കണ്ണൂർ : വടക്കൻ കേരളത്തിൽ റെയിൽവേ സ്റ്റേഷനുകൾക്ക് അടുത്തെല്ലാം യാത്രക്കാരെ അനുഗ്രഹിച്ച് മുത്തപ്പനുണ്ട്, മുത്തപ്പൻ ക്ഷേത്രവും ഉണ്ട്. കണ്ണൂരിലെ മടപ്പുരയിൽ ആകട്ടെ ആഴ്‌ചയിലെ ഒരു ദിനം അന്നദാനവും. എന്നാല്‍ കണ്ണൂർ ജില്ലയിലെ പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ മുത്തപ്പന് തറവാട് തന്നെയാണ്.
മൂന്ന് ട്രാക്കുകൾ, രണ്ട് പ്ലാറ്റ്‌ഫോമുകൾ... വലിയ സ്റ്റേഷൻ അല്ലെങ്കിലും മുത്തപ്പന്‍ ഐതിഹ്യങ്ങളില്‍ പ്രധാനിയാണ് പഴയങ്ങാടി. ഇവിടെ വർഷങ്ങളായി മുടങ്ങാതെ സ്റ്റേഷനിൽ എത്തി ജീവനക്കാരെയും യാത്രക്കാരെയും തീവണ്ടികളെയും മുത്തപ്പൻ അനുഗ്രഹികാറുണ്ടെണ്ടെന്ന് പറഞ്ഞാൽ ചിലരെങ്കിലും അമ്പരക്കും. മുത്തപ്പൻ കെട്ടിയാടുമ്പോൾ തറവാട്ടിൽ കയറുന്ന ചടങ്ങ് പ്രധാനമാണ് എന്ന് മടയൻ കൂടിയ ഇ പി വിജയൻ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
25 വർഷം മുമ്പ് അന്നത്തെ സ്റ്റേഷൻ മാസ്റ്റർ, തറവാട്ടിൽ കയറണം എന്ന് നിർദേശിച്ചതോടെയാണ് സ്റ്റേഷനടുത്തുള്ള മുത്തപ്പൻ മടപ്പുരയിൽ കെട്ടിയാടുന്ന മുത്തപ്പനും തിരുവപ്പനും സ്റ്റേഷനിൽ എത്തി അനുഗ്രഹിക്കാൻ തുടങ്ങിയത്. യാത്രക്കാരെയും സ്റ്റേഷൻ ജീവനക്കാരെയും അരിയിട്ട് സ്വീകരിക്കുകയും അരിയിട്ട് യാത്രയാക്കുകയും ചെയ്യും. സ്റ്റേഷനുകൾക്ക് അടുത്ത് മുത്തപ്പൻ മടപ്പുരകളും തെയ്യക്കാവുകളും ഉണ്ടെങ്കിലും പഴയങ്ങാടിയിൽ അല്ലാതെ മറ്റൊരിടത്തും സ്റ്റേഷനുകളിലേക്ക് മുത്തപ്പൻ കയറാറില്ല.
റെയിൽവേ സ്റ്റേഷൻ തറവാട് ആയ കഥ
പഴയങ്ങാടി റെയിൽവേ സ്റ്റേഷനും മുത്തപ്പനും തമ്മിലുള്ള ബന്ധത്തിന് ഏറെ പഴക്കമുണ്ട്. 1920ൽ അന്നത്തെ പള്ളിക്കര റെയിൽവേ സ്റ്റേഷനിൽ, ഇന്നത്തെ ബേക്കൽ ഫോർട്ട് സ്റ്റേഷൻ, മദിരാശിയിൽ നിന്ന് എത്തിച്ച യന്ത്ര സാമഗ്രികൾ ഉടമ വരും മുമ്പേ കാണാതായി. അന്ന് ഒരു ലക്ഷത്തോളം രൂപ വില വരുന്നതായിരുന്നു നഷ്‌ടപ്പെട്ട വസ്‌തുക്കൾ. ഇത് തിരിച്ചു കിട്ടാൻ മുത്തപ്പനെ കെട്ടി ആടിക്കും എന്ന് സ്റ്റേഷൻ മാസ്റ്റർ പ്രാർഥിക്കുന്നു. പിറ്റേന്ന് തന്നെ കടലോരത്ത് നഷ്‌ടമായ വസ്‌തുക്കള്‍ കണ്ടെത്തി എന്ന് പറയപ്പെടുന്നു.
മദിരാശയിലെ ഉദ്യോഗസ്ഥർക്ക് സന്ദേശം കൈമാറിയതോടെ മുത്തപ്പനെ കെട്ടിയാടിക്കാൻ അനുവാദം ലഭിക്കുകകയായിരുന്നു. തനിക്ക് ആരൂഡം നിർമിക്കണം എന്ന് കോലം മുഖേന മുത്തപ്പൻ പറഞ്ഞപ്പോൾ അതിനും അനുവാദമായി. ഷൊർണൂർ മുതൽ മംഗളൂരു വരെയുള്ള പല സ്റ്റേഷനുകൾക്ക് സമീപവും റെയിൽവേ മുത്തപ്പൻ മടപ്പുരകൾ സ്ഥാപിച്ച് മുത്തപ്പനും തിരുവപ്പനും കെട്ടിയാടിക്കുവാൻ തുടങ്ങി.
സമാനമായ കഥകൾ മറ്റു റെയിൽവേ സ്റ്റേഷനുകളുമായി ബന്ധമുണ്ടെങ്കിലും റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രാർഥന നിർവഹിച്ചതുമായി ബന്ധപ്പെട്ടാണ് ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ മുത്തപ്പൻ മടപ്പുരകൾ തുടങ്ങിയത് എന്നാണ് പറയപ്പെടുന്നത്. 1965 ലാണ് പഴയങ്ങാടിയില്‍ റെയിൽവേ മടപ്പുര സ്ഥാപിച്ചത്.
Also Read: