കോട്ടയം: വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് സന്ധി സംഭാഷണത്തിനെത്തിയ മഹാത്മാഗാന്ധിയെ പുറത്തിരുത്തിയ വടക്കേനടയിലെ ഇണ്ടംതുരുത്തി മനയിൽ അദ്ദേഹത്തിൻ്റെ പൗത്രൻ തുഷാർ ഗാന്ധിയെത്തി. വൈക്കം സത്യാഗ്രഹ സമരകാലത്ത് അധസ്ഥിതർക്ക് വഴി നടക്കാനുള്ള അവകാശം നേടുന്നതിനായി ഇണ്ടംതുരുത്തി മനയിലെത്തിയ മഹാത്മജിയെ അകത്തു കടത്താതിരുന്ന മനയിലെ പൂമുഖത്ത് അദ്ദേഹത്തിൻ്റെ പൗത്രൻ തുഷാർ ഗാന്ധി ഇരുന്നപ്പോൾ അത് കാലം കാത്തുവച്ച കാവ്യനീതിയായി.
മന വാങ്ങിയ കമ്യൂണിസ്റ്റ് നേതാവ് സി.കെ.വിശ്വനാഥൻ്റെ പേരിൽ വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയൻ (എഐടിയുസി) ഏർപ്പെടുത്തിയ അവാർഡ് വാങ്ങാനാണ് തുഷാർ എത്തിയത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി., ജില്ലാസെക്രട്ടറി അഡ്വ. വി ബി ബിനു, ചെത്തുതൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി എൻ രമേശൻ തുടങ്ങിയവർ ചേർന്ന് തുഷാറിനെ സ്വീകരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വൈക്കം സത്യഗ്രഹ സമരശതാബ്‌ദി കൊണ്ടാടുന്ന വേളയിൽ വൈക്കത്തെ കമ്മ്യൂണിസ്റ്റ് നേതാവും എംഎൽഎയുമായിരുന്ന സി കെ വിശ്വനാഥൻ്റെ സ്മരണക്കായി ഏർപ്പെടുത്തിയ സി കെ വിശ്വനാഥൻ അവാർഡ് സ്വീകരിക്കാനാണ് സാമൂഹ്യ പ്രവർത്തകനായ തുഷാർ ഗാന്ധി എത്തിയത്. വൈക്കം മഹാദേവ ക്ഷേത്രത്തിൻ്റെ ഊരാഴ്‌മ അവകാശമുണ്ടായിരുന്ന ഇണ്ടൻ തുരുത്തി മനയിലെ കാരണവരായ നമ്പൂതിരി, ജാതിയിൽ വൈശ്യനായ ഗാന്ധിജിയെ മനയിൽ പ്രവേശിപ്പിക്കാതിരിക്കാൻ വിസമ്മതിച്ചു. തുടര്‍ന്ന് ഇല്ലത്തിന് മുൻവശത്ത് പുതിയ പൂമുഖം തീർക്കുകയായിരുന്നു.
അവിടെ ഇരുന്നാണ് ഗാന്ധിജി ഇണ്ടൻ തുരുത്തി നമ്പൂതിരിയുമായി ചർച്ച നടത്തിയത്. കാലക്രമേണ ഇല്ലം സാമ്പത്തികമായി ക്ഷയിച്ചു. കെ കെ വിശ്വനാഥനാണ് ഇണ്ടംതുരുത്തി മന വിലയ്ക്ക് വാങ്ങി ചെത്തുതൊഴിലാളികളുടെ ആസ്ഥാനമാക്കിയത്. സത്യഗ്രഹ സമരത്തിൻ്റെ ശതാബ്‌ദി ആഘോഷ വേളയിൽ ഗാന്ധിജിയുടെ ചെറുമകന് കെ കെ വിശ്വനാഥൻ്റെ പേരിലുള്ള അവാർഡ് ലഭിച്ചത് ഏറെ സന്തോഷം പകരുന്നതായി തുഷാർ ഗാന്ധി പറഞ്ഞു.