പാലക്കാട് : ഡോ പി സരിനെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയത് മികച്ച തീരുമാനമായിരുന്നു എന്ന് സിപിഎം വിലയിരുത്തൽ. വെള്ളിയാഴ്‌ച വൈകിട്ട് ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സരിൻ്റെ സ്ഥാനാർഥിത്വം ഗുണകരമായി എന്ന വിലയിരുത്തൽ ഉണ്ടായത്.
മുതിർന്ന നേതാവും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ എൻ എൻ കൃഷ്‌ണദാസിൻ്റെ രണ്ട് പരാമർശങ്ങൾ തിരിച്ചടി ഉണ്ടാക്കിയതായും യോഗത്തില്‍ വിമർശനമുയർന്നു. തിരുത്താന്‍ ആവശ്യപ്പെട്ടിട്ടും അദ്ദേഹം തിരുത്തിയില്ലെന്നായിരുന്നു വിമർശനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മാധ്യമ പ്രവർത്തകരെ ഇറച്ചിപ്പട്ടികളോട് ഉപമിച്ച് കൃഷ്‌ണദാസ് നടത്തിയ പ്രസ്‌താവന ഏറെ ദോഷം ചെയ്‌തുവെന്ന് ഭൂരിപക്ഷം നേതാക്കളും വിലയിരുത്തി. നീല ട്രോളി വിവാദത്തിൽ കൃഷ്‌ണദാസ് നടത്തിയ പ്രസ്‌താവന കടുത്ത തിരിച്ചടി ഉണ്ടാക്കിയെന്നും വിമർശനമുയർന്നു. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി നീല ട്രോളി ബാഗിൽ പണം എത്തിച്ചു എന്ന ആരോപണം പ്രചാരണ രംഗത്ത് ചൂടുപിടിച്ചു നിൽക്കുന്ന സമയത്താണ് നീല ട്രോളി വലിച്ചെറിഞ്ഞ് വികസനത്തിലൂന്നിയ പ്രചരണം നടത്തണമെന്ന് കൃഷ്‌ണദാസ് ആവശ്യപ്പെട്ടത്.
ട്രോളി വിവാദത്തിൽ സിപിഎമ്മിനകത്ത് ആശയക്കുഴപ്പമുണ്ടെന്ന യുഡിഎഫ് വിമർശനത്തെ ശരിവയ്‌ക്കും വിധത്തിലായി കൃഷ്‌ണദാസിൻ്റെ പ്രസ്‌താവനയെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ കൃഷ്‌ണദാസിനെതിരായി ശക്തമായ നീക്കങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. സിപിഎം പാലക്കാട് ഏരിയാ സമ്മേളനം നടക്കാനിരിക്കുകയാണ്.
Also Read: അഭിമന്യു കൊലക്കേസിൽ വിചാരണ ആരംഭിക്കാൻ വൈകുന്നതെന്ത്?; റിപ്പോർട്ട് തേടി ഹൈക്കോടതി