ഇടുക്കി: എട്ട് ബ്ലോക്കുകളിലായി 800 കോടി രൂപയുടെ തട്ടിപ്പാണ് സീഡ് സൊസൈറ്റിയുടെ പേരിൽ അനന്തു കൃഷ്‌ണന്‍ നടത്തിയതെന്ന് പ്രാഥമിക കണ്ടെത്തൽ. തട്ടിപ്പ് മുന്നിൽ കണ്ട് കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുമ്പ് അനന്തു കൃഷ്‌ണ രാഷ്ട്രീയ പാർട്ടികൾക്ക് പണം നൽകി. ഏപ്രിൽ 2ന് സിപിഎം മൂലമറ്റം ഏരിയാ കമ്മിറ്റിയുടെ പാർട്ടി അക്കൗണ്ടിലേക്ക് അനന്തു കൃഷ്‌ണ രണ്ടര ലക്ഷം രൂപ നൽകിയിട്ടുണ്ടെന്ന് ജില്ലാ സെക്രട്ടറി സ്ഥിരീകരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാർട്ടിയുമായി ബന്ധപ്പെട്ട പണമിടപാടുകൾക്ക് കൃത്യമായി അക്കൗണ്ട് സൂക്ഷിക്കാറുണ്ടെന്നും ഇക്കാര്യത്തിൽ പാർട്ടിക്ക് ആശങ്കയില്ലെന്നുമാണ് സിപിഎം നേതാക്കളുടെ വാദം. പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ സമയത്ത് അനന്തു കൃഷ്‌ണയിൽ നിന്ന് യുഡിഎഫ് രണ്ട് ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കളും സ്ഥിരീകരിക്കുന്നു. പ്രാദേശിക തലത്തിൽ ഏതെങ്കിലും നേതാക്കൾ അനന്തു കൃഷ്‌ണയിൽ നിന്ന് ഫണ്ട് വാങ്ങിയിട്ടില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ വാദം.
അനന്തു കൃഷ്‌ണയിൽ നിന്ന് ഫണ്ട് വാങ്ങിയിട്ടുണ്ടോ എന്നതിൽ ബിജെപി നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാൽ നിയമസഭയിൽ പ്രാതിനിധ്യം ഉള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാർട്ടികൾക്ക് വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് അനന്തു കൃഷ്‌ണ ഫണ്ട് നൽകിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
സീഡ് സൊസൈറ്റി രൂപീകരിച്ച ശേഷം ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തല ഭാരവാഹികളെ തെരഞ്ഞെടുത്തതിൽ അനന്തു കൃഷ്‌ണ നടത്തിയത് കൃത്യമായ ഇടപെടലുകളാണ്. ജില്ലാ തലത്തിൽ പ്രധാന രാഷ്ട്രീയ പാർട്ടി നേതാക്കളെയും മുൻ ജനപ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് സീഡ് സൊസൈറ്റി രൂപീകരിച്ചത്. ജില്ലയിലെ എട്ട് ബ്ലോക്കുകളിലും ഭാരവാഹികളെ തെരഞ്ഞെടുത്തതിലും ഇതേ മാനദണ്ഡം പാലിച്ചു. മുൻ ജനപ്രതിനിധികൾ, നിലവിലെ ജനപ്രതിനിധികൾ എന്നിവരും സീഡ് സൊസൈറ്റി ഭാരവാഹികളായി.
നെടുങ്കണ്ടം ബ്ലോക്ക് പ്രസിഡൻ്റായി നിയമിച്ചത് സിപിഎമ്മിൻ്റെ ബ്രാഞ്ച് സെക്രട്ടറിയെയാണ്. ഇതേ ബ്ലോക്കില്‍ ഉൾപ്പെടുന്ന സേനാപതി പഞ്ചായത്തിൽ വാർഡ് പ്രമോട്ടറായി നിയമിച്ചത് പഞ്ചായത്തംഗമായ കോൺഗ്രസ് വനിതാ നേതാവിനെയാണ്. ശാന്തൻപാറ പഞ്ചായത്തിൽ സിപിഎം വനിതാ നേതാവിൻ്റെ ബന്ധുവാണ് സീഡ് കോ-ഓർഡിനേറ്റർ. സിപിഎം കുട്ടാർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെയാണ് കരുണാപുരത്തെ സീഡ് സൊസൈറ്റി ഭാരവാഹിയായി നിയമിച്ചത്.
വ്യാപകമായി പണം തട്ടിയെന്ന വീട്ടമ്മമാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തിനെതിരെ കമ്പംമെട്ട് പൊലീസ് കേസ് എടുത്തിരുന്നു. സിപിഎമ്മിൻ്റെ മുൻ പഞ്ചായത്തംഗമാണ് രാജാക്കാട് പഞ്ചായത്തിൽ സീഡ് സൊസൈറ്റിയുടെ പ്രധാന ഭാരവാഹി. കുമളിയിലെ മുൻ പഞ്ചായത്ത് പ്രസിഡൻ്റായ കോൺഗ്രസ് വനിതാ നേതാവും സീഡ് സൊസൈറ്റി ഭാരവാഹിയാണ്.
Also Read:കൂണ്‍ കൃഷിയില്‍ തുടക്കം, പ്രഭാഷകനായും സ്റ്റാഫായും വിലസി; പിന്നീട് സന്നദ്ധ സംഘടന, ആരാണ് അനന്തു കൃഷ്‌ണൻ..?