കോഴിക്കോട്: ചിൽഡ്രൻസ് ഹോമിലെ ആൺകുട്ടിയെ ഉപയോഗിച്ച് വ്യാജ പീഡന പരാതി നൽകി സഹപ്രവർത്തകനെ ജയിലിൽ ആക്കിയ സംഭവത്തിൽ വനിത ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. മുൻപ് കോഴിക്കോട് ചിൽഡ്രൻസ് ഹോം കോർഡിനേറ്ററും പിന്നീട് വനിത ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥനുമായ കോഴിക്കോട് സ്വദേശിക്കെതിരെയാണ് ശിശു വികസന വകുപ്പിന്‍റെ ഇടപെടലിൽ കസബ പൊലീസ് കേസെടുത്തത്.
ഇയാളെ അറസ്റ്റ് ചെയ്‌തതായി സൂചന ഉണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വ്യാജ പീഡന പരാതിയിൽ 10 മാസം മുമ്പാണ് സഹപ്രവർത്തകനെ പോക്സോ കേസിൽ ജയിൽ അടപ്പിച്ചത്. ഈ ഉദ്യോഗസ്ഥൻ നേരത്തെ കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ ജോലി ചെയ്യുമ്പോഴാണ് ഇവിടുത്തെ കുട്ടിയെ ഉപയോഗിച്ച് വ്യാജ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്നത്തെ കസബ ഇൻസ്പെക്‌ടർ ഇയാളെ അറസ്റ്റ് ചെയ്‌തിരുന്നു.