വിഖ്യാത എഴുത്തുകാരന്‍ എം ടി വാസുദേന്‍ നായരുടെ വിയോഗത്തില്‍ ഹൃദയഭേദകമായ കുറിപ്പുമായി മോഹന്‍ലാല്‍. മഴതോര്‍ന്നത് പോലെയുള്ള ഏകാന്തയാണ് തന്‍റെ മനസില്‍, ചേര്‍ത്തു പിടിക്കുമ്പോള്‍ മറ്റാര്‍ക്കും നല്‍കാനാവാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകര്‍ന്നു തന്ന പിതൃതുല്യനായിരുന്നു എംടി തനിക്കെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പിലാണ് മോഹന്‍ലാല്‍ എംടിയെ അനുസ്‌മരിച്ചത്.
മോഹന്‍ലാലിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ രൂപം
"മഴ തോർന്നപോലെയുള്ള ഏകന്തതായാണ് ഇപ്പോൾ എന്‍റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്‌ത കങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ എന്‍റെ എം.ടി സാർ പോയല്ലോ. ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എംടി സാർ മടങ്ങിയല്ലോ.. .
എംടി സാർ എനിക്ക് ആരായിരുന്നു എന്ന് പറയാൻ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും. പഞ്ചാഗ്നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ?. വായിച്ച് കണ്ണുനിറഞ്ഞ വരികൾ അഭിനയിച്ചപ്പോൾ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതിൽപ്പരം ഒരു സംതൃപ്‌തി ഇനി എനിക്ക് കിട്ടാനുണ്ടോ?
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മലയാളത്തിൻ്റെ അഭിമാനത്തെ ജ്ഞാനപീഠത്തിലിരുത്തിയ, ബഹുമുഖപ്രതിഭയായിരുന്ന പ്രിയപ്പെട്ട എംടി സാറിന്, എങ്ങനെയാണ് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുക?" മോഹന്‍ലാല്‍ കുറിച്ചു.
അതേസമയം മോഹന്‍ലാല്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടിലെത്തി അവസാനമായി കണ്ട് അന്തിമോപചാരം അര്‍പ്പിച്ചു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് മോഹന്‍ലാല്‍ എംടിയുടെ വീട്ടിലെത്തിയത്. എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായിയെന്ന് മോഹന്‍ലാല്‍ അനുസ്‌മരിച്ചു.
തമ്മിൽ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഓളവും തീരവുമാണ് അവസാന ചിത്രം. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നമ്മുക്ക് നഷ്‌ടമായത്. അദ്ദേഹത്തിന്‍റെ ആരോഗ്യ വിവരങ്ങൾ ആശുപത്രിയിൽ വിളിച്ച് അന്വേഷിച്ചിരുന്നു'വെന്നും മോഹൻലാൽ വിശദീകരിച്ചു.
'എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായർ. ഒരുപാട് തവണ പരസ്‌പരം കാണുന്നില്ലെങ്കിലും തമ്മിൽ നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു.
Also Read:മലയാള സിനിമയിലെ 'എം ടി' എന്ന രണ്ടക്ഷരം; എഴുത്തിന്‍റെ കടലിൽ തിരയടങ്ങുമ്പോൾ