കേരളം

kerala

വീട് അറ്റകുറ്റപ്പണി നടത്തിയപ്പോൾ അറിഞ്ഞില്ല, അതൊരു 'സെസ് കെണി'യാണെന്ന്...ഇനി നിയമവഴിയെന്ന് തോമസ്

By ETV Bharat Kerala Team

Published : Jan 20, 2024, 3:00 PM IST

Updated : Jan 20, 2024, 7:47 PM IST

Complaint against the Labour Department കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ മലയോര പഞ്ചായത്തായ കേളകത്തെ കര്‍ഷകനായ തോമസിനാണ് വീടിന്‍റെ അറ്റകുറ്റപണിക്ക് സെസ് പിരിക്കുന്ന നോട്ടീസ് വന്നത്. ഇത്രയും തുക സെസ് ചുമത്തിയ തൊഴില്‍ വകുപ്പിനെതിരെ തോമസ് ഏതറ്റം വരെയും പോകുമെന്നുറപ്പിച്ചപ്പോൾ ഒപ്പം നാട്ടുകാരും ചേർന്നു.

complaint-against-labour-dept
complaint-against-labour-dept

വീടിന്‍റെ അറ്റകുറ്റപണിക്ക് സെസ് പിരിക്കുന്ന നോട്ടീസ്

കണ്ണൂര്‍:അരനൂറ്റാണ്ട് മുമ്പ് അച്ഛന്‍ പണിത വീട്. കുടുംബസ്വത്ത് വീതം വെച്ചപ്പോള്‍ വീടും പുരയിടവും മകന്‍ പുതനപ്ര തോമസിന് ലഭിച്ചു. കാലപ്പഴക്കത്താല്‍ കഴുക്കോലും പട്ടികയും ചിതലരിച്ച് നാമാവശേഷമായപ്പോള്‍ 20,000 രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തി. അതാ വരുന്നു തൊഴില്‍ വകുപ്പിന്‍റെ നോട്ടീസ്. 41,264 രൂപ സെസ് അടക്കണമെന്ന് അറിയിപ്പ്.

കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ മലയോര പഞ്ചായത്തായ കേളകത്തെ കര്‍ഷകനായ തോമസിനാണ് അറ്റകുറ്റപണിക്ക് സെസ് പിരിക്കുന്ന നോട്ടീസ് വന്നത്. ഇത്രയും തുക സെസ് ചുമത്തിയ തൊഴില്‍ വകുപ്പിനെതിരെ തോമസ് ഏതറ്റം വരെയും പോകുമെന്നുറപ്പിച്ചപ്പോൾ ഒപ്പം നാട്ടുകാരും ചേർന്നു. കാരണം നാട്ടില്‍ നിരവധിയാളുകൾക്കാണ് സെസ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് കിട്ടിയത്. സര്‍വ്വ രേഖകളും സഹിതം ലേബര്‍ ഓഫീസര്‍ക്ക് തോമസ് കത്ത് നല്‍കിയിട്ടുണ്ട്. എന്തായാലും നിയമത്തിന്‍റെ വഴിയില്‍ തന്നെയാണെന്ന് ഉറപ്പിച്ചു പറയുകയാണ് തോമസ്.

സെസിന് പിന്നിലെ കാര്യം: പത്ത് വര്‍ഷം മുമ്പ് വീടിന്‍റെ ചില ഭാഗങ്ങളില്‍ അസ്ബറ്റോസ് ഷീറ്റ് ഇട്ടിരുന്നു. ഇതിന് 2016 ല്‍ റവന്യൂ വകുപ്പ് 6,000 രൂപ ഈടാക്കി. അന്ന് തറ വിസ്തീര്‍ണ്ണം 226.72 ചതുരശ്രമീറ്ററാണെന്ന് കണക്കാക്കുകയും ചെയ്തു. 20,000 രൂപ ചിലവഴിച്ച് പഴകിയ ഷീറ്റ് വാങ്ങിയായിരുന്നു തോമസ് അറ്റകുറ്റപ്പണി ചെയ്തത്. എന്നാല്‍ 41,26,410 രൂപയുടെ ജോലികള്‍ ചെയ്‌തെന്നാണ് തൊഴില്‍ വകുപ്പിന്‍റെ നോട്ടീസില്‍ പറയുന്നത്. പണം (സെസ്) കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അടക്കണമെന്നാണ് നോട്ടീസ്.

Last Updated : Jan 20, 2024, 7:47 PM IST

ABOUT THE AUTHOR

...view details