കീവ്: കുര്‍സ്‌ക് മേഖലയില്‍ റഷ്യയ്‌ക്ക് പിന്തുണയുമായെത്തിയ ഉത്തരകൊറിയൻ സൈന്യത്തിലെ നിരവധി പേര്‍ കൊല്ലപ്പെട്ടതായി യുക്രെയ്‌ൻ മിലിട്ടറി ഇന്‍റലിജൻസ് റിപ്പോര്‍ട്ട്. യുക്രെയ്‌ൻ ആക്രമണങ്ങളില്‍ ഉത്തരകൊറിയൻ സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായി ജിയുആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന രഹസ്യാന്വേഷണ ഏജൻസിയാണ് അറിയിച്ചത്. മേഖലയില്‍ ഉത്തരകൊറിയൻ സൈനികര്‍ കുടിവെള്ളക്ഷാമം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങല്‍ നേരിടുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
ഏകദേശം 3000 ഉത്തരകൊറിയൻ സൈനികര്‍ക്ക് കുര്‍സ്‌ക് മേഖലയില്‍ വച്ച് ജീവൻ നഷ്‌ടമാവുകയും പരിക്കേല്‍ക്കുകയും ചെയ്‌തതായി യുക്രെയ്‌ൻ പ്രസിഡന്‍റ് വ്ളോഡിമര്‍ സെലൻസ്‌കി ഈ ആഴ്‌ച ആദ്യം പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തിനിടെ റഷ്യയെ സഹായിക്കാനായി ഉത്തരകൊറിയ 10,000-12,000 സൈനികരെ കൈമാറിയെന്ന് നേരത്തെ യുക്രെയ്‌ൻ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് നിര്‍ണായക വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജൻസി പുറത്തുവിട്ടിരിക്കുന്നത്. അതേസമയം 1,100 ഓളം ഉത്തരകൊറിയൻ സൈനികര്‍ മാത്രമാണ് കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്‌തതെന്നാണ് ദക്ഷിണ കൊറിയ അറിയിക്കുന്നത്. റഷ്യൻ അധിനിവേശം ആരംഭിച്ച് രണ്ടര വര്‍ഷത്തോളം സമയത്തിന് ശേഷം 2024 ഒക്‌ടോബറോടെയാണ് ഉത്തരകൊറിയൻ സൈനികര്‍ മോസ്‌കോയിലേക്ക് എത്തിത്തുടങ്ങിയതെന്നാണ് യുക്രെയ്‌ൻ, ദക്ഷിണ കൊറിയ, അമേരിക്ക എന്നീ രാജ്യങ്ങള്‍ അവകാശപ്പെടുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തുടര്‍ന്നുള്ള മൂന്ന് മാസക്കാലയളവില്‍ 10,000 ഉത്തര കൊറിയൻ സൈനികരെ കുര്‍സ്‌ക് മേഖലയിലേക്ക് വിന്യസിച്ചതായി പെന്‍റഗണ്‍ കണക്കാക്കുന്നു. 2024 ഓഗസ്റ്റോടെയാണ് റഷ്യൻ അതിര്‍ത്തി പ്രദേശമായ കുര്‍സ്‌കിലെ 1294 ചതുരശ്ര കിലോ മീറ്റര്‍ പ്രദേശം യുക്രെയ്‌ൻ പിടിച്ചെടുത്തത്. മൂന്ന് ആഴ്‌ചയോളം നീണ്ട നുഴഞ്ഞുകയറ്റ ശ്രമമായിരുന്നു യുക്രെയ്‌ന്‍റെ ഭാഗത്ത് നിന്നുമുണ്ടായത്. യുക്രെയ്‌ൻ സേനയില്‍ നിന്നും കുര്‍സ്‌കിലെ ചില പ്രദേശങ്ങള്‍ വീണ്ടെടുക്കാൻ റഷ്യയ്‌ക്കായെങ്കിലും പൂര്‍ണമായും യുക്രെയ്‌ൻ സൈന്യത്തെ പുറത്താക്കാൻ കഴിഞ്ഞിട്ടില്ല.
യുക്രെയ്‌ൻ പ്രതിരോധം തകര്‍ക്കുന്നതിന് ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചും റഷ്യ ആക്രമണങ്ങള്‍ തുടരുന്നുണ്ട്. ഇക്കഴിഞ്ഞ ക്രിസ്‌മസ് ദിനത്തില്‍ യുക്രെയ്‌ന്‍റെ ഊര്‍ജ സംവിധാനം തകര്‍ക്കാൻ റഷ്യക്കായി. ക്രിവി റിഹിലെയും ഖാര്‍ കീവിലെയും ജനവാസമേഖലകള്‍ക്ക് നേരെയായിരുന്നു റഷ്യയുടെ മിസൈല്‍ ആക്രമണം. ഈ സംഭവത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.