ഇടവേളകളിൽ പച്ചക്കറി ഉത്പ്പാദനം കണ്ണൂര്‍:ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും ഒരു വ്യക്തി ഒരു ദിവസം 300 ഗ്രാം പച്ചക്കറിയെങ്കിലും കഴിച്ചിരിക്കണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ നിര്‍ദേശം. മലയാളികളുടെ പച്ചക്കറി ഉപയോഗം വളരെ കുറവാണ്. ശരാശരി 50 മുതല്‍ 100 ഗ്രാം വരെയാണ് കേരളീയര്‍ പച്ചക്കറി ഉപയോഗിക്കുന്നത്. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ആരോഗ്യത്തിനും ആയുസിനും ഹാനികരമായ വിഷവസ്‌തുക്കള്‍ അടങ്ങിയതിനാല്‍ ഭൂരിഭാഗം പേരും ആശങ്കയോടെയാണ് പച്ചക്കറി വാങ്ങുന്നതും ഉപയോഗിക്കുന്നതും.
ജൈവ വളത്തിന് മുന്‍തൂക്കം നല്‍കിയും മിതമായി മാത്രം രാസവളം ഉപയോഗിച്ചും പച്ചക്കറികള്‍ ഉത്പ്പാദിപ്പിച്ച് മാതൃക കാട്ടുകയാണ് പാലയാട്ടെ സംസ്ഥാന തെങ്ങിന്‍ തൈ ഉത്പ്പാദന കേന്ദ്രം. മികച്ച തെങ്ങിന്‍ തൈ ഉത്പ്പാദിപ്പിച്ച് പ്രശസ്‌തി ആര്‍ജ്ജിച്ച ഈ കേന്ദ്രത്തില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്‌ത ശേഷമുള്ള ഇടവേളകളിലാണ് മുഖ്യമായും പച്ചക്കറി കൃഷി ചെയ്യുന്നത്. തെങ്ങിന്‍ തൈ പരിപാലിക്കുന്ന തൊഴിലാളികള്‍ തന്നെയാണ് പച്ചക്കറി ഉത്പ്പാദനത്തിന് മുന്നിട്ടിറങ്ങുന്നത്.
എഴുപത്തയ്യാരത്തോളം ഡബ്ലിയു സി ടി, ടി X ഡി. ഇനങ്ങളില്‍പെട്ട തെങ്ങിന്‍ തൈകള്‍ കണ്ണൂര്‍ ജില്ലകളിലും സമീപജില്ലകളിലും വിതരണം നടത്തിയ ശേഷമാണ് പച്ചക്കറി കൃഷിക്കായി കളമൊരുക്കുന്നത്. ചീര, പയര്‍, വെണ്ട, പൊട്ടിക്ക, മത്തന്‍, കയ്‌പ, പടവലം എന്നിവയാണ് മുഖ്യമായും കൃഷി ചെയ്യുന്നത്. ആഴ്‌ചയില്‍ മൂന്ന് ദിവസം ഇവിടെ നിന്നും ശുദ്ധമായ പച്ചക്കറി ജനങ്ങള്‍ക്കായി വില്‍പ്പന നടത്തുന്നുണ്ട്. ദിവസം ശരാശരി 5000 രൂപയുടെ പച്ചക്കറി വില്‍പ്പന നടത്തുകയും ജില്ലാ പഞ്ചായത്തിലേക്ക് തുക കൈമാറുകയും ചെയ്യുന്നു. ഹൈബ്രിഡ് വിത്തില്‍ നിന്നുമാണ് പച്ചക്കറി തൈകള്‍ വളര്‍ത്തിയെടുക്കുന്നത്. സമീപ ദേശങ്ങളില്‍ ഇവിടെ നിന്നും തൈകള്‍ കൊണ്ടു പോയി പച്ചക്കറി കൃഷി ചെയ്യാനുള്ള കാര്‍ഷിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കാനും തെങ്ങിന്‍ തൈ ഉത്പ്പാദന കേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്.
കാര്‍ക്കൂന്തല്‍, വെള്ളായണി ജ്യോതി എന്നീ പയറിനങ്ങളും സല്‍കീര്‍ത്തി വെണ്ടയും ബ്ലാത്താങ്കര ചീരയും ബേബി പടവലവുമെല്ലാം തൈകളാക്കി കര്‍ഷകര്‍ക്ക് കൊണ്ടു പോകാം.