വയനാട് : ജയിക്കാനാണ് മത്സരിക്കുന്നതെന്ന് വയനാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി നടത്തിയ റോഡ് ഷോയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. 'ഇടതു മുന്നണി പ്രവര്‍ത്തകരും നേതാക്കളുമൊക്കെ ആവേശത്തിലാണ്. പൊതുജനങ്ങളും ഇത്തവണ ആവേശത്തിലാണ്. രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷമൊന്നും എനിക്ക് പ്രശ്‌നമല്ല. ഞങ്ങള്‍ ഞങ്ങളുടെ രാഷ്ട്രീയം പറഞ്ഞാണ് വോട്ടര്‍മാരെ സമീപിക്കുന്നത്' -ആനി രാജ പറഞ്ഞു.
'ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഞങ്ങള്‍ക്ക് നയമുണ്ട്. ഫാസിസം, സംഘപരിവാര്‍ രാജ്യത്ത് ഉയര്‍ത്തി വിടുന്ന സംഘട്ടനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇടതു മുന്നണി ഞങ്ങളുടെ നയം വോട്ടര്‍മാരിലെത്തിക്കും. ഇതുവരെ കൈപ്പത്തിക്ക് വോട്ട് ചെയ്യാത്തവര്‍ പോലും കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്‌തിട്ടുണ്ട്. അത് ജയിച്ചാല്‍ രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് കരുതിയായിരുന്നു. കഴിഞ്ഞ തവണ തെറ്റുപറ്റിപ്പോയെന്ന് വോട്ടര്‍മാര്‍ എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. ഇത്തവണ രാഹുലിന്‍റെ വിധിയെന്താണെന്നുള്ളത് ഇടതു മുന്നണിക്ക് പ്രശ്‌നമല്ലെ'ന്ന് അവർ കൂട്ടിച്ചേർത്തു.
അതേസമയം ഇന്ന് തന്നെ കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ രാഹുൽ ഗാന്ധിയും നാമനിർദേശ പത്രിക സമർപ്പിക്കും. തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ച് കൽപ്പറ്റ ടൗണിൽ റാലി നടത്തിയ ശേഷം രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കും. ആനി രാജയേയും രാഹുൽ ഗാന്ധിയേയും ഇറക്കി കളിക്കുന്ന ഇരുമുന്നണികൾക്കും നേരെ ഭാരതീയ ജനത പാർട്ടി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെയാണ് മണ്ഡലത്തിൽ മത്സരിപ്പിക്കുന്നത്.