ഇടുക്കി:അനായാസം ലഭിക്കേണ്ട നഗരസഭ ഭരണം തമ്മിലടിയാൽ നഷ്‌ടമായതിനു പിന്നാലെ ജില്ലയിലെ യുഡിഎഫില്‍ പൊട്ടിത്തെറി. കാലങ്ങളായുള്ള കോണ്‍ഗ്രസ്-ലീഗ് ബന്ധത്തിനാണ് തിങ്കളാഴ്‌ച നടന്ന നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പോടെ വിള്ളല്‍ വീണത്. എല്‍ഡിഎഫില്‍ നിന്നും നഗരസഭ ഭരണം തിരിച്ചു പിടിക്കാന്‍ കഴിയുമായിരുന്ന സുവര്‍ണാവസരം പാഴാക്കിയതില്‍ പ്രവര്‍ത്തകര്‍ക്ക് ഇടയിലും അമര്‍ഷം പുകയുന്നുണ്ട്.
കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ കൈയാങ്കളി വരെയാകുന്ന നിലയിലെത്തി കാര്യങ്ങള്‍. നഗരസഭയിലേക്ക് നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ഇടതു വോട്ടുകള്‍ യുഡിഎഫ് പാളയത്തില്‍ എത്തിക്കാനുള്ള ശ്രമം ഡിസിസി നടത്തിയിരുന്നു. നേരത്തെ സിപിഎം നടത്തിയ നീക്കത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കാനായിരുന്നു ശ്രമം. എന്നാല്‍ മുന്നണി യോഗത്തില്‍ ഇത് വിശദീകരിച്ചിട്ടും ലീഗ് വഴങ്ങിയില്ലെന്നാണ് കോണ്‍ഗ്രസ് ആരോപണം.
കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയില്‍ വരെ എത്തിയ നഗരസഭ തെരഞ്ഞെടുപ്പ് യുഡിഎഫ് രാഷ്ട്രീയത്തിലെ തന്നെ അപൂര്‍വ സംഭവങ്ങളില്‍ ഒന്നായി. വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയെന്ന് മുസ്ലിം ലീഗ് ജില്ല നേതൃത്വം പറഞ്ഞു. കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും വിഷയം ധരിപ്പിച്ചു എന്ന് ഡിസിസി പ്രസിഡന്‍റും അറിയിച്ചു. എന്നാല്‍ രണ്ടു പാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വം പ്രശ്‌നത്തില്‍ അനുരഞ്ജനത്തിന് ശ്രമിക്കുകയാണ്.