അഹമ്മദാബാദ്: ലെസ്ബിയൻ പങ്കാളിക്കൊപ്പം പോയ ഗര്‍ഭിണിയായ ഭാര്യയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് യുവാവ് സമര്‍പ്പിച്ച ഹര്‍ജി തള്ളി ഗുജറാത്ത് ഹൈക്കോടതി. ലെസ്ബിയൻ പങ്കാളിയ്‌ക്കായി ഭാര്യ തന്നെ ഉപേക്ഷിച്ചെന്നും അവരെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് ചന്ദ്ഖേഡയിൽ നിന്നുള്ളയാളാണ് ഹൈക്കോടതിയില്‍ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചത്.
ഭാര്യ തന്നെ വിട്ടുപോകുന്നത് വരെ തങ്ങളുടെ ദാമ്പത്യത്തില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നു. ഏഴ് മാസം ഗര്‍ഭിണിയായ തന്‍റെ ഭാര്യയെ നിയമവിരുദ്ധമായി തടവിലാക്കിയതാണെന്നും അവരെ വിട്ടുകിട്ടണമെന്നുമായിരുന്നു ഭർത്താവിന്‍റെ ആവശ്യം. ജസ്റ്റിസ് എ.വൈ കോഗ്ജെ, ജസ്റ്റിസ് സമീർ ജെ. ദവേ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിഷയത്തില്‍ സംസ്ഥാന സർക്കാർ, സിറ്റി പൊലീസ് കമ്മീഷണർ, ചന്ദ്ഖേഡ ഐഐസി, ഗര്‍ഭിണിയായ സ്‌ത്രീയുടെ സുഹൃത്ത് എന്നിവരുൾപ്പെടെ നിരവധി കക്ഷികൾക്ക് കോടതി നോട്ടിസ് അയച്ചിരുന്നു. തുടര്‍ നടപടികള്‍ക്കായി പൊലീസ് സ്‌ത്രീയെ കോടതിയില്‍ ഹാജറാക്കി.
ഭര്‍ത്താവിന്‍റെ ഹര്‍ജിയിലെ കാര്യങ്ങള്‍ക്ക് നേര്‍വിപരീതമായ മൊഴിയാണ് ഇവര്‍ കോടതിയില്‍ നല്‍കിയത്. ഭര്‍ത്താവില്‍ നിന്ന് തനിക്ക് മാനസികവും ശാരീരികവുമായ പീഡനം ഏറ്റിരുന്നതായി ഇവര്‍ ആരോപിച്ചു. സ്‌ത്രീ സുഹൃത്തിനൊപ്പം പോകാനുള്ള തീരുമാനം സ്വമേധയാ എടുത്തതാണ്. ഭര്‍ത്താവിനൊപ്പം പോകാന്‍ തനിക്ക് സമ്മതമല്ലെന്നും സ്‌ത്രീ കോടതിയെ അറിയിച്ചു.
ഇതോടെയാണ് ഭര്‍ത്താവിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. സ്‌ത്രീയ്‌ക്ക് പ്രായപൂര്‍ത്തി ആയിട്ടുണ്ടെന്നും നിയമവിരുദ്ധ തടവിന് തെളിവുകളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യയെ കാണാനില്ലെന്ന് നേരത്തെ ഇയാള്‍ ചന്ദ്ഖേഡ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പൊലീസിന്‍റെ അന്വേഷണത്തില്‍ ഭാര്യ ബന്ധുവായ സ്‌ത്രീയ്‌ക്കൊപ്പം താമസിക്കുന്നതായി കണ്ടെത്തി. ഇതോടെയാണ് ഭാര്യയെ അന്യായമായി തടവില്‍ വച്ചിരിക്കുകയാണെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയര്‍ ചെയ്‌തത്. റിപ്പോർട്ടുകൾ പ്രകാരം, 2022 ഒക്‌ടോബറിലാണ് ഹർജിക്കാരൻ സ്‌ത്രീയെ വിവാഹം ചെയ്യുന്നത്.