കോഴിക്കോട്:ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ രക്ഷാദൗത്യത്തിന് മുന്നിട്ടിറങ്ങുന്ന മുക്കം ഫയർഫോഴ്‌സിനെ വെള്ളം കുടിപ്പിച്ച് കൊണ്ടൊരു വിവാഹ വാർഷികാഘോഷം. മുക്കം കുറ്റിപ്പാലയിലെ കെപി അനിൽകുമാർ അരുണ ദമ്പതികളുടെ 25ാം വിവാഹ വാർഷികാഘോഷമാണ് അഗ്നിരക്ഷാ സേന ജില്ലാ പരിശീലനം കേന്ദ്രം കൂടിയായ മുക്കം ഫയർ സ്‌റ്റേഷനിൽ കുടിവെള്ളം എത്തിച്ചുകൊണ്ട് ഏറെ വ്യത്യസ്‌തമായി ആഘോഷിച്ചത്. നാട്ടിലെ ഏത് വിഷയത്തിലും മുന്നിട്ടിറങ്ങുന്ന മുക്കം ഫയർ ഫോഴ്‌സ് കഴിഞ്ഞ എട്ട് വർഷമായി കുടിവെള്ളം കിട്ടാതെ വലയുന്ന അവസ്ഥയിലായിരുന്നു.
മിക്ക ദിവസവും വെള്ളം കുടിക്കണമെങ്കിൽ ഫയർഫോഴ്‌സ് ജീവനക്കാർ കുപ്പിവെള്ളത്തെയാണ് ആശ്രയിച്ചിരുന്നത്. ആധുനിക സംവിധാനത്തോടെയുള്ള പുതിയ കെട്ടിടം പണിഞ്ഞപ്പോഴും കുടിവെള്ളത്തിന് സംവിധാനം ഉണ്ടായിരുന്നില്ല. ഇതറിഞ്ഞാണ് മുക്കം കുറ്റിപ്പാലയിലെ കെപി അനിൽകുമാറും അരുണയും ഇത്തവണത്തെ വിവാഹ വാർഷികം മുക്കം ഫയർഫോഴ്‌സിന് കുടിവെള്ളം എത്തിച്ചുകൊണ്ട് നടത്തിയത്.
മുക്കം മുനിസിപ്പൽ കൗൺസിലർ ജോഷില സന്തോഷിൻ്റെ സഹായത്തോടെ ആദ്യം ഫയർ സ്‌റ്റേഷൻ പരിസരത്തെ മുനിസിപ്പാലിറ്റിയുടെ കിണർ നവീകരിച്ചു. കൂടാതെ പമ്പ് സെറ്റും കുടിവെള്ളം എത്തിക്കുന്നതിന് പൈപ്പടക്കമുള്ള സംവിധാനങ്ങളും ഒരുക്കി.