റ്റാസുമായി കൊമ്പുകോര്‍ത്ത വിരാട് കോലിക്കെതിരെ നടപടിയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയൻ സീനിയര്‍ ടീമിനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ തകര്‍പ്പൻ പ്രകടനമാണ് 19കാരനായ കോണ്‍സ്റ്റാസ് കാഴ്‌ചവെച്ചത്. മെല്‍ബണില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയര്‍ക്കായി ഏകദിന ശൈലിയില്‍ റണ്‍സ് കണ്ടെത്തിയ കൗമാരതാരം 65 പന്തില്‍ 60 റണ്‍സുമായി പുറത്താകുകയായിരുന്നു.
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ ഒരോവറില്‍ 18 റണ്‍സാണ് കോണ്‍സ്റ്റസ് അടിച്ചെടുത്തത്. ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ തന്നെ ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയ യുവതാരത്തെ പ്രകോപനത്തിലൂടെ പുറത്താക്കാനുള്ള ശ്രമങ്ങളും ടീം ഇന്ത്യ നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായിട്ടായിരുന്നു സീനിയര്‍ താരം വിരാട് കോലി കോണ്‍സ്റ്റാസുമായി കൊമ്പുകോര്‍ത്തത്.
ഓസ്‌ട്രേലിയൻ ഇന്നിങ്‌സിന്‍റെ 11-ാം ഓവറിന്‍റെ ഇടവേളയിലാണ് വിരാട് കോലി സാം കോണ്‍സ്റ്റാസുമായി കൂട്ടിയിടിച്ചത്. കോലി ബോധപൂര്‍വ്വം തന്നെ യുവതാരത്തെ വന്നിടിക്കുകയായിരുന്നുവെന്നാണ് ആ സമയം കമന്‍ററിയിലുണ്ടായിരുന്ന മുൻ താരം റിക്കി പോണ്ടിങ് അഭിപ്രായപ്പെട്ടത്. നടക്കുന്ന ദിശ വിരാടിന് കൃത്യമായി അറിയാമായിരുന്നു. മറ്റ് ഫീല്‍ഡര്‍മാരെ നോക്കിയാണ് സാം എതിര്‍ദിശയിലേക്ക് പോയത്. എതിരെ വന്ന വിരാടിനെ കണ്ടപ്പോഴേക്കും ഒഴിഞ്ഞ് മാറാനുള്ള സമയം പോലും സാമിന് ലഭിച്ചില്ലെന്നും പോണ്ടിങ് പറഞ്ഞു.
Kohli and Konstas come together and make contact 👀#AUSvIND pic.twitter.com/adb09clEqd
— 7Cricket (@7Cricket) December 26, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഐസിസിയുടെ നിയമങ്ങള്‍ പ്രകാരം വിരാട് കോലി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ വിവിധ തരത്തിലുള്ള ശിക്ഷകളാണ് ഇന്ത്യൻ സീനിയര്‍ താരത്തെ കാത്തിരിക്കുന്നത്. അനുചിതവും ബോധപൂര്‍വവുമായ തരത്തില്‍ മറ്റൊരു താരവുമായി ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുന്നത് ലെവല്‍ 2 കുറ്റകൃത്യമാണ്. എംസിസി നിയമങ്ങളുടെ 42.1 അധ്യായത്തിന് കീഴിലുള്ള അസ്വീകാര്യമായ പെരുമാറ്റ കുറ്റത്തിലാണ് ഇവ പെടുന്നത്.
പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് വിശ്വസിക്കുന്ന താരത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കേണ്ടത് ഓണ്‍ഫീല്‍ഡ് അമ്പയറാണ്. തുടര്‍ന്ന്, മാച്ച് റഫറിയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
ഓസ്‌ട്രേലിയൻ താരവുമായി വിരാട് കോലി സമ്പര്‍ക്കം പുലര്‍ത്തിയത് ബോധപൂര്‍വമാണെന്ന് അമ്പയര്‍മാരും മാച്ച് റഫറിമാരും കണ്ടെത്തിയാല്‍ ഐസിസിയുടെ കര്‍ശന ഉപരോധം കോലിക്ക് നേരിടേണ്ടി വരും. ലെവല്‍ 2 കുറ്റങ്ങള്‍ക്ക് 3-4 ഡീമെറിറ്റ് പോയിന്‍റുകളാണ് ചുമത്തുക. ഇങ്ങനെ വന്നാല്‍ കോലിക്ക് ഒരു കളിയില്‍ പുറത്തിരിക്കേണ്ടി വരും. ലെവല്‍ 1 കുറ്റമാണ് ചുമത്തുന്നതെങ്കില്‍ പിഴയൊടുക്കി കോലിക്ക് രക്ഷപ്പെടാം. അതേസമയം, ഏര്‍പ്പെടുന്ന ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കാൻ ഇന്ത്യൻ ടീം മാനേജ്‌മെന്‍റിനും വിരാട് കോലിക്കും അധികാരമുണ്ട്.
Also Read : ഐസിസി ടെസ്റ്റ് ബൗളര്‍ റാങ്കിങ്: റെക്കോര്‍ഡ് നേട്ടത്തോടെ ഒന്നാമതെത്തി ജസ്‌പ്രീത് ബുംറ