പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർഥാടനത്തിന് ഇന്ന് (ഡിസംബർ 26) സമാപനം. മണ്ഡലപൂജയ്ക്ക് ശേഷം രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. തുടർന്ന് മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് അഞ്ച് മണിക്ക് വീണ്ടും നട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക് മഹോത്സവം.
ഇന്ന് 12 നും 12.30 നും ഇടയിൽ തന്ത്രി കണ്‌ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിലാണ് മണ്ഡല പൂജ നടന്നത്. ഇതിന്‍റെ ഭാഗമായി തീർഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്നലെ (ഡിസംബർ 25) പമ്പയിൽ നിന്ന് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര വൈകിട്ട് ആറ് മണിയോടെ സന്നിധാനത്ത് എത്തിച്ചേർന്നിരുന്നു. സോപാനത്തെത്തിയ തങ്ക അങ്കി തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി. പിന്നാലെ ദീപാരാധന നടന്നു. ഇതിന് ശേഷം ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബുധനാഴ്‌ച(ഡിസംബർ 25) വരെ 32,49,756 പേരാണ് ദർശനത്തിനെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 4,07,309 തീർഥാടകരുടെ വർധനയാണ്. കഴിഞ്ഞ വർഷം ഈ കാലയളവിൽ 28,42,447 പേരാണ് ദർശനം നടത്തിയത്. സ്‌പോട്ട് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തി 5,66,571 പേർ ദർശനം നടത്തി. മണ്ഡലപൂജയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളുടെ ഭാഗമായി ഡിസംബർ 25,26 തീയതികളിൽ സ്‌പോട്ട് ബുക്കിങ് 5000 ആയി പരിമിതപ്പെടുത്തിയിരുന്നെങ്കിലും ശബരിമലയിൽ എത്തിയ എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കിയിട്ടുണ്ട്.
തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിയ ഇന്നലെ (ഡിസംബർ 25) 62,877 പേരാണ് ദർശനത്തിനെത്തിയത്. 9773 പേർ ഇതിൽ സ്‌പോട്ട് ബുക്കിങ് വഴിയെത്തിയതാണ്. നട അടയ്ക്കുന്ന ഇന്ന് (ഡിസംബർ 26) ഉച്ചയ്ക്ക് 12 മണി വരെ വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിങ് വഴി 19,968 പേർ എത്തിയെന്നാണ് കണക്ക്. ഇതിൽ 4106 പേർ സ്‌പോട്ട് ബുക്കിങ് വഴി എത്തിയതാണ്. ബുധനാഴ്‌ച വരെയുള്ള കണക്കനുസരിച്ച് പുൽമേട് വഴി ദർശനത്തിനെത്തിയത് 74,764 പേരാണ്. കഴിഞ്ഞവർഷം ഈ കാലയളവിൽ 69,250 പേരാണ് എത്തിയിരുന്നത്.
അതേസമയം കേരള ഹൈക്കോടതിയുടെ ഡിസംബർ 19ലെ ഉത്തരവ് പ്രകാരം ഇന്നത്തെയും നാളത്തെയും വെർച്വൽ ക്യൂ ബുക്കിങ്ങും സ്പോട് ബുക്കിങ്ങും വെട്ടിക്കുറച്ചിരുന്നു. ഇത് പ്രകാരം ഇന്ന് 60,000 അയ്യപ്പഭക്തർക്കാണ് വെർച്വൽ ക്യൂ ബുക്കിങ്ങിലൂടെ ദർശനം നടത്താനാവുക. സ്പോട് ബുക്കിങ്ങിലൂടെ 5000 പേർക്കും ദർശനം നടത്താൻ കഴിയും. അതേസമയം ഇന്ന് വൈകിട്ട് 7 മണിക്ക് ശേഷം പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ഭക്തരെ മലകയറാൻ അനുവദിക്കില്ല.
ഇന്ന് പതിവുപോലെ പുലർച്ചെ 3:00 മണിക്ക് നട തുറന്നു, ശേഷം 3.05 ന് നിർമാല്യം, 3.15 ഗണപതി ഹോമം, 3.25 മുതൽ 11 വരെ നെയ്യഭിഷേകം എന്നിങ്ങനെ ചടങ്ങുകൾ നടന്നു. രാവിലെ 11.57 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് സവിശേഷമായ മണ്ഡല പൂജ നടക്കുക.
