എറണാകുളം : മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സ്(95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം പനി ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.
സിഐടിയു സംസ്ഥാന സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, പാർലമെന്‍റ് അംഗം തുടങ്ങിയ സുപ്രധാന പദവികള്‍ വഹിച്ചു. 1998 വരെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. കൊച്ചിന്‍ പോര്‍ട്ട് തൊഴിലാളി യൂണിയന്‍ പ്രസിഡന്‍റും ആയിരുന്നു.
കൊച്ചിയിൽ സി പി എമ്മിനെയും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളെയും സജീവമാക്കുന്നതിൽ നിർണായക പങ്കു വഹിച്ച നേതാവായിരുന്നു അദ്ദേഹം. പത്താം വയസിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്‌ടനാവുകയും പതിനേഴാം വയസിൽ പാർട്ടി അംഗമാകുകയും ചെയ്‌തു. പിന്നീടിങ്ങോട്ട് എംഎം ലോറൻസ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോരാട്ട ചരിത്രത്തിന്‍റെ ഭാഗമായിരുന്നു. പ്രത്യേകിച്ചും തൊഴിലാളി പ്രസ്ഥാനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഒളിവുജീവിതവും ജയിൽവാസവും ഉൾപ്പെടെ വിപ്ലവ വീര്യം നിറഞ്ഞ ചരിത്രമാണ് ലോറൻസിന്‍റെ ജീവിതം.
1950 ൽ അപ്രതീക്ഷിതമായി ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കാളിയായി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മാർക്‌സിസ്റ്റ് ആയപ്പോൾ സിപിഎമ്മിന്‍റെ തല മുതിർന്ന നേതാവായി. പാർട്ടി വളർന്നപ്പോൾ തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സേവ് സിപിഎം ഫോറത്തിന്‍റെ പേരിൽ പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ നിന്ന് തരംതാഴ്ത്തിയതിൽ അദ്ദേഹത്തിന് എന്നും ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ഏകപക്ഷീയമായിരുന്നു പാർട്ടി നടപടി എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എല്ലാകാലത്തും മുതിർന്ന സി പി എം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാന്ദന്‍റെ വിമർശകനായിരുന്നു ലോറൻസ്. തന്‍റെ രാഷ്ട്രീയ ഭാവി നശിപ്പിച്ചത് വിഎസ് അച്യുതാനന്ദൻ എന്ന വ്യക്തി മാത്രമാണന്നായിരുന്നു ലോറൻസ് നേരത്തെ ഇടിവി ഭാരതിനോട് വ്യക്തമാക്കിയത്.