എറണാകുളം : വയനാട് ദുരിതബാധിതർക്കായുള്ള ടൗൺഷിപ്പിനായി സർക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കൽ ഉത്തരവിനെതിരെ എസ്‌റ്റേറ്റ് ഉടമകൾ നൽകിയ ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. നിയമപ്രകാരം നഷ്‌ടപരിഹാരം എസ്‌റ്റേറ്റ് ഉടമകൾക്ക് നൽകണമെന്നും കോടതി പറഞ്ഞു. ഭൂമിയിന്മേൽ ഹർജിക്കാർക്ക് ഉടമസ്ഥാവകാശം ഇല്ലെന്ന് കണ്ടെത്തിയാൽ നഷ്‌ടപരിഹാരം തിരിച്ചു പിടിക്കാമെന്നും ഉത്തരവിൽ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വയനാട് ദുരിതബാധിതർക്ക് ടൗൺഷിപ്പ് നിർമിക്കാനായി 143.41 ഹെക്‌ടർ ഭൂമി ഏറ്റെടുക്കുന്നതിലെ തുടർ നടപടികളുമായി സർക്കാരിന് ഇനി മുന്നോട്ട് പോകാം. ഭൂമി ഏറ്റെടുക്കൽ നടപടികൾ റദ്ദാക്കണമെന്ന ഹാരിസൺ മലയാളം, എൽസ്റ്റൺ എസ്‌റ്റേറ്റ് തുടങ്ങിയവരുടെ ആവശ്യം ഹൈക്കോടതി തള്ളി. ഹാരിസൺ മലയാളത്തിൻ്റെ 65.41 ഹെക്‌ടർ ഭൂമിയും എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ 78 ഹെക്‌ടർ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്.
ദുരന്ത നിവാരണ നിയമം അനുസരിച്ച് സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനൊപ്പം എസ്‌റ്റേറ്റ് ഉടമകൾക്ക് നഷ്‌ടപരിഹാരം നൽകണം. ഉടമസ്ഥാവകാശം സംബന്ധിച്ച സിവിൽ കോടതിയുടെ തീർപ്പിന് വിധേയമായിട്ടായിരിക്കും ഈ നഷ്‌ടപരിഹാര തുകയിന്മേലുള്ള അവകാശം. ഹർജിക്കാർ ഉടമസ്ഥരല്ലെന്ന് കണ്ടെത്തിയാൽ നഷ്‌ടപരിഹാരം തിരിച്ച് പിടിക്കാനുള്ള നടപടികൾ സർക്കാരിന് സ്വീകരിക്കാം.
അതേ സമയം തന്നെ നഷ്‌ടപരിഹാരം കുറഞ്ഞ് പോയാൽ എസ്‌റ്റേറ്റ് ഉടമകൾക്ക് നിയമനടപടി സ്വീകരിക്കുകയുമാവാം. ടൗൺഷിപ്പിനായി എസ്‌റ്റേറ്റ് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് സർക്കാരിന് വേണ്ട സഹായം ഹർജിക്കാർ ചെയ്‌ത് കൊടുക്കണമെന്നും ഹർജി തീർപ്പാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.
Also Read: കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; അഡിഷണൽ ജില്ലാ ജഡ്‌ജിക്ക് സസ്പെൻഷൻ