എസ്‌ഐ ക്രൂരമായി മർദിച്ചു (Source: Etv Bharat Reporter) ഇടുക്കി : സസ്പെൻഷനിലായി കട്ടപ്പന എസ്‌ഐ സുനേഖ് തന്നെ ക്രൂരമായി മർദിച്ചുവെന്ന് പരാതിക്കാരനായ 18 കാരൻ. പൊലീസുകാരനെ ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കട്ടപ്പന പുളിയന്മല സ്വദേശിയായ ആസിഫിനെ എസ്‌ഐ അറസ്റ്റ് ചെയ്‌തത്. എന്നാൽ ഈ കേസ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എസ്‌ഐയെയും സിപിഒയേയും സസ്പെൻഡ് ചെയ്യുകയായിരുന്നു.
തെരഞ്ഞെടുപ്പിൻ്റെ തലേദിവസമാണ് പുളിയന്മല സ്വദേശിയായ ആസിഫിനെയും പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും കട്ടപ്പന എസ്‌ഐ സുനേഖ് അറസ്റ്റ് ചെയ്‌തത്. വാഹന പരിശോധനക്കിടെ ഇരട്ടയാറിൽ വച്ച് നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കുകളിൽ അമിത വേഗത്തിൽ എത്തിയ യുവാക്കൾ പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു വീഴ്ത്തിയെന്നായിരുന്നു കേസ്.
എന്നാൽ ആസിഫിനെ വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ എസ്‌ഐ കള്ളക്കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുകയാണുണ്ടായതെന്ന് ആരോപിച്ച് മാതാവ് ഷാമില ബീവി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. തുടർന്നാണ് എസ്‌ഐ സുനേഖിനെയും സിപിഒ മനുവിനെയും സസ്പെൻഡ് ചെയ്‌തത്.
കസ്റ്റഡിയിൽ എടുത്ത ശേഷം തന്നെ ക്രൂരമായി മർദിച്ചതായും ആസിഫ് പറഞ്ഞു. രണ്ട് മാസം മുമ്പും ആസിഫിൻ്റെ ബൈക്കുമായി സുഹൃത്തിനെ എസ്‌ഐ അറസ്റ്റ് ചെയ്‌തിരുന്നു. അന്നത്തെ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. എസ്‌ഐ സുനേഖിനെതിരെ കൂടുതൽ പരാതികൾ ഉള്ളതായാണ് ലഭിക്കുന്ന വിവരം.
ALSO READ:കക്കൂസ് മാലിന്യം തള്ളുന്നത് ക്രിമിനലുകൾ? വധ ശ്രമത്തിന്‍റെ വീഡിയോ തെളിവ് പുറത്ത്