തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം കലക്കിയ സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഉള്‍പ്പെടെ മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ തേൃത്വത്തില്‍ വിശദമായ അന്വഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൂരം കലക്കുന്നതുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൂരം അലങ്കോലമാക്കുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പൂരവുമായി ബന്ധപ്പെട്ട് വിവിധ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ചുമതലകള്‍ നിറവേറ്റുന്നതില്‍ വീഴ്ചയുണ്ടായത് സംബന്ധിച്ച് അന്വേഷിക്കാന്‍ ഇന്‍റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതപ്പെടുത്തി. പൂര ദിവസം സ്ഥലത്തുണ്ടായിരുന്ന ക്രമസമാധാന ചുമതലുള്ള എഡിജിപി എംആര്‍ അജിത്കുമാറിന് വീഴ്ച ഉണ്ടായതായി പൊലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വീഴ്ച സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബിനെ ചുമതപ്പെടുത്തി. 30 ദിവസത്തിനുള്ളില്‍ ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
"സര്‍ക്കാരിന്‍റെ ലക്ഷ്യം കുറ്റമറ്റ രീതിയില്‍ പുരം നടത്തുക എന്നതാണ്"
2020ല്‍ കൊവിഡ് മൂലവും 1930ല്‍ കനത്ത മഴ കാരണവും 1939ല്‍ രണ്ടാം ലോക മഹായുദ്ധം കാരണവും 1948ല്‍ ഗാന്ധി വധത്തെ തുടര്‍ന്നും പൂരം ചടങ്ങ് മാത്രമാക്കി ചുരുക്കിയിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ അത്തരം സാഹചര്യങ്ങളൊന്നുമില്ലാതിരുന്നിട്ടും ചില പ്രത്യേക രീതിയിലുള്ള ഇടപെടലുകള്‍ പൂരാഘോഷം അലങ്കോലപ്പെടുത്തുന്ന നിലയിലേക്ക് പോയി. അത് ആവര്‍ത്തിക്കാന്‍ പാടില്ല. പൂരം കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനാണ് സര്‍ക്കാര്‍ എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത്. ഇത്തവണ പൂരം കലക്കാന്‍ മനപൂര്‍വ്വമായ ശ്രമം ഉണ്ടായതായി സെപ്തംബര്‍ 23ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എംആര്‍ അജിത്കുമാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിന്‍റെ സാമൂഹിക അന്തരീക്ഷം തകര്‍ക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
കുറെ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും അതൊരു സമഗ്ര റിപ്പോര്‍ട്ടായി കരുതാനാകില്ല. പൂരത്തിന്‍റെ ഭാഗമായി എക്‌സ്‌പ്ലോസീവ് ആക്ട് ഉള്‍പ്പെടെ ധാരാളം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുുണ്ട്. ഇതിന്‍റെ മറവില്‍ നടത്താന്‍ സാധിക്കാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ട് ചിലര്‍ മനപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചിട്ടുള്ളതായി എഡിജിപി നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ഇതിനെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. ഭാവിയില്‍ കുറ്റമറ്റ രീതിയില്‍ സര്‍ക്കാര്‍ പൂരം നടത്തും. കേരളത്തിന്‍റെ സാമൂഹിക അന്തരീക്ഷം തകര്‍ക്കാനുള്ള ഒരു കുത്സിത ശ്രമവും അനുവദിക്കാനാകില്ല. തൃശൂര്‍ പൂരത്തെ വെറും ഒരു ഉത്സവമായി ചുരുക്കാനാകില്ല.. കേരളത്തെ ആകെ ബാധിക്കുന്ന ഗൗരവമായ വിഷയമായാണ് പൂരം അലങ്കോലമാക്കിയതിനെ സര്‍ക്കാര്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.