വാക്കുതർക്കം കലാശിച്ചത് സംഘര്‍ഷത്തില്‍ (Source: Etv Bharat Reporter) കൊല്ലം: അഞ്ചല്‍, ഇടമുളയ്ക്കല്‍, തുമ്പിക്കുന്ന് ഭാഗത്ത് കഴിഞ്ഞ ഞായറാഴ്‌ച നടന്ന മര്‍ദന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. പാതയില്‍ നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി വെള്ളവുമായി എത്തിയ പിക്കപ്പ് മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധം കിടന്നത് ഇതുവഴിയെത്തിയ ഇരുചക്രവാഹന യാത്രികര്‍ ചോദ്യം ചെയ്‌തതോടെയാണ് സംഘര്‍ഷം ഉണ്ടായത്.
കൈപ്പള്ളിമുക്ക് സ്വാദേശികളായ ഷാനവാസും റിയാസും പിക്കപ്പിന്‍റെ ഡ്രൈവറായ ആഷിക് ഹുസൈനുമായി വാക്കുതർക്കത്തിലേർപ്പെടുകയും ഇത് പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമാണ് ചെയ്‌തത്. മർദ്ദനത്തിൽ പരിക്കേറ്റ രണ്ടു യുവാക്കളെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രേവേശിപ്പിച്ചു. ആഷിക് ഹുസൈനും സഹായിയായ പനച്ചവിള സ്വദേശി അനിയും ചേർന്ന് പട്ടിക കൊണ്ട് യുവാക്കളുടെ തലക്കടിക്കുകയായിരുന്നു.
പ്രതിരോധിക്കാനായി ഷാനവാസ് തടിക്കഷണം ഉപയോഗിച്ച് തിരിച്ചടിച്ചു. പിന്നീട് നാട്ടുകാരാണ് പൊലീസിന്‍റെ സഹായത്തോടെ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ റിയാസും, തോളെല്ലിന് പൊട്ടലേറ്റ ഷാനവാസും ഇപ്പോൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവരെ മർദിച്ച ആഷിക്ക് ഹുസൈൻ, അനി എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം സംഭവത്തില്‍ ഇരുകൂട്ടരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടില്ല. എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്തോടെ ഇരുകൂട്ടര്‍ക്കുമെതിരെ സ്വമേധയ കേസെടുക്കാനുള്ള നീക്കത്തിലാണ് അഞ്ചല്‍ പൊലീസ്.
Also Read:കഴക്കൂട്ടത്ത് ഉത്സവത്തിനിടെ സംഘര്‍ഷം: കമ്പിവടികൊണ്ട് അടിയേറ്റ പൊലീസ് ഓഫിസര്‍ക്ക് പരിക്ക്, അന്വേഷണം