കേരളം

kerala

ETV Bharat / state

വെയ്റ്റ് ലോസാണോ ലക്ഷ്യം കടുംപുട്ട് തന്നെ നല്ലത്;കുടകരുടെ രുചിക്കൂട്ടിന് മലയാളി ആരാധകര്‍ - COORG SPECIAL FOOD ITEM KADAMBUTT - COORG SPECIAL FOOD ITEM KADAMBUTT

കുടകരുടെ പരമ്പരാഗത ഭക്ഷണമായ കടുംമ്പുട്ടിന്‍റെ വിശേഷങ്ങളറിയാം. കുടകിന്‍റെ ദേശീയ ഭക്ഷണം ആരോഗ്യത്തിലും രുചിയിലും കേമന്‍

KADUMBUTT  COORG FOOD ITEM  കടുംമ്പുട്ട്  കുടകരുടെ സ്വന്തം കടുംമ്പുട്ട്
Coorg special food item Kadumbuttu details (Etv Bharat Reporter)

By ETV Bharat Kerala Team

Published : May 3, 2024, 9:26 PM IST

Updated : May 4, 2024, 1:09 PM IST

കുടകരുടെ സ്വന്തം കടുംമ്പുട്ട് (Etv Bharat Reporter)

കണ്ണൂര്‍: കുടകിന്‍റെ ദേശീയ ഭക്ഷണമാണ് കടുംമ്പുട്ട്. പേരുകേട്ടാല്‍ കടുപ്പമെങ്കിലും ഇതുപോലെ സോഫ്റ്റായ മറ്റൊരു ഭക്ഷണം കേരളത്തിലോ കര്‍ണാടകത്തിലോ വിരളം. കൊഴുക്കട്ടയും ഇഡ്ഡലിയും ചേര്‍ന്നപോലെ മലയാളിക്ക് തോന്നുമെങ്കിലും ഇത് രണ്ടുമല്ല കടുംമ്പുട്ട്. പരമ്പരാഗതമായി കുടകര്‍ ഉപയോഗിച്ച് വരൂന്ന കടുംമ്പുട്ട് പ്രഭാത ഭക്ഷണമായും അത്താഴത്തിനുമാണ് ഉപയോഗിച്ച് വരുന്നത്.

കുടകിലെത്തുന്ന അതിഥികളെ സല്‍ക്കരിക്കാന്‍ കടുംമ്പുട്ടും പന്നിക്കറിയും നല്‍കിയാണ് സ്വീകരിക്കാറ്. അതുകൊണ്ട് തന്നെ കടുമ്പുട്ടിന്‍റെ ആരാധകരേറേയും മലയാളികളാണ്. എന്നാല്‍ കൊടവ വിഭാഗത്തില്‍ മാംസാഹാരികളും സസ്യാഹാരികളുമുണ്ട്. അമ്മകുടവര്‍ എന്നറിയപ്പെടുന്നവര്‍ സസ്യാഹാരികളാണ്. അതിനാല്‍ തന്നെ അവര്‍ കടുംമ്പുട്ടിനൊപ്പം മസാലക്കറിയും ചമ്മന്തിയും കൂട്ടുകറിയും ബജ്ജിയുമൊക്കെയാണ് ചേരുവയായി ഉപയോഗിക്കുന്നത്.

കടുംമ്പുട്ടെന്ന് കേള്‍ക്കുമ്പോള്‍ പന്നിക്കറി മാത്രമേ ഒപ്പം ചേര്‍ക്കൂ എന്ന ധാരണ വേണ്ട. കുടകിലെ വീടുകളില്‍ സസ്യാഹാരികള്‍ രുചി ഭേദമുള്ള കറികളുമായി കടുംമ്പുട്ട് കഴിക്കാറുണ്ടെന്ന കാര്യം അധികം പേര്‍ക്കും അറിയില്ല. കടുംമ്പുട്ടിന്‍റെ യഥാര്‍ത്ഥ രുചി അറിയണമെന്നുണ്ടെങ്കില്‍ അത് കുടകരുടെ വീടുകളില്‍ നിന്നു തന്നെ കഴിക്കണം.

അരികൊണ്ടാണ് കടുംമ്പുട്ട് ഉണ്ടാക്കുന്നത്. കുടകിലെ നേരിയ അരിയാണ് അതിന് രുചി നല്‍കുന്നത്. പഞ്ചസാര വലുപ്പത്തില്‍ തരിയായി പൊടിച്ച അരിയാണ് കടുംമ്പുട്ട് ഉണ്ടാക്കാന്‍ വേണ്ടത്. പാനില്‍ തിളച്ചു മറിയുന്ന വെള്ളത്തില്‍ പൊടിച്ച അരി കുറേശ്ശെയായി ഇട്ട് പാകപ്പെടുത്തണം. ഏതാണ്ട് ഉപ്പുമാവ് പരുവത്തില്‍ ആയ ശേഷം ചൂടോടെ ഉരുളകളാക്കി മാറ്റും. ലഡു വലുപ്പത്തിലാണ് ഉരുളകളാക്കേണ്ടത്.

പിന്നീട് ഇഡ്ഡലി പാത്രത്തിന് സമാനമായ ഒരു പാത്രത്തിനടിയില്‍ തുണി മടക്കി വെച്ച് ഈ ഉരുളകള്‍ അതില്‍ വെക്കും. ആവിത്തട്ടില്‍ വേവുന്ന ഉരുളകള്‍ സ്‌പൂണോ മറ്റോ എടുത്ത് കുത്തി നോക്കിയാല്‍ പാകം മനസിലാക്കാം. തുമ്പപ്പൂവ് പോലെ വെളുത്ത കടുംമ്പുട്ട് കാഴ്‌ചയില്‍ പോലും സുന്ദരമാണ്.

ഇഷ്‌ടമുള്ള കറിക്കൊപ്പം കഴിക്കുമ്പോള്‍ തീര്‍ച്ചയായും നമ്മുടെ വായില്‍ രുചിയുടെ തിരയിളകും. ആവിയില്‍ വേവിച്ചെടുക്കുന്ന ഭക്ഷണമായതിനാല്‍ കടുംമ്പുട്ട് കഴിച്ചാല്‍ വയര്‍ വേഗത്തില്‍ നിറയുകയും വിശപ്പിനെ ഏറെ നേരത്തേക്ക് തടഞ്ഞു നിര്‍ത്തുകയും ചെയ്യും. പന്നിക്കറിയായാലും പച്ചക്കറിയായാലും ഇതിന്‍റെ കൂടെ ഉപയോഗിക്കുന്നത് ആരോഗ്യകരവും സ്വാദിഷ്‌ടവുമാണ്. ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ ഭക്ഷണമാണ് കടുംമ്പുട്ട്. ബജ്ജിയും ഇതിനുള്ള കൂട്ടുകറിയും ചമ്മന്തിയുമൊക്കെ ചേര്‍ന്നാല്‍ പെട്ടെന്ന് ദഹിക്കാനും എളുപ്പമാണ്.

Also Read :നിസര്‍ഗ്ഗദാമയെന്ന പറുദീസ; മുളംകാടുകളാൽ നിബിഢമായ വനഭൂമിയിലേക്കൊരു യാത്ര

Last Updated : May 4, 2024, 1:09 PM IST

ABOUT THE AUTHOR

...view details