തിരുവനന്തപുരം : ദുരന്ത നിവാരണ നിയമത്തിന്‍റെ മറവില്‍ നടക്കുന്ന കോടി കണക്കിന് രൂപയുടെ ധാതുമണല്‍ ഖനനത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. കേസില്‍ വിധി പറയുക ഏപ്രിൽ നാലിനാണ്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
ഹർജിയിന്‍മേല്‍ കോടതി നേരിട്ട് അന്വേഷിക്കേണ്ട, വിജിലൻസ് അന്വേഷണം മാത്രം മതി എന്ന് കാട്ടി മാത്യു കുഴൽനാടൻ കോടതിയിൽ മെമ്മോ ഫയൽ ചെയ്‌തിട്ടുണ്ട്. മാത്യു കുഴൽനാടന് വേണ്ടി ഹാജരായ അഭിഭാഷകനോട് എന്ത് നിലപാട് സ്വീകരിക്കണം എന്ന് കോടതി ചോദിച്ചു. ഈ സമയത്താണ് ഇത്തരമൊരു ആവശ്യം കുഴൽനാടന്‍റെ അഭിഭാഷകൻ ഉന്നയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ തൈക്കണ്ടിയില്‍, എന്നിവർ ഉൾപ്പടെ ഏഴ് പേരാണ് കേസിലെ എതിർകക്ഷികള്‍. പിണറായിക്കും മകള്‍ക്കും പുറമെ സി.എം.ആര്‍.എല്‍ ഉടമ എസ്. എന്‍. ശശിധരന്‍ കര്‍ത്ത, സി.എം.ആര്‍.എല്‍, കെ. എം.എം.എല്‍, ഇന്‍ഡ്യന്‍ റെയര്‍ എര്‍ത്ത്‌സ്, എക്‌സാലോജിക് എന്നിവരുമാണ് എതിർകക്ഷികള്‍.
ആറാട്ടുപുഴയിലും, തൃക്കുന്നപ്പുഴയിലും ധാതുമണല്‍ ഖനനത്തിനായി കര്‍ത്ത സ്ഥലം വാങ്ങിയെങ്കിലും 2004 ലെ സംസ്ഥാന ഉത്തരവും, കേന്ദ്ര നിയമങ്ങളും എതിരായതിനാല്‍ ഖനനാനുമതി ലഭ്യമായിരുന്നില്ല. കേരള ഭൂവിനിമയ ചട്ട പ്രകാരം പ്രസ്‌തുത ഭൂമിക്ക് ഇളവ് ലഭ്യമാക്കാനുളള കര്‍ത്തയുടെ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ വിജയൻ സി.എം.ആര്‍.എല്ലുമായി കരാറില്‍ ഏര്‍പ്പെടുന്നത്. ഇതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ട് റവന്യൂ വകുപ്പിനോട് കര്‍ത്തയുടെ അപേക്ഷയില്‍ പുനപ്പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചതായി ഹര്‍ജിക്കാരന്‍ ആരോപിക്കുന്നുണ്ട്.