മണ്ഡലപൂജ കഴിഞ്ഞ് 1 മണിക്ക് നടയടയ്ക്കും. വീണ്ടും 3 മണിക്ക് നടതുറന്ന് 6.30ന് ദീപാരാധനയും, രാത്രി 9.50ന് ഹരിവരാസനം ചൊല്ലി 10 മണിയോടെ നട അടയ്ക്കുമെന്ന് ജില്ലാ പൊലീസ് അറിയിച്ചു.
പരാതിരഹിത മണ്ഡലകാലം കൂട്ടായപ്രവർത്തനത്തിൻ്റെ ഫലം; ദേവസ്വം മന്ത്രി വിഎൻ വാസവൻ
കാലേകൂട്ടി നടത്തിയ തയ്യാറെടുപ്പുകളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലമാണ് പരാതിരഹിതമായ മണ്ഡലതീർഥാടനകാലമെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ പറഞ്ഞു. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താൻ ശബരിമല സന്നിധാനത്ത് സന്ദർശനത്തിനെത്തിയതായിരുന്നു മന്ത്രി.
ഒരുലക്ഷത്തിലേറെ തീർഥാടകർ വന്ന ദിവസമുണ്ടായിട്ടും ഒരാൾ പോലും ദർശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ല.
41 ദിവസം പൂർത്തിയാകുമ്പോൾ വന്ന എല്ലാ അയ്യപ്പഭക്തന്മാർക്കും ദർശനം ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. അവർ സംതൃപ്‌തിയോടെ മടങ്ങുന്ന കാഴ്‌ചയാണ് കണ്ടത്. അത്തരത്തിലായിരുന്നു ആസൂത്രണത്തിലെ മികവ്. പതിനെട്ടാം പടിയിൽ ഒരുമിനിട്ടിൽ 85-90 പേർ കയറുന്ന സാഹചര്യം സൃഷ്‌ടിക്കാനായത് ദർശനം സുഗമാക്കാൻ തുണച്ചു. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സന്നദ്ധസംഘടകളെക്കൂടി ഉൾപ്പെടുത്തി കാലേകൂട്ടി ചർച്ചകൾ നടത്തിയിരുന്നെന്നും വിഎൻ വാസവൻ പറഞ്ഞു.
"മുൻവർഷത്തെ അപേക്ഷിച്ച് അഞ്ച് ലക്ഷത്തോളം ഭക്തരാണ് ഈ 41 ദിവസത്തെ കാലയളവിൽ കൂടുതലായി എത്തിയത്. വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 28 കോടി രൂപയോളം കൂടുതലാണെന്ന് താൽക്കാലികമായി ലഭ്യമായ കണക്ക്. ദർശനം കിട്ടാതെ വന്നതായി ആരും പരാതിപ്പെട്ടിട്ടില്ല. സുഗമമായ ദർശനം ഉറപ്പാക്കാനായി എന്ന് വന്നവർ തന്നെ പറയുന്നു. മലകയറിവന്ന എല്ലാവർക്കും സൗജന്യഭക്ഷണം ഉറപ്പാക്കാനായി. അപ്പവും അരവണയും എല്ലാവർക്കും ലഭിക്കുമെന്ന് ഉറപ്പാക്കി." - വി എന്‍ വാസവന്‍
കാലേകൂട്ടി നടത്തിയ തയാറെടുപ്പുകൾ എല്ലാ അർഥത്തിലും ഫലം കണ്ടു. മകരവിളക്ക് ഒരുക്കങ്ങൾ സംബന്ധിച്ച് ഡിസംബർ 28ന് നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും. ഇന്ന് (ഡിസംബർ 26) നടക്കേണ്ട യോഗം എംടിയുടെ വിയോഗത്തെത്തുടർന്നാണ് മാറ്റിവെച്ചത്. ഇരുപത്തിയെട്ടിന് നടക്കുന്ന യോഗത്തിൽ മകരവിളക്കുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും ചർച്ച ചെയ്‌ത് തീരുമാനമെടുക്കുമെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.
Also Read: തങ്ക അങ്കി ചാർത്തി ശബരീശന് ദീപാരാധന; സന്നിധാനം ഭക്‌തിസാന്ദ്രം